വ്യാഴാഴ്‌ച, ഡിസംബർ 22, 2011

പഠനം രസകരം

പുതു വര്‍ഷത്തെ വരവേല്‍ക്കാം ........


കൂട്ടുകാരേ ,പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ....


                                  2011 അവസാനിക്കുകയാണ് ... തൂവലിനെ സംബന്ധിച്ച് ഒരു സുപ്രധാന ഘട്ടം കൂടി കടക്കുന്നു .തൂവലിന്റെ അന്‍പതാമത് ലക്കമാണ് ഇത് .ആ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു . പുതുവര്‍ഷത്തെയ്ക്ക് കടക്കുന്ന നിങ്ങളോട് പഠനത്തെ കുറിച്ചും മറ്റുമുള്ള ചില കാര്യങ്ങള്‍ ആശംസകളോടൊപ്പം പങ്കു വയ്ക്കുന്നു . ഇത് അവരെ അറിയിക്കണം . വായനാ സാമഗ്രിയായി നല്‍കിയാലും മതി ....ബാലസഭകളില്‍ ചര്‍ച്ചയും സംഘടിപ്പിക്കണം
പുതുവത്സര ആശംസകളോടെ


ആര്‍ സുരേഷ് ബാബു
ബി പി ഓ , ബി ആര്‍ സി ബാലരാമപുരം

പഠനത്തിനു ലക്‌ഷ്യം വേണം .......


                          എന്തിനും ഏതിനും ലക്‌ഷ്യം വേണം .ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ ഉയര്‍ച്ചയില്‍ എത്തിക്കും . സ്വസ്ഥവും ശാന്തവുമായ മനസ്സോടെ ഏകാഗ്രതയോടെ പഠനത്തില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് കഴിയണം .ക്ലാസ്സ്‌ മുറിയില്‍ കൂട്ടുകാരോടൊപ്പം പുതിയ പഠന തന്ത്രങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ട് പഠനത്തിന്റെ രീതി ശാസ്ത്രം സ്വായത്തമാക്കണം . അതിനു അധ്യാപകരുടെ സഹായം തേടണം .


പഠനത്തിനു ടൈം ടേബിള്‍ വേണം ....


                          നന്നായി ഉറങ്ങുന്നത് പഠനത്തെ സഹായിക്കും . ഉറങ്ങുമ്പോള്‍ ഉറങ്ങണം പഠിക്കുമ്പോള്‍ പഠിക്കണം . 8  മണിക്കൂര്‍ ഉറങ്ങാനായി ഇപ്പോല്‍ എടുക്കാം . കളി ഒരു മണിക്കൂര്‍ . ടി വി കാണാന്‍ അര മണിക്കൂറെ ചിലവാക്കാന്‍ പാടുള്ളൂ . അതില്‍ കൂടുതല്‍ ടി വി കാണുന്നത് പഠനത്തെ ബാധിക്കും . കൂടുതല്‍ സമയം കാര്‍ടൂണ്‍ പോലുള്ള പരിപാടികള്‍ കാണുന്നത് കണ്ണിന്റെ കാഴ്ച്ചയെ ബാധിക്കും . മുതിര്‍ന്നവരോടൊപ്പം ഇരുന്നു ടി വി കാണുന്നതാണ് അഭികാമ്യം . പഠനത്തിനു ഏറ്റവും നല്ല സമയം രാവിലെയാണ് .


സ്കൂളില്‍ നിന്നും എത്തിയാല്‍ .......


  • സ്കൂളില്‍ നിന്നും എത്തിയാലുടന്‍ ഉടുപ്പൂരി എറിഞ്ഞ് കളിയ്ക്കാനായി ഓടരുത് ...
  • ആദ്യം വസ്ത്രം മാറണം ,പിന്നെ ഭക്ഷണം കഴിക്കണം
  • സ്കൂളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരു പ്രാവശ്യം വായിച്ചു നോക്കണം .അതിനു ശേഷം ചെയ്യേണ്ട ജോലികള്‍ ക്രമമായി പ്രാധാന്യമനുസരിച്ച് കുറിച്ച് വയ്ക്കണം
  • അല്‍പനേരം കളിച്ചശേഷം തിരിച്ചുവന്നു മേല്‍ കഴുകി പ്രാര്‍ത്ധിച്ച ശേഷം പഠിക്കാനിരിക്കണം .
  • നേരത്തെ ഭക്ഷണം കഴിക്കണം . വയര്‍ നിറയെ കഴിക്കരുത് . ഭക്ഷണം ആവശ്യത്തിനു മാത്രം

കാണാതെ പഠിക്കരുത് ....


                           പഠിക്കുമ്പോള്‍ ആശയങ്ങളാണ് പഠിക്കേണ്ടത് , വാക്കുകളല്ല . മനസ്സിലാക്കി പഠിക്കണം . കുത്തിയിരുന്നു പഠിക്കുന്നത് ഒഴിവാക്കണം .നോട്ടു തയ്യാറാക്കല്‍ ഒരു പഠന തന്ത്രമായി സ്വീകരിക്കാം .ഒരു കൂട്ടുകാരന്‍ പറഞ്ഞതിങ്ങനെ ..." എനിക്ക് നന്നായി പഠിക്കണമെങ്കില്‍ എന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയത് തന്നെ വായിക്കാന്‍ കഴിയണം " പഠിക്കുന്ന സമയത്ത് പഴയ നോട്ടു പുസ്തകങ്ങളോ one side pepperukalo അടുത്ത് കരുതുന്നത് നല്ലതാണ് . ഇവയില്‍ ആവശ്യമായ കുറിപ്പെടുത്തലുകള്‍ വരുത്തണം . ഈ നോട്ടുകള്‍ സൂക്ഷിച്ചു വച്ചാല്‍ ആവശ്യമുള്ളപ്പോള്‍ ഒന്ന് നോക്കിയാല്‍ മതിയാകും


വായന പഠനത്തിനു പ്രധാനം .....


മൗന വായനയാണ് പഠനത്തിനു നല്ലത് . എങ്കിലും ചില ഘട്ടങ്ങളില്‍ ഉച്ചത്തിലുള്ള വായന വേണം .ഉച്ചാരണ ശുദ്ധി സ്വയം ബോധ്യപ്പെടുന്നതിനും ആത്മ വിശ്വാസം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും . വായന ഇടയ്ക്ക് നിര്‍ത്തി മനസ്സില്‍ വായിച്ച കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ ശ്രദ്ധിക്കണം . അവയെക്കുറിച്ചുള്ള ചിന്ത മനസ്സിലിട്ടു നടക്കണം . സംശയങ്ങള്‍ മുതിര്‍ന്നവരോട് ചോദിക്കണം .


ഓര്‍മ്മിക്കാന്‍ നിരവധി വഴികള്‍ .....


  • ബന്ധിപ്പിച്ചു പഠിക്കല്‍ ശീലമാക്കുക
  • കഥകള്‍ , പാട്ടുകള്‍ ചിത്രങ്ങള്‍ , സംഭവങ്ങള്‍ , എന്നിവയുമായി ബന്ധപ്പെടുത്തി ഓര്‍ത്തു വയ്ക്കുക
  • ഓരോ ദിവസവുമുള്ളത് അന്നന്ന് തന്നെ പഠിക്കണം ....ഒരു കാര്യവും നാളത്തെയ്ക്ക് മാറ്റി വയ്ക്കരുത് . ഇത് അലസതയുടെ ലക്ഷണമാണ് .
  • പ്രയാസമുള്ള വിഷയത്തിനു പ്രാധാന്യം നല്‍കണം

പഠന സ്ഥലം വൃത്തിയായി സൂക്ഷിക്കുക ....


  • അടുക്കും ചിട്ടയുമുള്ള പഠനസ്ഥലം ക്രമീകരിക്കണം
  • പഠന സാമഗ്രികള്‍ അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം
  • പഠനം കഴിഞ്ഞശേഷം സാമഗ്രികള്‍ അടുക്കി വച്ച് പഠന സ്ഥലം വെടിപ്പുള്ളതാക്കണം

പഠിച്ച കാര്യങ്ങള്‍ അച്ഛനമ്മമാരെ കേള്‍പ്പിക്കുക ......


  • പഠനത്തില്‍ അച്ഛനെയും അമ്മയെയും പങ്ക്കാളിയാക്കണം
  • പഠിച്ച കവിതകള്‍ , സ്വന്തം സൃഷ്ടികള്‍ എന്നിവ അവരെ കാണിക്കണം ,സൂക്ഷിക്കണം
  • വീട്ടിലും സ്വന്തമായി ഒരു പോര്‍ട്ട്‌ ഫോളിയോ തയാറാക്കണം . അതില്‍ നിങ്ങളുടെ ആക്കാദമിക മികവുകളുടെ രേഖകള്‍ ,സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തണം
  • വീട്ടില്‍ ഒരു ലൈബ്രറി ക്രമീകരിക്കണം . അതില്‍ പഴയ പാഠ പുസ്തകങ്ങള്‍ , ശേഖര പുസ്തകങ്ങള്‍ , പത്ര ശേഖരങ്ങള്‍ ,മറ്റു പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം .
  • സമ്മാനങ്ങളായി പുസ്തകങ്ങള്‍ മതിയെന്ന് മാതാപിതാക്കളോട് പറയണം .
  • സ്ഥിരമായി പത്രം വായിക്കണം . പത്രത്തിലെ വാര്‍ത്തകളുടെ വിശകലന കുറിപ്പുകള്‍ പത്ര കട്ടിങ്ങുകലോടൊപ്പം എഴുതി സൂക്ഷിക്കണം

സ്കൂളിലെ വിശേഷങ്ങള്‍ അമ്മയോട്........


  • ദിവസവും സ്കൂളിലെയും കൂട്ടുകാരുടെയും എല്ലാ വിശേഷങ്ങളും അമ്മയോടോ അച്ഛനോടോ പറയണം
  • യാത്രകള്‍ പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ , സംഭവങ്ങള്‍ എന്നിവയെ കുറിച്ച് അവരോട് നിരന്തരം സംസാരിക്കാന്‍ ശ്രദ്ധിക്കണം
  • പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ കുറിച്ച് വച്ച് ടീച്ചര്‍മാരോട്ചോദിക്കാം


സ്വയം വിശകലനം ശീലമാക്കണം......


  • സ്വന്തം പ്രശ്നങ്ങള്‍ എന്താണെന്ന് സ്വയം കണ്ടെത്താന്‍ ശ്രമം നടത്തണം
  • പ്രശ്നങ്ങള്‍ കുറിച്ച് വയ്ക്കണം
  • മന :പ്പുര്‍വ്വം സ്വഭാവത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക
  • അതിനു കഴിയുന്നില്ലെങ്കില്‍ അധ്യാപകരോടും രക്ഷിതാക്കളോടും ഇക്കാര്യങ്ങള്‍ തുറന്നു പറയുക , പരിഹാരം കാണാന്‍ ശ്രമിക്കുക

നന്നായി വളരുന്നതിന് നല്ല ആഹാര ശീലങ്ങള്‍ ...
  • ആവശ്യത്തിനു നല്ല ആഹാരം കഴിക്കണം .ഒരിക്കല്‍ കഴിച്ച്‌ 3 മണിക്കൂര്‍ കഴിഞ്ഞേ അടുത്ത് ആഹാരം കഴിക്കാവൂ . പരമാവധി സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക
  • വ്യായാമം ശീലമാക്കുക . അപകടകരമല്ലാത്ത കളികളില്‍ ഏര്‍പ്പെടുക . പരമാവധി നടക്കുക 
  • ശുചിത്വ ആഹാര ശീലങ്ങള്‍ പാലിക്കുക 
  • പെപ്സി , കോള ,ഫാസ്റ്റ് ഫുഡ് , ടിന്‍ ഫുഡുകള്‍ എന്നിവ പരമാവധി ഒഴിവാക്കുക 
  • നല്ല കൂട്ടുകാരെ കണ്ടെത്തുക ....
  • അംഗീകാരം , പ്രോത്സാഹനം , പഠനസഹായം എന്നിവയ്ക്ക് കൂട്ടായി മാറുന്ന നല്ല കൂട്ടുകാരെ സ്വയം കണ്ടെത്താന്‍ ശ്രമിക്കണം 

ജീവിതത്തിലെ ജയപരാജയങ്ങളെ സമചിത്തതയോടെ നേരിടുക.....


  • ഏപ്പോഴും ഒന്നാമനാകാന്‍ ആര്‍ക്കും കഴിയില്ല ഈ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയണം 
  • പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം 
  • ആസ്വദിച്ചു പഠിക്കണം 
  • സ്വന്തം കഴിവ് പരമാവധി ഉപയോഗിക്കണം 
  • പരാജയ ഘട്ടങ്ങളില്‍ കുറ്റബോധവും നിരാശയും ഒഴിവാക്കുക 
  • തെറ്റുണ്ടായാല്‍ അത് മനസ്സിലാക്കി മാപ്പ് പറയാനും ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം 
  • അച്ഛനമ്മമാരെ ആദരിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുക 
  • മറ്റുള്ളവരുടെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ ശീലിക്കുക 

അപകടങ്ങളില്‍ പെടാതിരിക്കാന്‍ ......


  • ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അച്ഛനോടോ അമ്മയോടോ തുറന്നു പറയണം 
  • മറ്റു ചിത്രങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ തേടി പോകരുത് 
  • മറ്റു വീടുകളില്‍ പോയിരുന്ന് സി ഡി യും ടി വി യും കാണുന്നത് ഒഴിവാക്കുക 
  • നമ്മെ ചൂഷണം ചെയ്യുന്നു എന്ന് ബോധ്യം വന്നാല്‍ അത്തരം ആളുകളെ അകറ്റി നിര്‍ത്തണം 
  • വീണ്ടും ഉപദ്രവം ഉണ്ടാകുമെന്ന് തോന്നിയാല്‍ മുതിര്‍ന്നവരെ അറിയിക്കണം 
  • സ്വന്തം ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ,പ്രശ്നങ്ങള്‍ അമ്മയെ/ അച്ഛനെ അറിയിക്കുക 
  • ഇന്റര്‍നെറ്റ്‌ ,കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ഇവയുടെ ഉപയോഗം മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രം 
  • പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക 

"ഞാന്‍ ഒരിക്കലും ഇത്തരം പ്രലോഭനങ്ങളില്‍ പെടില്ല . ഞാന്‍ ഏപ്പോഴും നല്ല കൂട്ടുകാരനായിരിക്കും . നന്മ നിറഞ്ഞ ചിന്തകള്‍ മാത്രമേ എന്നിലുണ്ടാകൂ ... പഠനത്തിലൂടെ ഉന്നത വിജയം , ഇതു മാത്രമാണ് എന്റെ ലകഷ്യം "

     ഈ ചിന്തകള്‍ നിങ്ങളെ നയിക്കട്ടെ .....
     ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു ....
നിങ്ങളുടെ നല്ല സ്കൂള്‍ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് ഈ മെയില്‍ ചെയ്യൂ ..... വിലാസം brcblpm@gmail.com 

1 അഭിപ്രായം: