ശനിയാഴ്‌ച, ജനുവരി 14, 2012

അഭിമുഖം

പാമ്പുകളുടെ കൂട്ടുകാരന്‍ വാവ സുരേഷ് ....


എസ് ആര്‍ എസ് യു പി സ്കൂളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രശസ്ത ജൈവ വൈവിധ്യ സംരക്ഷകനും പാമ്പുകളുടെ സുഹൃത്തുമായ ശ്രീ വാവ സുരേഷിന് സ്വീകരണം നല്‍കി . സ്കൂളില്‍ നടന്ന " സാമൂഹ്യ നന്മയ്ക്കായി കൂട്ടുകാരുടെ കൂട്ടായ്മ " എന്ന പ്രത്യേക പ്രവര്‍ത്തന പരിപാടിയിലാണ് പ്രസ്തുത സ്വീകരണം സംഘടിപ്പിച്ചത് .


                ക്ലാസ്സ് മുറിക്കു പുറത്ത് പ്രകൃതി സംരക്ഷകനുമായി നടന്ന അഭിമുഖം കൂട്ടുകാര്‍ക്ക് വേറിട്ടൊരു അനുഭവമായി .... 
രക്ഷിതാക്കളും നാട്ടുകാരുമടക്കം നല്ലൊരു സംഘം ആളുകള്‍ ഈ സംഘപ്രവര്‍ത്തനത്തിനു സാക്ഷികളായി ഉണ്ടായിരുന്നു


ശ്രീ വാവ സുരേഷിന്റെ പരിസ്ഥിതി സൗഹൃദ ക്ലാസ്സില്‍ നിന്നും ....


" പ്രകൃതിയിലെ ഭക്ഷ്യ ശ്രുംഖല നിലനിര്‍ത്തുന്ന ഏറ്റവും ശക്ത്തമായ കണ്ണിയാണ് പാമ്പുകള്‍ "


                കേരളത്തില്‍ കാണുന്ന പാമ്പുകളില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് രാജവെമ്പാല . അതുകൊണ്ട് തന്നെ ഈ പാമ്പിനെ പാമ്പുകളുടെ  രാജാവെന്നു വിളിക്കുന്നു . സ്വന്തമായി കൂട് കൂട്ടി താമസിക്കുന്ന ഈക പാമ്പാണ് ഇത് . ഇതിന്റെ കടി ഏറ്റാല്‍ആനയ്ക്ക് പോലും അര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും . അപ്പോള്‍ പിന്നെ മനുഷ്യന്റെ കഥ പറയാനുണ്ടോ .....ബഹു ഭൂരിപക്ഷം പാമ്പുകള്‍ക്കും വിഷമില്ല . നമുക്ക് ചുറ്റും സാധാരണ കാണുന്ന വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി . ഈ നീര്‍ക്കോലിയെ കുറിച്ച് രസകരമായ ഒരു പഴഞ്ചൊല്ലുണ്ട് . " നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും " ഇത് പണ്ട് കാലത്ത് മുതല്‍ നില നിന്ന ഒരു പഴഞ്ചൊല്ലാണ്‌ . ഒരാളെ നീര്‍ക്കോലി കടിച്ചാല്‍ പാമ്പിനെ കാണാതിരുന്നാല്‍ വിഷം തീണ്ടി എന്ന് കരുതി രോഗിയെ കാണിക്കാനായി വിഷഹാരിയുടെ അടുത്തേയ്ക്ക് ചുമന്നു എത്തിക്കും . വിഷഹാരി രോഗിയെ പരിശോധിച്ച് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിഷം തീണ്ടിയിട്ടില്ല എന്ന് വിധിക്കും .  തിരിച്ചു വീണ്ടും വീട്ടിലേയ്ക്ക് ....വാഹന സൌകര്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഭക്ഷണ ക്രമത്തിന്റെ താളം തെറ്റിക്കും . ഇതില്‍ നിന്നാണ് ഈ പഴഞ്ചൊല്ലിന്റെ ഉത്ഭവം എന്നാണ് ശ്രീ വാവ സുരേഷിന്റെ പക്ഷം


              നമുക്ക് ചുറ്റും വിഷമില്ലാത്ത പാമ്പുകള്‍ ആണ് കൂടുതല്‍ . ചേര ,നീര്‍ക്കോലി ,കൊമ്പേരി ,എന്നിവ ഇതിനു ഉദാഹരണമാണ് . പാമ്പിന്റെ കടി ഏറ്റാല്‍ ഓരോ പാമ്പിനും ഓരോ ലക്ഷണമായിരിക്കും .
എട്ടടി വീരന്‍ :- കടിച്ചാല്‍ ചിലപ്പോള്‍ അറിയുക പോലുമില്ല . കടിയേറ്റു ഏതാനും നിമിഷം കഴിയുമ്പോള്‍ നമ്മുടെ കാഴ്ച ശക്തി അല്പാല്പമായി മങ്ങി തുടങ്ങും .
ശംഖു വരയന്‍ 
 ഇത് വിഷം ഏറ്റതിന്റെ ലക്ഷണമാണ്
മൂര്‍ഖന്‍ :- കടിയേറ്റ ആളിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടും
അണലി :- ദേഹ വേദനയാണ് പ്രധാന ലക്ഷണം ഇതിന്റെ വിഷം നമ്മുടെ ശരീര അവയവമായ കിട്നിയെയാണ് ബാധിക്കുക
അണലി 

              വിഷമുള്ള പാമ്പാണോ കടിച്ചതെന്നറിയാന്‍ രക്ത പരിശോധനയാണ് പ്രധാന മാര്‍ഗം . മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഇതിനുള്ള സൗകര്യം ഉണ്ട് .
പാമ്പിന്റെ വിഷം ഒരു പ്രധാന ഔഷധ കൂട്ടാണ്
               പാമ്പിന്റെ വിഷത്തിലെ പ്രധാന ഘടകം പ്രോട്ടീനാണ് . പാമ്പിന്‍ വിഷത്തില്‍ നിന്നും പല പ്രധാനപ്പെട്ട ഔഷധങ്ങളും ഉത്പാദിപ്പിക്കുന്നു . ആന്റീ വെനം ( പാമ്പിന്‍ കടിക്കുള്ള ഔഷധം ) ഉല്‍പ്പാദിപ്പിക്കുന്നത് പാമ്പിന്‍ വിഷത്തില്‍ നിന്നാണ്
മൂര്‍ഖന്‍ 






പാമ്പുകള്‍ ... കഥകള്‍ ...അന്ധ വിശ്വാസങ്ങള്‍


              ശ്രീ വാവ സുരേഷിന്റെ അഭിപ്രായത്തില്‍ പാമ്പുകളെ സംബന്ധിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളാണ് . ഈ അന്ധവിശ്വാസങ്ങള്‍ പാമ്പിനെ കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ ...ചില ആളുകളുടെ വിശ്വാസം പാമ്പിനു മരിച്ച്ചിനിക്കട്ടിന്റെ മണംഎന്നാണ് .ഈ മണമടിച്ചാല്‍ പാമ്പിന്റെ സാന്നിധ്യം  ഉറപ്പാണ്‌ . ഇതു ശരിയല്ല . പാമ്പിനു പ്രത്യേക മണമില്ല . " പാടത്താളി " എന്ന സസ്യത്തിന്റെ പൂ വിരിയുമ്പോള്‍ ഉണ്ടാകുന്ന മണമാണ് പാമ്പിന്റെ സാന്നിധ്യമായി ആളുകള്‍ തെറ്റിധരിച്ചിരിക്കുന്നത് . സാധാരണ സസ്യങ്ങള്‍ക്ക് മാത്രമാണ് മണം പുറത്ത് പ്രസരിപ്പിക്കുവാന്‍ കഴിയുന്നത് . അതുപോലെ രക്ത അണലി എന്നൊരു പാമ്പില്ല .കരി മൂര്‍ഖന്‍ കേരളത്തില്‍ തന്നെയില്ല . ഇന്ത്യയില്‍ തന്നെ നാല് ഇനം പാമ്പുകള്‍ക്കെ വിഷമുള്ളൂ ...


                പാമ്പുകളെ ഊതി പിടിക്കാന്‍ കഴിയില്ല .പാമ്പാട്ടികള്‍ ഊതി പാമ്പിനെ പിടിക്കുന്നു എന്ന് പറയുന്നത് വെറും കെട്ടു കഥയാണ്‌ . മൂര്‍ഖന്‍ പാമ്പിനെ മാത്രം ഊതി കളിപ്പിക്കാന്‍ കഴിയും . കാരണം മൂര്‍ഖന്‍ പാമ്പിനു പത്തിയുണ്ട്  . പത്തിയുള്ള പാമ്പ്‌ ഏതെങ്കിലും വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ അതിന്റെ പേടി കൊണ്ട് പത്തി വിടര്‍ത്തും ചലിപ്പിക്കും . സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള ചലനമാണ് ഈ അട്ടമായി ആളുകള്‍ കാണുന്നത് .ഒരു സസ്യത്തിനും പാമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ കഴിയില്ല . " ഒരിക്കല്‍ ഒരു വീട്ടിനു മുന്നിലുള്ള സര്‍പ്പഗന്ധിയുടെ ചുവട്ടില്‍ നിന്നും ഒന്‍പതു പാമ്പുകളെ ഞാന്‍ തന്നെ പിടിച്ചിട്ടുണ്ട് " വാവ സുരേഷ് പറഞ്ഞു . പല പാമ്പുകളും പക മനസ്സില്‍ വച്ച് ആക്രമിക്കുന്നതായി കഥകള്‍ പ്രചരിക്കുന്നുണ്ട് . സുരേഷിന്റെ അഭിപ്രായത്തില്‍ പകയുളള ഒരേയൊരു ജീവി മനുഷ്യനാണ് . മറ്റു പല ജീവികളും ചിലരോട് ദേഷ്യം പുലര്ത്തുമെങ്കിലും പാമ്പിനു അത് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം . കാരം പാമ്പിനു ഓര്‍മ്മ ശക്തിയില്ല ... മാത്രമല്ല പാന്പിനു കാഴ്ചകള്‍ കാണാനും കഴിയില്ല . പാമ്പിനെ ഓടിക്കാന്‍ വെളുത്തുള്ളി തളിച്ചാല്‍ മതിയെന്ന വാദവും തെറ്റാണ് . പാമ്പ്‌ പരിസരത്തെ അറിയുന്നത് നാക്ക് നീട്ടിയാണ് . 






പാമ്പ്‌ ഒരു ശല്യക്കാരനായി മാറാതിരിക്കാന്‍ ...


                പാമ്പ്‌ നമ്മുടെ മനസ്സില്‍ എന്നും ഒരു വില്ലനാണ് .യഥാര്‍ഥത്തില്‍ പാമ്പ്‌ ഒരു വില്ലനല്ല . പാമ്പ്‌ ആരെയും മന: പൂര്‍വ്വം പകയോടെ കടിക്കാറില്ല . മനുഷ്യപ്പാമ്പുകള്‍ മാത്രമാണ് പകയുളള ഒരേയൊരു വര്‍ഗം . പാമ്പിനെ ചവിട്ടുകയോ ഉപദ്രവിക്കുമെന്ന് തോന്നുകയോ ചെയ്യുമ്പോഴാണ് അത് കടിക്കുന്നത് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ അത് സഞ്ചരിക്കുന്ന വഴിയില്‍ മണ്ണെണ്ണ തളിക്കുകയും ചെയ്താല്‍ പാമ്പിന്റെ ശല്യം ഒഴിവാക്കാന്‍ കഴിയും .






പാമ്പ് കടി ഏറ്റാല്‍ ......


                 പാമ്പ് കടി ഏറ്റവരില്‍ അധികം പേരും മരിക്കുന്നത് പേടി മൂലമുള്ള ഹൃദയ സ്തംഭനം മൂലമാണ് . മറ്റു അസുഖം ഉള്ളവരെയും പാമ്പിന്‍ വിഷം പെട്ടന്ന് ബാധിക്കും . അതുകൊണ്ട് തന്നെ പാമ്പ്‌ കടിയേറ്റ ആളിന് ധൈര്യം പകര്‍ന്നു നല്‍കണം . കടിയേറ്റ ഭാഗത്തിനു മുകളില്‍ വച്ചു തുണി കൊണ്ട് അധികം മുറുകാതെ കെട്ടണം .   നല്ല ശുദ്ധ ജലം കൊണ്ട് മുറിവ് കഴുകണം . കാറ്റും വെളിച്ചവും ഉള്ള ഭാഗത്ത് നിവര്‍ത്തി ഉറങ്ങാതെ സജീവമായി ഇരുത്തണം . കിടക്കാനും നടക്കാനും സമ്മതിക്കരുത് . പെട്ടെന്ന്  വൈദ്യ സഹായം തേടണം . 
                 വാവ സുരേഷിനെ 254 തവണ പാന്പ് കടിച്ച്ചിട്ടുന്ദ് . ആറു പ്രാവശ്യം അപകടകരമായ രീതിയില്‍ . പാമ്പ് കടി മൂലം ചില അംഗ ഭംഗങ്ങള്‍ അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ട് . ഒരു വിരല്‍ മുറിച്ചു . ഒരു കൈക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു . എങ്കിലും അദ്ദേഹം ഇന്നും പാമ്പിന്റെ കൂട്ടുകാരനാണ് .
വിവിധ തരം പാമ്പുകളെ ശ്രീ വാവ സുരേഷ് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി 
അനവധി ചോദ്യങ്ങളാണ് ശ്രീ വാവ സുരേഷിനോട് കൂട്ടുകാര്‍ ചോദിച്ചത് 

  • പാമ്പ് പാമ്പിനെ തിന്നുമോ ? 

എല്ലാ പാമ്പുകളും പരസ്പരം തിന്നും 
പാമ്പ്‌ തലയടിച്ചു ചാവുമെന്ന് പറയുന്നത് ശരിയാണോ ?
ഇല്ല ഇതു ഒരു അന്ധ വിശ്വാസമാണ് 

  • പാമ്പിനു പാല്‍ നല്‍കുമെന്ന് പറയുന്നു . പാമ്പ് പാല്‍ കുടിക്കുമോ ?

പാമ്പ്‌ പാല്‍ കുടിക്കില്ല .ജീവികളെ കടിച്ചു തിന്നില്ല . അത് കൊണ്ട് തന്നെ തീറ്റ കടി എന്നൊന്നില്ല . ആഹാരത്തിനായി മറ്റു ജീവികളെ വിഴുങ്ങുകയാണ് ചെയ്യ്യുന്നത് . പക്ഷെ " നാഗങ്ങളെ നൂറും പാലും നല്‍കി ആരാധിക്കുന്ന രീതി പാമ്പുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആചാരമാണ് .

  • പാമ്പ് കടിയേറ്റ ജീവികളുടെ മാംസം ഭക്ഷിക്കാമോ ? 

പാമ്പിന്‍ വിഷം ഭക്ഷണത്തിലൂടെ വയറ്റില്‍ പോയാല്‍ പ്രശ്നമില്ല .എന്നാല്‍ അള്‍സര്‍ പോലുള്ള അസുഖം ഉള്ളവര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം . എന്തായാലും ചത്ത ജീവികളുടെ മാംസം ഉപേക്ഷിക്കുന്നതാണ് നല്ലത് ' 

  • പാമ്പിന്റെ തലയില്‍ മാണിക്യ കല്ല്‌ ഉണ്ട് എന്ന് പറയുന്നത് ശരിയാണോ ?

ശരിയല്ല . ഇതു അത്യാര്‍ത്തി പിടിച്ച മനുഷ്യന്റെ ദുരാഗ്രഹവും സ്വപ്നവും ആണ് 

  • പെരുമ്പാമ്പ്‌ കുട്ടികളെ വിഴുങ്ങുമോ ?

 പെരുമ്പാമ്പ്‌ ചെറു ജീവികളെ വിഴുങ്ങും . വേണമെങ്കില്‍ ചെറിയ കുഞ്ഞുങ്ങളെയും വിഴുങ്ങാം .ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അധികമായില്ല .

  • പാമ്പ്‌ ദേഹത്ത് ചുറ്റിയാല്‍ ആ ഭാഗം അഴുകും എന്ന് പറയുന്നത് ശരിയാണോ ? 

ശരിയല്ല , പാമ്പ് ചുറ്റിയാല്‍ കുഴപ്പമൊന്നും ഉണ്ടാകില്ല .

  • പാമ്പ് കടിച്ചാല്‍ ആ മുറിവില്‍ വിഷഹാരികള്‍ കല്ല്‌ ഒട്ടിച്ചു വയ്ക്കാറുണ്ട് . കല്ല്‌ വിഷം വലിച്ചെടുക്കുമോ ?

ഒരിക്കലും കല്ല്‌ വിഷം വലിചെടുക്കാറില്ല .

  • പാമ്പും ചേരയും ഇണ  ചേരുമോ ?

അവ തമ്മില്‍ ഇണ ചേരുകയോ കൊത്തു കൂടുകയോ ചെയ്യാറില്ല . 

  • മൂര്‍ഖന്‍ പാന്പ് മുട്ടയിട്ടു കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അതില്‍ നിന്നും പല തരം പാമ്പുകള്‍ ഉണ്ടാകുമോ ? 

മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു മൂര്‍ഖന്റെ കുഞ്ഞുങ്ങള്‍ തന്നെയാണ് ഉണ്ടാകുക . 

  • പാമ്പിന്റെ വാലില്‍ വിഷമുണ്ടോ ? 

പാമ്പുകളുടെ വാലില്‍ വിഷമുണ്ട്‌ , പാമ്പിന്റെ മര്‍മ്മമാണ് വാല് എന്നീ വാദങ്ങള്‍ തെറ്റാണ് . 

  • കടല്‍ പാമ്പിനു  വിഷമുണ്ടോ ? 

ഉണ്ട് , മാത്രമല്ല ഇല്ല വിഷമുള്ള പാമ്പുകളുടെ കുഞ്ഞുങ്ങള്‍ക്കും വിഷമുണ്ടായിരിക്കും .എല്ലാതരം പാമ്പുകളും ചട്ട പൊഴിക്കും .

  • പാമ്പുകള്‍ക്ക്  പറക്കാന്‍ കഴിയുമോ ?

ഒരിക്കലും പാമ്പ് പറക്കില്ല . പക്ഷെ ചിലതരം പാമ്പുകള്‍ക്ക് ഒരു കൊമ്പില്‍ നിന്നും അകലെയുള്ള കൊമ്പിലേയ്ക്ക് ചാടാനുള്ള കഴിവുണ്ട് .


കൂട്ടുകാരെ ......


               എസ് ആര്‍ എസ് യു പി സ്കൂളിലെ കൂട്ടുകാരോട്   പാമ്പ് വിശേഷങ്ങള്‍ പങ്കു വച്ച ശ്രീ വാവ സുരേഷ് ഒരു നല്ല പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ തന്നെയാണ് .പാമ്പുകളെ കണ്ടാല്‍ അടിച്ചു കൊല്ലുകയും ഭയത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തില്‍ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഇദ്ദേഹം . പതിനായിരക്കണക്കിനു പാമ്പുകളെ പിടിച്ചു പരിപാലിച്ചു കാട്ടിലേയ്ക്ക് തുറന്നു വിടുന്ന മഹത് കര്‍മം ഏറ്റവും മാതൃകാ പരമാണ് .
                 മാത്രമല്ല ഒരു അധ്യാപകനെക്കാള്‍ കഴിവുറ്റ കൈയടക്കത്തോടെ  കൂട്ടുകാരോട്  സംവദിക്കാനും പാമ്പുകളെ ജീവനോടെ പരിചയപ്പെടുത്തി പുത്തന്‍ അറിവുകള്‍ നിര്‍മ്മിക്കാന്‍ കൂട്ടായി വര്‍ത്തിക്കുകയും ചെയ്തത് തൂവലിന് പോലും അത്ഭുതം ഉണ്ടാക്കി .




ശ്രീ വാവ സുരേഷിനും ഇതു സംഘടിപ്പിച്ച എസ് ആര്‍ എസ് യു പി സ്കൂളിലെ ശ്രീ ജയചന്ദ്രന്‍ സാറിനും നന്ദി .......
അഭിമുഖത്തിലെ മുഴുവന്‍ വിശേഷങ്ങളും ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല .
ഓര്‍ക്കുക ..... 
       പാമ്പുകള്‍ ശത്രുക്കളല്ല മിത്രങ്ങളാണ് . പരിസ്ഥിതിയുടെ സംരക്ഷകരാണ് . അവയെ നമുക്ക് സംരക്ഷിക്കാം . .....അതിലൂടെ നമ്മുടെ പരിസ്ഥിതിയുടെ പരിപാവനത കാത്തു സൂക്ഷിക്കാം ...
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 


വാവ സുരേഷ്  -ഫോണ്‍ 9387974441 

1 അഭിപ്രായം: