ബുധനാഴ്‌ച, മാർച്ച് 14, 2012

അധ്യാപക പരിശീലകന്റെ ഡയറിയില്‍ നിന്ന്

വാര്ഷികാഘോഷത്തിന്റെ നിറക്കാഴ്ചയിലേയ്ക്ക് .......


           വാര്‍ഷികാഘോഷങ്ങളുടെ കാലഘട്ടമാണിത് ...... വെങ്ങാനൂര്‍ ഭഗവതിനട യു പി സ്കൂളിന്റെ വാര്ഷികാഘോഷത്തിനു മുരളി സാര്‍ ക്ഷണിച്ചിരുന്നു . വൈകുന്നേരമാണ് പൊതുയോഗം ഉച്ചയ്ക്ക് മുമ്പ് ബി ആര്‍ സി യിലെ ചില ചുമതലകള്‍ അവസാനിച്ചിരുന്നു . ഭക്ഷണം കഴിച്ചു ബാഗുമെടുത്ത് സ്കൂളിലേയ്ക്ക് തിരിച്ചു . 
             സ്കൂളിനു സമീപം എത്തിയപ്പോള്‍ തന്നെ കൂട്ടുകാരുടെ കലാപരിപാടിയുടെ ശബ്ദം എന്നെ വരവേറ്റു . അധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ...... ഒരു ഉത്സവ പറമ്പിന്റെ പ്രതീതി തന്നെ . അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉച്ചയ്ക്ക് മുമ്പുള്ള പരിപാടികള്‍ അവസാനിച്ചു . ഉച്ചഭക്ഷണ സമയമായി . പരസ്പരം  കലഹിച്ചും കിന്നാരം പറഞ്ഞും കൂട്ടുകാര്‍ വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നു . ഭക്ഷണം വിളമ്പുന്നതില്‍ ശ്രദ്ധിച്ചു കൊണ്ട് അധ്യാപകരും ....




ചിലകൂട്ടുകാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു 




   അമ്മമാര്‍ കൂട്ടുകാരെ ഒരുക്കുന്ന തിരക്കിലാണ് . കണ്മഷിയും വളയും മാലയും പൂക്കളും കൊണ്ട് അവര്‍ കൂട്ടുകാരെ അണിയിച് ഒരുക്കുന്നു .




അല്പം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു കൂട്ടുകാര്‍ വന്നു എന്നോട് പരിചയം പുതുക്കി ..." സ്കോളര്‍ഷിപ്പിനു ക്ലാസെടുത്ത സാറല്ലേ ...എന്നെ ഓര്‍മ്മയുണ്ടോ ? " അവരോട് ക്ലാസ്സിലെ വിശേഷങ്ങള്‍ ഞാനും തിരക്കി . കൂട്ടത്തില്‍ പി റ്റി എ പ്രസിടന്റിനെയും മെമ്പര്‍മാരെയും പരിചയപ്പെട്ടു . വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യവും നന്മയും തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരായ രക്ഷിതാക്കള്‍ ......പി ടി എ പ്രസിഡണ്ട്‌ ശ്രീ കെ വി സുനില്‍കുമാര്‍ ഐ ടി ഐ യില്‍ ജോലി ചെയ്യുന്നു . തന്റെ ജോലിയോടൊപ്പം സമയം കിട്ടുമ്പോഴെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു . ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ ശ്രീ ഹരികൃഷ്ണനും മറ്റൊരു രക്ഷിതാവാണ്‌ . ഈ ജനായത്ത വിദ്യാലയത്തിന്റെ വാര്‍ഷിക ആഘോഷ കൂട്ടായ്മയില്‍ മറ്റു തിരക്കുകള്‍  മാറ്റി വച്ച് അവര്‍ ഒരുമിച്ചു ചേരുന്നു . ....
വീണ്ടും അരങ്ങ് സജീവമായി ......




കൂട്ടുകാരുടെ കളരി പ്രകടനങ്ങളാണ് നടക്കുന്നത് .അഖിലയുടെയും കൂട്ടുകാരുടെയും കളരി പ്രകടനങ്ങള്‍ ശ്വാസമടക്കി നോക്കി നിന്നു .....മനസ്സിന്റെ വേഗതയ്ക്കനുസരിച്ച് ക്യാമറയ്ക്ക് വേഗതയില്ല ...... മിഴിവുള്ള ചിത്രങ്ങള്‍ കിട്ടിയില്ല 





അണിയറയില്‍ സജീവ സാന്നിധ്യമായി പഞ്ചായത്ത് മെമ്പറും കൂട്ടരും 




അടുത്തത് നാടകമാണ് .... മാന്ത്രിക വടി !!!!!  
നാടകത്തിന്റെ വിലയിരുത്തല്‍ അസാധ്യം . പ്രൊഫഷനല്‍ നാടകനടന്മാരെ തോല്‍പ്പിക്കുന്ന മെയ് മൊഴി വഴക്കത്തോടെയുള്ള കൂട്ടുകാരുടെ പ്രകടനം കണ്ണിമയ്ക്കാതെ അത്ഭുത പരതന്ത്രനായി ഞാന്‍ കണ്ടു  നിന്നു . 







മാന്ത്രിക വടി കൊണ്ട് സ്പര്‍ശിച്ച വിഷയങ്ങള്‍ അനവധി . മൊബൈല്‍ ദുരുപയോഗവും റിയാലിറ്റി ഷോയും സമ്പത്തിനോടുള്ള ആര്‍ത്തിയും കുഞ്ഞു കൂട്ടുകാരുടെ സര്‍ഗ  ഭാവനയില്‍ പൂത്തിറങ്ങി . സാമൂഹ്യ വൈകല്യങ്ങളും അവയ്ക്കുള്ള മറുപടിയും നേര്‍ക്കാഴ്ചയായി നല്‍കിയ ഈ കൂട്ടുകാരെ ഞാനൊരിക്കലും മറക്കില്ല . 
നാടകം കണ്ടു പുറത്തിറങ്ങിയ ഞാന്‍ പിന്നണിയിലുള്ള സംവിധായകനെ പരിചയപ്പെട്ടു . വേണു ആദിത്യ ..... പ്രതിഭയുടെ ആള്‍രൂപം ......അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ഈ നാടകം കൂട്ടുകാരുടെ കൂട്ടായ്മയില്‍ നിന്നും സൃഷ്ട്ടിക്കപ്പെട്ടതെന്നു അറിയുന്നത് . ഇതിലെ ഓരോ ഡയലോഗും ചലനവും കൂട്ടുകാര്‍ക്ക് സ്വന്തം ....
നാടകവും കലാപരിപാടികളും നടക്കുമ്പോള്‍ പ്രഥമ അധ്യാപകനായ ശ്രീ മുരളി സാര്‍ ക്യാമറയുമായി കൂട്ടുകാരോടോപ്പമുണ്ട് .




അടുത്തത് പൊതു യോഗത്തിനെത്താനുള്ള വിശിഷ്ട അതിഥികള്‍ക്കായുള്ള കാത്തിരിപ്പ് ... 
ഇതിനിടയിലും അലീനയും ധന്യയും തങ്ങളുടെ ദൈനംദിന ജോലികളില്‍ നിന്നും വ്യതിചലിക്കുന്നില്ല . 




നാലര മണിക്ക് പൊതുയോഗം ആരംഭിച്ചു . പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ കെ  രാകേഷ് യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .




മഴവില്ല് ഇന്‍ലെന്റ്റ് മാഗസിന്‍ പ്രകാശനവും കൂട്ടുകാരെ മുഴുവന്‍ അടുത്ത ഗ്രന്ഥശാലയില്‍ അംഗങ്ങളാക്കുന്ന ചടങ്ങും നടന്നു 




സമ്മാനങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി . ചില കൂട്ടുകാര്‍ വന്നു ഇടയ്ക്കിടയ്ക്ക് ഇവ നോക്കുന്നുമുണ്ട് 




സമ്മാനദാനവും ദേശീയഗാനവും കഴിഞ്ഞപ്പോള്‍ മണി എട്ടായി ....
രാത്രിയുടെ നനുത്ത അന്തരീക്ഷത്തില്‍ മനസ്സില്‍ നിറയെ മധുരമുള്ള ഓര്‍മ്മകളുമായി വീട്ടിലേയ്ക്ക് ...
വണ്ടി ഓടിക്കുമ്പോഴും മാന്ത്രിക വടിയിലെ കൂട്ടുകാരായ ശ്രീകാന്തിന്റെയും അപ്പുവിന്റെയും മാന്ത്രിക സ്പര്‍ശമുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ ലഹരിയിലായിരുന്നു... എന്റെ മനസ്സ് 


( ശ്രീ ബാഹുലേയന്‍ സാറിന്റെ ഡയറിയില്‍ നിന്നും )

1 അഭിപ്രായം: