വെള്ളിയാഴ്‌ച, നവംബർ 29, 2013


കിടാരക്കുഴി ഗവ;എല്‍ പി എസ്‌ 
പറയാന്‍ നൂറു നാവു വേണം

കിടാരക്കുഴി മുള്ളുമുക്കില്‍ വൈകല്യം ബാധിച്ച ജയലക്ഷ്മിയുടെ വീട്ടില്‍ പോകാനാണ് യാത്ര തിരിച്ചത് ,ഐ ഇ ഡി  ആര്‍ ടി ബീന എന്നെ അവിടെ കാത്തിരുന്നു .ക്യാമറ സെല്‍വന്‍ സാറിന്‍റെ കയ്യിലായിരുന്നു .സെല്‍വന്‍ സാറിനെ കാത്ത് നില്‍ക്കുന്നതിന് ഞാന്‍ കിടാരക്കുഴി എല്‍ പി സ്കൂള്‍ തെരെഞ്ഞെടുത്തു .സ്കൂളില്‍ കയറി പ്രധാന അധ്യാപകനെ തേടി .റോബര്‍ട്ട്‌ സാര്‍ എന്നെ ടീച്ചറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി .ടീച്ചര്‍  രണ്ടാം ക്ലാസ്സില്‍ ആയിരുന്നു.കുട്ടികളുടെ ബെഞ്ചില്‍ അവരോടൊപ്പം ഇരുന്നു ഒരു പ്രവര്‍ത്തനം ചെയ്യുകയായിരുന്നു അവര്‍ .ഒരു 
പഴയ ഐസ്ക്രീം കപ്പില്‍ മുക്കാല്‍ ഭാഗം മണ്ണ് . ദിവസവും കുട്ടികള്‍ ഓരോരുത്തര്‍ ഇഷ്ടമുള്ള ചെടി ,പൂവ് എന്നിവ ഇതില്‍  വയ്ക്കും .തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ചാര്‍ട്ടില്‍ ഇവ എഴുതും .പതിനഞ്ചു ദിവസം കഴിഞ്ഞു പട്ടിക നോക്കി വര്‍ഗീകരണം നടത്തും . ശാസ്ത്ര പഠനത്തിന്‍റെ ശാസ്ത്രീയത ക്ലാസുമുറിയില്‍ പ്രകടമാണിവിടെ.ഞാ ന്‍ ക്ലാസ്സിനു പുറത്ത് ഇറങ്ങി .കുലവാഴ മുതല്‍ മരിച്ചിനി വരെ എല്ലാം കൃഷി ചെയ്തിട്ടുണ്ട്  ..കുരുമുളക് മുതല്‍ ചീര വരെ പാര്‍ട്ട്‌ ടയിം ജീവനക്കാരന്‍  മോഹന്‍റെ കര സ്പര്‍ശം ഏല്‍ക്കാത്ത ഒരു ചെടിയും ഈ സ്കൂള്‍ വളപ്പില്‍ ഇല്ല. .മനോഹരമായ ഒരു ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ലാബിനു അടുത്താണ് അഞ്ചാം ക്ലാസ് ,അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുന്നു.ഞാന്‍ പേര് ചോദിച്ചു .റീന എന്ന പേരിനൊപ്പം ടീച്ചര്‍ ഒന്നുകൂടി പറഞ്ഞു ഞാന്‍ പ്രി -പ്രൈമറിയില്‍ ആയയാണ് സാര്‍ ഹിന്ദി സാഹിത്യാചാര്യ വരെ പഠിച്ചിട്ടുണ്ട്.ഞാന്‍ ഇത് കേട്ട് നിശ്ചലന്‍ ആയി .

 ..പ്രി പ്രൈമറിയിലെ കളിപ്പാട്ടങ്ങള്‍ കണ്ടു എന്‍റെ മനസ്സ് നിറഞ്ഞു  .നല്ല ക്ലാസുമുറി .പക്ഷെ ,പണിപൂര്‍ത്തിയാക്കിയിട്ടീല്ല .കളിപ്പാട്ടങ്ങള്‍ വാങ്ങിയത് പ്രി പ്രൈമറി അധ്യാപകര്‍ തന്നെ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
 പ്രായത്തില്‍ തന്നെ ക്കാള്‍ ഒരു പാട് കുറവായിരുന്നിട്ടും എല്ലാ സഹ പ്രവര്‍ത്തകരെയും' ടീച്ചര്‍ 'എന്ന് ചേര്‍ത്ത് വിളിക്കാന്‍ ഈ എച്ച് എമ്മിന് കഴിയുന്നു .
സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലായിടത്തും ഈ എച്ച് എമ്മിന്‍റെ സജീവ സാന്നിധ്യം ഉണ്ട്
 ക്ലാസില്‍ ടീച്ചര്‍ ഇല്ലെങ്കില്‍ എച്ച് എം ക്ലാസ്സുകളില്‍ ഉണ്ടാവും 
.ഓരോ ടീച്ചറെ കുറിച്ച് പറയുമ്പോഴും ഒരു മികവ്‌ കൂടി പറയാന്‍എച്ച് എമ്മിന് കഴിയുന്നു
കൃഷ്ണ രാഖിയും റോബര്‍ട്ടും ഷീജയും സജിതകുമാരിയും ഈ എച്ച് എമ്മിന് സഹപ്രവര്‍ത്തകര്‍ അല്ല ;സഹോദരങ്ങള്‍ ആണ് .

       പഠിച്ച സ്കൂളില്‍ എച്ച് എം -ടീച്ചര്‍ അഭിമാനിക്കുന്നു 

ശരിയാണ് ;ഈ സ്കൂളിനെ ക്കുറിച്ച് പറയാന്‍ നൂറുനാവുവേണം
രണ്ടാം ടേം മൂല്യ നിര്‍ണയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കുന്നു .

വ്യാഴാഴ്‌ച, നവംബർ 28, 2013

സെന്റ്‌ ജോസെഫ്സ് എല്‍ പി എസില്‍
കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ക്ലാസുമുറി 



നവംബര്‍ ഇരുപത്തി ഒന്നിന് ബാലരാമപുരം സെന്റ്‌ ജോസഫ്‌ എല്‍ പി സ്കൂളായിരുന്നു തല്‍സമയ പിന്തുണയ്ക്ക്‌ വേണ്ടി തെരെഞ്ഞെടുത്തത് .എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാം ക്ലാസ്സില്‍,പ്രീത ടീച്ചറുടെ ക്ലാസ്സില്‍  രണ്ടു മണിക്കൂര്‍ ചെലവഴിച്ചു .ഏഴാം യൂണിറ്റായ കീയോ കീയോ ആയിരുന്നു വിനിമയം ചെയ്തത് .പ്രക്രിയ ഇങ്ങനെ 

  • കുട്ടികള്‍ കണ്ടിട്ടുള്ള ജീവികളുടെ പേര് പറഞ്ഞു ബോര്‍ഡില്‍ എഴുതി ജീവികളെ കാണുന്നത് എവിടെ ?
  • കുറെ കളിപ്പാട്ടങ്ങളും ജീവികളുടെ ചിത്രം ഒട്ടിച്ച ചാര്‍ട്ടുംഓരോ ഗ്രൂപ്പിനും നല്‍കി 
  • കുട്ടികള്‍ പരിചയമുള്ള ജീവികളെ കണ്ടെത്തി 
  • വീട്ടില്‍ വളര്‍ത്തുന്നത് ,വളര്‍ ത്താ ത്ത ത് തരം തിരിച്ചു .
  • ജീവികളെ കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത് ?ഒരു പ്രയോജനവും ഇല്ല -സ്നേഹ സുഭാഷിന്‍റെ മറുപടി .
  • ഇന്നലെ ഉച്ചക്ക് എന്തായിരുന്നു ഭക്ഷണം ?-
  • ചോറ് ,മുട്ടക്കറി ,കാബജ് തോരന്‍ ,രസം -നന്ദ വിളിച്ചു പറഞ്ഞു .
  • മുട്ട ആരാണ് തന്നത് ?-കോഴിയെന്നു മറുപടി .
  • ഓരോ ജീവിയും ഇങ്ങനെ എന്തെല്ലാം തരുന്നു 
  • പശു ,ആട് ,താറാവ് ,ഇങ്ങനെ ഓരോ ജീവിയും തരുന്നത് പട്ടിക ആക്കി 
  • പട്ടി എന്താണ് തരുന്നത് ?
  • ഒന്നും തരുന്നീല്ല ,വീട് കാക്കും 
  • കാക്കയോ ?-പരിസരം വൃത്തിയാക്കി സൂക്ഷിക്കും -കുട്ടികളുടെ മറുപടി .ജെനിഫര്‍ ആണ് മറുപടി പറയാന്‍ മിടുക്കന്‍ .
  • എല്ലാവരും ജീവികളുടെ പേരും പ്രയോജനവും പട്ടികയില്‍ എഴുതി കണ്ടെത്തല്‍ 
  • ആസൂത്രണം ഉണ്ട് 
  • മിക്ക വീടിലും വളര്‍ത്തു മൃഗങ്ങളുടെ കുറവ് ക്ലാസ്സില്‍ പ്രകടമായി .
  • ചാണകം എന്തിനു ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനു ആരും മറുപടി പറയാത്തത് അന്യം നില്‍ക്കുന്ന കാര്‍ഷിക വൃത്തിയുടെ ചൂണ്ടു പലക ആയി 
  • എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം 
  •   ബിഗ്‌ ബുക്കും ബിഗ്‌ പിക്ച്ചറും ഈ ക്ലാസ്സുകളില്‍ ഇപ്പോഴും സജീവമാണ് .

ഞായറാഴ്‌ച, നവംബർ 24, 2013

                                                                  വിദ്യാലയ വിവര ശേഖരണം -   
                                      പരിശീലനം നടന്നു 
വിദ്യാലയ വിവര ശേഖരണം നടത്തുന്നതിനുള്ള ഫോര്‍മാറ്റുകള്‍ പരിചയപ്പെടുത്താന്‍ ഉപജില്ലയിലെ പ്രധാന അധ്യാപകര്‍ ,സ്കൂള്‍ മാനേജര്‍ മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി .ബി .ആര്‍ സി യില്‍ നടന്ന ക്ലാസ് എ ഇ ഓ എ എസ്‌ ഹൃഷികേശ് ഉദ്ഘാടനംചെയ്തു .ബി പി ഓ കെ ലത അധ്യക്ഷത വഹിച്ചു ,ട്രയിന ര്‍ എ എസ്‌ മന്‍സൂര്‍ ,എസ്‌ എല്‍ റെജി എന്നിവര്‍ ക്ലാസ് നയിച്ചു ,ഡിസംബര്‍ അഞ്ചിനകം  വിവര ശേഖരണം പൂര്‍ത്തിയാക്കും .വിവിധ സ്കൂളുകള്‍ നിര്‍ദേശിച്ച സമയങ്ങളില്‍ ബി ആര്‍ സി യില്‍ എത്തി വിവരങ്ങള്‍ അപലോഡ് ചെയ്യണം ,ഓരോ സ്കൂളും ബി ആര്‍ സിയില്‍ എത്തേണ്ട സമയപ്പട്ടിക പിന്നാലെ പ്രസിദീകരിക്കും .

ഞായറാഴ്‌ച, നവംബർ 10, 2013

അധ്യാപനം കലയാണ്‌ ,

കല സാമൂഹ്യ പ്രവര്‍ത്തനവും




എങ്കില്‍പ്പിന്നെ അദ്ധ്യാപകന്‍ ആരാണ് കലാകാരന്‍ തന്നെ സംശയമില്ല .സര്‍ഗാത്മക യുള്ള മികച്ച കലാകാരന്മാരെ രൂപപ്പെടുത്താന്‍ എസ്‌ .എസ്‌. എ നടത്തിയ മികച്ച പരിപാടി ആയിരുന്നു നവംബര്‍ ഏഴ് ,എട്ട് തിയതികളില്‍ നടത്തിയ ക്ലസ്റര്‍ കോ -ഓര്‍ ഡി നേ റ്റ ര്‍ മാര്‍ക്കുള്ള പരിശീലനം .പുതുതായി ഒന്നുമില്ല ;എന്നാല്‍ പലതും പുതിയതാണ് താനും .എന്ന് ചുരുക്കത്തില്‍ പറയാം .ഒരു ചെടി നട്ടു നനച്ച്‌ വളമിട്ട്‌ പൂക്കാനും കായ്ക്കാനും സജ്ജമാക്കുന്ന പോലെ യുള്ള ചിട്ടപ്പെടുത്തിയ  സെഷനുകളിലേക്ക് ഒരു യാത്ര ആയിരുന്നു പരിശീലനം. .വര്‍ണക്കടലാസ്സിലെ കുത്തി വരകള്‍  മനോഹരമായ ചിത്രം ആകും പോലെആയിരുന്നു ക്രമീകരണം .ആശയങ്ങള്‍ പങ്കുവെയ്ക്കാനും മനസ്സില്‍ ഉറപ്പിക്കാനും ബാലരാമപുരം ബി .ആര്‍ .സി.യിലെ മന്‍സൂര്‍ സാറും റെജിസാറും ഗോപകുമാര്‍ സാറും നന്നായി ശ്രമിച്ചു .സങ്കീര്‍ണതകള്‍ നിറഞ്ഞ സെഷനുകള്‍ ചര്‍ച്ചക്ക് ഒടുവില്‍ ലളിതമായി .എസ്‌ .എസ്‌ .എ എന്ന മഹത്തായ വിദ്യാലയ -വിദ്യഭ്യാസ ഇടപെടലില്‍ സി ആര്‍ സി സി കള്‍ ക്ക് പ്രമുഖ പ്രാധാന്യം തന്നെയുണ്ടെന്ന് തിരിച്ചറിവുണ്ടായി .എസ്‌ എസ്‌ എ യുടെ ഇടപെടല്‍ മേഖലകള്‍ ,വിവിധ ഫോര്‍മാറ്റുകള്‍ പരിചയപ്പെടല്‍ ,സമീപനം,ക്ലാസ് റൂം ഇടപെടല്‍ ,ടീം ബില്‍ഡിംഗ്‌ എന്നിവയെ ക്കുറിച്ച് മികച്ച ധാരണ ഉറപ്പാക്കാന്‍ കൂട്ടായ്മ സഹായിച്ചു .
(കിളിമാനൂര്‍ ബി ആര്‍ സിയിലെ സരിത ടീച്ചര്‍ തയ്യാറാക്കിയ കുറിപ്പ് ).

ചൊവ്വാഴ്ച, നവംബർ 05, 2013

പ്രകാശം പരത്തുന്ന വിദ്യാലയങ്ങള്‍




പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ട് സ്കൂളുകളിലെ സന്ദര്‍ശനം ഈയിടെ നടത്തി .മികവിലേക്ക്മുന്നേറുന്ന ഈ സ്കൂളുകളെ അറിയൂ ....




                                                   

 പി വി.എല്‍.പി.സ്കൂള്‍ കുഴിവിള


നാലാം ക്ലാസിലെ ഉഷ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ചും സ്കൂളിനെ കുറിച്ചും പറയുമ്പോള്‍ നൂറു നാവാണ് .വെറുതെയല്ല ;ഓരോ കുട്ടികളെയും നന്നായി അറിയാം .എന്തെഴുതും ,എത്ര കണക്കു ചെയ്യും ,നോട്ട് ബുക്കുകള്‍ എത്ര നന്നായി സൂക്ഷിക്കും ,അച്ചടക്കം എങ്ങനെ എല്ലാം ടീച്ചര്‍ക്കറിയാം . സന്ദര്‍ശന ദിവസം വൈദ്യുതി കണക്കു പഠിപ്പിക്കുകായിയിരുന്നു അവര്‍ .കറണ്ട് 
ഉപയോഗം കൂടിയാല്‍ കറണ്ട് ചാര്‍ജും കൂടും എന്ന് അവര്‍ കുട്ടികളോട് പറയാതെ പറയുകയായിരുന്നു .തലേ ദിവസം പറഞ്ഞത് അനുസരിച്ച് കുട്ടികള്‍ കറണ്ട് ബില്ലുകളും അടച്ച തുകയും നോക്കി വന്നു .ഗ്രൂപ്പില്‍ കൊണ്ടുവന്ന വിവരങ്ങള്‍ അപഗ്രഥിച്ചു .കറണ്ട് ബില്ലുകള്‍ താരതമ്യം ചെയ്തു .ഒടുവില്‍ കുട്ടികള്‍ സ്കൂളില്‍ മീറ്റര്‍ നോക്കി റീഡിംഗ് എടുത്തു .ടീച്ചറുടെ ക്ലാസ്സിലെ ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല .ഗുണനിലവാരമുള്ള എസ്‌. ആര്‍ ജി ,ടീച്ചര്‍മാരും പ്രധാമാദ്യപികയും തമ്മിലുള്ള ഐക്യം ,ഫണ്ട് വിനിയോഗത്തിലെ സുതാര്യത ,നൂതന ആശയങ്ങള്‍ നടപ്പിലാക്കല്‍ എന്നിവ മാതൃക തന്നെ .

എം .എസ്‌...... സി. എല്‍ .പി .എസ്‌ .കണ്ണംകോട് 



പത്ത് കൊല്ലം മുമ്പ് ഒന്ന് മുതല്‍ നാല് വരെ ഓരോ ക്ലാസ്സിലും നാല് ഡിവിഷനുകളിലായി നാനൂറില്‍ കൂടുതല്‍ കുട്ടികള്‍ .യുവത്വം കൈമുതലായുള്ള കുറെ അധ്യാപകര്‍ .കാലം മാറി .എല്ലാ വിദ്യാലയ ങ്ങളും പോലെ ഇവിടെയും കുട്ടികള്‍ കുറഞ്ഞു .അധ്യാപകര്‍ പല ദിക്കിലും സ്ഥലം മാറിപ്പോയി .ഗതകാല സ്മരണകള്‍ നിലനിര്‍ത്തി മുന്നേറാനുള്ള കഠിനമായ പ്രയതനതിലാണ് ഇന്ന്‍ ഈ സ്കൂള്‍ .ജേക്കബ്സാര്‍ എന്ന കരുത്തനായ ഹെഡ് മാസ്ടരുടെ ഗുണപരമായ അക്കാദമിക് ഇടപെടല്‍ ഈ സ്കൂളിനെ മികവിലേക്ക് നയിക്കുകയാണ് .ഉച്ചയൂണിനു മുന്നേ ഞാനും റെജി സാറും അവിടെ എത്തി .മെനു ചാര്‍ട്ട് നോക്കി .ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്ത് ചാര്‍ട്ടില്‍ ഉള്ളതിനെ ക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ .നല്ല രുചിയുള്ള ഉച്ചയൂണ്. ഞാനും റെജിയും കഴിച്ചു .


മൂന്നാം ക്ലാസിലെ മലയാളത്തിലെ ഒരു പ്രവര്‍ത്തനം കണ്ടു .ലേഖന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നന്നായി ടീച്ചര്‍ നല്‍കി .കുട്ടികള്‍ നന്നായി എഴുതി .സ്നേഹത്തിന്‍റെ പര്യായമായി മാറിയ ജോസ് സാറിനും മറ്റു അധ്യാപകര്‍ക്കും നന്ദി .കരുത്തോടെ മുന്നേറുക .എല്ലാ ബി .ആര്‍ .സി യുടെ എല്ലാ ആശംസകളും .....

( കുറിപ്പ് തയ്യാറാക്കിയ റെജി സാറിനോട് കടപ്പാട് )
ചൈത്രക്കും ജീഷ്ണക്കും പിന്‍ഗാമിയായി 


അതിയന്നൂര്‍ സര്‍ക്കാര്‍ യു .പി .സ്കൂളിന് ഒന്നുകൂടി അഭിമാനിക്കാം .അക്കാദമിക് താല്പര്യം ഉള്ള ഒരു പ്രധാമാധ്യാപകന്റെ സാന്നിധ്യം മാത്രമല്ല ;പഠനമികവിന്റെ പുതിയ വഴി വിളക്കാവുക ആണ് ഈ സ്കൂള്‍ .നെയ്യാറ്റിന്‍കര നഗരസഭയിലെ ഒന്നാംകിട സ്കൂളുകളിലെ പ്രതിഭകളെ പിന്തള്ളി കുട്ടികളുടെ പ്രധാനമന്ത്രിയായി ശ്രീലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു .അഞ്ച്‌ മേഖലകളില്‍ മിന്നിത്തെളിഞ്ഞു ഈ താരം .പ്രസംഗം ,ബുദ്ധിപരീക്ഷ ,ക്വിസ് ,സംവാദം ,തല്‍സമയ അവതരണം എന്നീ മേഖലകളില്‍ മികവ്‌ തെളിയിച്ചു .നെഹ്‌റു കുട്ടികള്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ ,പ്രചോദനങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം ആവേശമായി .ശക്തിധരന്‍ -സുമാദേവി ദമ്പതി കള്‍ക്ക് ഇനി അഭിമാനിക്കാം .തങ്ങളുടെ മകള്‍ പ്രധാന മന്ത്രി ആയതിലല്ല ;ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ യശസ്സ് തന്‍റെ മകളിലൂടെ ഉയര്‍ത്തിയതിന് .ചൈത്ര ,ജീഷ്ണ ,ശ്രീലക്ഷ്മി ,........എല്ലാവര്‍ക്കും ശിശുദിന ആശംസകള്‍ .ഒപ്പം ശ്രീലക്ഷ്മിയുടെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും .
വിവരങ്ങള്‍ നല്‍കിയ ദിലീപ്മാഷിനും .