ബുധനാഴ്‌ച, മാർച്ച് 28, 2012

തൂവല്‍ 75 ലക്കത്തിലേയ്ക്ക് .....

വിദ്യാലയ നന്മകളുടെ പുതിയ അധ്യായങ്ങളിലേയ്ക്ക്.......

                 കൂട്ടുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന സാമൂഹ്യ സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍ . വിദ്യാലയങ്ങളുടെ ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പരിശീലന കളരികളാണ് ബി ആര്‍ സി കള്‍ . ഇത്തരത്തില്‍ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പരിശീലനങ്ങളും തല്‍സമയ പിന്തുണാ സഹായങ്ങളും നല്‍കുന്ന സ്ഥാപനമാണ്‌ ബാലരാമപുരം ബി ആര്‍ സി യും . ചട്ടപ്പടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയിലല്ല ഞങ്ങളുടെ ബി ആര്‍ സി വിദ്യാഭ്യാസ സമൂഹത്തിനു പരിചിതമായിട്ടുള്ളത് . ഓരോ പ്രവര്‍ത്തനവും സര്ഗാത്മമായും തികഞ്ഞ കൂട്ടായ്മയോടെയും ആസൂത്രണ മികവോടെയും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ്‌ ഞങ്ങളുടേത് .....ലക്ഷ്യ് ബോധത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യമാണ് തൂവല്‍ ......




തൂവലിലൂടെ വെളിച്ചം  കണ്ട ബി ആര്‍ സി യുടെ മികവുകള്‍ - പ്രവര്‍ത്തനങ്ങള്‍ - പ്രത്യേകതകള്‍



  • അധ്യാപകര്‍ക്ക് നിരന്തര പരിശീലനവും തല്‍സമയ പിന്തുണയും ആവശ്യത്തിലധിഷ്ട്ടിതമായ രീതിയില്‍ 
  • സുതാര്യമായ സാമ്പത്തിക വിനിയോഗവും നടപ്പിലാക്കലും
  • കൂട്ടുകാര്‍ക്ക് വേണ്ടി തനതു പരിപാടികള്‍ 
  • ബി ആര്‍ സി തലത്തില്‍ വൈവിധ്യമാര്‍ന്ന പ്രസിദ്ധീകരണങ്ങള്‍ 
  • വിവിധ തലത്തിലുള്ള സാമൂഹ്യ കൂട്ടായ്മകള്‍ 
  • എസ് എസ് എ നിര്‍ദ്ദേശിക്കുന്ന പ്രവര്ത്തനങ്ങള്‍ക്കുപരി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി അനവധി പ്രവര്‍ത്തനങ്ങള്‍ 
  • ബി ആര്‍ സി യുടെ അക്കാദമിക സൗകര്യങ്ങളുടെ ആസൂത്രണ മികവോടെയുള്ള വിനിയോഗം 
  • വിവിധ അക്കാദമിക ഏജന്‍സികളുടെ കൂട്ടായ്മയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും 
  • സ്വയം വിലയിരുത്തലിനു കരുത്താകുന്ന തരത്തില്‍ ബി ആര്‍ സി കൂടിച്ചേരലുകളും പ്രഥമ അധ്യാപക യോഗങ്ങളും 
  • സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് കരുത്തുള്ള ഇടപടലുകള്‍ 
  • പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് നിരന്തര പിന്തുണയും സാമ്പത്തിക സഹായവും 
  • ചടുലവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃക 

ബാലരാമപുരം ബി ആര്‍ സി യെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഓരോരുത്തരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിലയിരുത്തനമെന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മറയില്ലാതെ അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു 
             ഞങ്ങളുടെ വിലാസം 
                                                 brcblpm@gmail.കോം


കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങള്‍ കൂടി ഈ ലക്കത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നു .........


ഇശല്‍ 2012 
മാപ്പിള കലകളുടെ ദിന രാത്രങ്ങള്‍ 

ഈ സഹവാസ ക്യാമ്പില്‍ അമ്പതോളം കൂട്ടുകാരാണ് പങ്കെടുത്തത് . കേരളം സന്ദര്‍ശിക്കാനെത്തിയ രാജസ്ഥാന്‍ ടീം അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു . ദഫ് മുട്ട് , അരവനമുട്ട് , ഒപ്പന എന്നീ കലകളില്‍ കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കി .





വിളക്ക് സഹവാസ ക്യാംബ് 

കൂട്ടുകാര്‍ക്ക് വേണ്ടി ജീവിത നൈപുണി വികസനവുമായി ബന്ധപ്പെട്ടു ത്രി ദിന സഹവാസ ക്യാംബ് നടന്നു . വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടുകാര്‍ക്ക് വേണ്ടി ക്ലാസ്സുകള്‍ നടത്തി 






ദര്‍ശനം 2012 
ദ്വിദിന രക്ഷാകര്തൃ പരിശീലന പരിപാടി 

അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന പരിപാടികളുമായി ദര്‍ശനം 2012 ദ്വിദിന രക്ഷാകര്തൃ പരിശീലന പരിപാടി നടന്നു . 350 ലധികം രക്ഷിതാക്കള്‍ മൂന്നു കേന്ദ്രങ്ങളിലായി നടന്ന പ്രസ്തുത പരിശീലന പരിപാടികളില്‍ പങ്കെടുത്തു . ദര്‍ശനം എന്ന പേരില്‍ ഒരു കൈപുസ്തകവും ഇതിന്റെ ഭാഗമായി പുറത്തിറക്കി . സ്കൂള്‍ വാര്‍ഷിക പദ്ധതി . കലണ്ടര്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനവും രക്ഷിതാക്കള്‍ക്ക് നല്‍കി . 








ബ്രോഷര്‍ പുറത്തിറക്കി

 പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പുറത്തിറക്കിയ ബ്രോഷറുകള്‍ വിതരണം ചെയ്തു . ബ്രോഷറിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും കൂട്ടുകാരുടെ പങ്കാളിത്തം പൂര്‍ണമായിരുന്നു . 







                        കുട്ടി മനസ്സുകളില്‍ ക്ലാസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറവെടുക്കുന്ന ചിന്തകള്‍ കൂടി തൂവലിന്റെ വര്‍ണ്ണ പേജുകളില്‍ നിറയുമെന്ന പ്രതീക്ഷയോടെ ........

ഞായറാഴ്‌ച, മാർച്ച് 18, 2012

ബി ആര്‍ സി തലത്തില്‍ കൂട്ടുകാരുടെ കൂട്ടം

പെണ്‍ കരുത്തിന്റെ അടയാളമായി  കരാട്ടെ പരിശീലനം 


മികച്ച സാമൂഹ്യ കൂട്ടായ്മയ്ക്ക് ഏറ്റവും നല്ല ഉദാഹരണമായ സ്ഥാപനമാണ്‌ ഒരു വിദ്യാലയം . വിദ്യാലയത്തിന്റെ  മികവ് ആ വിദ്യാലയത്തിലെ കൂട്ടുകാരുടെ അക്കാദമിക മികവിലൂടെ ബോധ്യപ്പെടും . അക്കാദമിക മികവ് നില നിര്‍ത്താന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് തെളിയിക്കുകയാണ് വെങ്ങാനൂരിലെ പെണ്‍ പള്ളിക്കൂടമായ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ....
ഇവിടെ സുവ്യക്തവും ആസൂത്രിതവും  സംസ്ക്കാര വല്കൃതവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാവുന്നു . ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിനു പെണ്‍ കുട്ടികളെ കരുത്തരാക്കുക എന്നത് ഈ വിദ്യാലയപ്രവര്ത്തനങ്ങളുടെ ഒരു അജണ്ടയാണ് .സ്കൂള്‍ തല guides ഗ്രൂപ്പും മറ്റു പ്രവര്‍ത്തനങ്ങളും ഇതിനു ഊന്നല്‍ നല്‍കുന്നു .സമ്പൂര്‍ണ്ണമായ ഒരു വിദ്യാഭ്യാസ ശാസ്ത്രത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാനു പ്രാമുഖ്യം . ഇതില്‍ പ്രാദേശിക സമൂഹത്തിനും വീട്ടിനും വിദ്യാലയത്തിനും ചില ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ ഉണ്ട് . ഇവ തിരിച്ചറിഞ്ഞു കൊണ്ടുള്ള ആസൂത്രണ മികവാണ് ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിനെ വേറിട്ട്‌ നിര്‍ത്തുന്നത് . 
                               ഇവിടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി കൂട്ടുകാരുടെ കരുത്തിന്റെ പ്രതീകമായി ഒരു കരാട്ടെ ടീം പരിശീലനം നേടി മുന്നേറുന്നുണ്ട്. ഈ ടീമിന് ആവശ്യമായ പരിശീലങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീ സുരേഷ് സാറാണ് . സാറിന്റെ നേതൃത്വത്തിലുള്ള പരിശീലനം കുറെ കൂട്ടുകാര്‍ക്ക് ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിക്കൊടുത്തിരുന്നു . ഇത്തവണ ഈ കൂട്ടായ്മയിലേയ്ക്ക് മറ്റുള്ള വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളെയും ചേര്‍ക്കാന്‍ ബി ആര്‍ സി യുടെ സഹകരണത്തോടെ ഈ വിദ്യാലയം മനസ്സ് കാട്ടി  . വിവിധ വിദ്യാലയങ്ങളിലെ നാല്പതിലധികം കൂട്ടുകാര്‍ക്ക് കരാട്ടെയില്‍ മികച്ച പരിശീലനം നല്കാന്‍ കഴിഞ്ഞു . 
                                ആഴ്ചയില്‍ രണ്ടു ദിവസം വൈകുന്നേരങ്ങളിലായിരുന്നു ഇവര്ക്കുവേണ്ടിയുള്ള വേണ്ടിയുള്ള പരിശീലനം . പരിശീലന ദിവസങ്ങളില്‍ കൂട്ടുകാര്‍ക്ക് ലഘു ഭക്ഷണവും പഠിപ്പിക്കുന്ന സുരേഷ് മാസ്റ്റാറും  കുട്ടി മാസ്റ്റര്‍മാരായ നീഷ്മ ശിവകുമാറും ഐശ്വര്യയും ഉള്‍പ്പെടുന്ന ടീമിന് ചെറിയ പ്രതിഫലവും ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു . ഒരു ആയോധന കലയില്‍ പരിശീലനം നേടി സ്വയം ആത്മവിശ്വാസമുള്ളവരും അച്ചടക്കമുള്ളവരും ആയി മാറുന്ന പഠിതാവിന് പഠനത്തില്‍ മുന്നേറാന്‍ തടസ്സമുണ്ടാകില്ല എന്ന് ഈ അനുഭവം തെളിയിക്കുന്നു .
                                17 - 3 - 2012 ശനിയാഴ്ച ഈ വര്‍ഷത്തെ കരാട്ടെ  പര്ശീലനത്ത്തിന്റെ അവസാന ദിനമായിരുന്നു . പഠനത്തില്‍ ഏര്‍പ്പെട്ട കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അന്ന് ഒന്നിച്ചു കൂടി . മികവിന്റെ പ്രകടങ്ങള്‍ അവര്‍ അവതരിപ്പിച്ചു . ആ പ്രകടനത്തിന്റെ ചിത്രങ്ങള്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യമാണ് ........ 














                                തന്റെ വിദ്യാലയത്തിലെ പരമാവധി വിഭവങ്ങളെ പ്രയോജനപ്പെടുത്തി അധ്യാപനശേഷികള്‍ കൂട്ടായി വിനിയോഗിച്ച്  വിജ്ഞാനം ഏറ്റവും വലിയ സമ്പത്ത് ആണെന്ന് ഏവരെയും ബോധ്യപ്പെടുത്തി പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രവര്ത്തനങ്ങളിലെയ്ക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിനെ  നയിക്കുന്ന പ്രഥമ അധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ സജീവ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ഈ ചടങ്ങ് . ആയിരത്തി എണ്ണൂറിലധികം കൂട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ സമയം നോക്കാതെ കഠിനാധ്വാനം ചെയ്യുന്ന ടീച്ചര്‍ക്ക് ഓരോ കൂട്ടുകാരിയെക്കുറിച്ചും പറയാനുണ്ട് ആയിരം കാര്യങ്ങള്‍ .......... സമഗ്രമായ വിലയിരുത്തലിന്റെയും നിരീക്ഷനത്തിന്റെയും പരിണിത ഫലമാണ് ഈ അറിവുകള്‍ .......
                               കായിക രംഗത്ത്  ഉയരങ്ങള്‍ കീഴടക്കിയ സിന്ധു ടീച്ചറും എല്ലാ സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും ടീച്ചറിന് കൂട്ടായുണ്ട് . ബി ആര്‍ സി യെ പ്രതിനിധീകരിച്ചു ചുമതലയുള്ള അധ്യാപക പരിശീലകരായ ശ്രീ വിജയകുമാര്‍ , ശ്രീ ഗ്ളെന്‍ പ്രകാശ് എന്നിവരുടെ നിരന്തര സാന്നിധ്യവും പ്രചോദനമായിരുന്നു . 

രക്ഷാകര്തൃ പരിശീലനം

ദര്‍ശനം 2012 

സര്‍വശിക്ഷാ അഭിയാന്‍ തിരുവവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന രക്ഷാകര്തൃ പരിശീലന പരിപാടിയുടെ ഭാഗമായി ബാലരാമപുരം ബി ആര്‍ സി യിലും രണ്ടു കേന്ദ്രങ്ങളിലായി ദര്‍ശനം എന്ന് പേരിട്ട പ്രസ്തുത പരിപാടി നടക്കുന്നു .450 ലധികം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്ന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടന്നു കഴിഞ്ഞു . എല്ലാ  വിദ്യാലയങ്ങളും ഈ പരിപാടിയില്‍ താല്പര്യപൂര്‍വ്വം പങ്കെടുക്കണമെന്ന് ബി പി ഓ അറിയിച്ചു .



ബുധനാഴ്‌ച, മാർച്ച് 14, 2012

അധ്യാപക പരിശീലകന്റെ ഡയറിയില്‍ നിന്ന്

വാര്ഷികാഘോഷത്തിന്റെ നിറക്കാഴ്ചയിലേയ്ക്ക് .......


           വാര്‍ഷികാഘോഷങ്ങളുടെ കാലഘട്ടമാണിത് ...... വെങ്ങാനൂര്‍ ഭഗവതിനട യു പി സ്കൂളിന്റെ വാര്ഷികാഘോഷത്തിനു മുരളി സാര്‍ ക്ഷണിച്ചിരുന്നു . വൈകുന്നേരമാണ് പൊതുയോഗം ഉച്ചയ്ക്ക് മുമ്പ് ബി ആര്‍ സി യിലെ ചില ചുമതലകള്‍ അവസാനിച്ചിരുന്നു . ഭക്ഷണം കഴിച്ചു ബാഗുമെടുത്ത് സ്കൂളിലേയ്ക്ക് തിരിച്ചു . 
             സ്കൂളിനു സമീപം എത്തിയപ്പോള്‍ തന്നെ കൂട്ടുകാരുടെ കലാപരിപാടിയുടെ ശബ്ദം എന്നെ വരവേറ്റു . അധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ...... ഒരു ഉത്സവ പറമ്പിന്റെ പ്രതീതി തന്നെ . അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉച്ചയ്ക്ക് മുമ്പുള്ള പരിപാടികള്‍ അവസാനിച്ചു . ഉച്ചഭക്ഷണ സമയമായി . പരസ്പരം  കലഹിച്ചും കിന്നാരം പറഞ്ഞും കൂട്ടുകാര്‍ വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നു . ഭക്ഷണം വിളമ്പുന്നതില്‍ ശ്രദ്ധിച്ചു കൊണ്ട് അധ്യാപകരും ....




ചിലകൂട്ടുകാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു 




   അമ്മമാര്‍ കൂട്ടുകാരെ ഒരുക്കുന്ന തിരക്കിലാണ് . കണ്മഷിയും വളയും മാലയും പൂക്കളും കൊണ്ട് അവര്‍ കൂട്ടുകാരെ അണിയിച് ഒരുക്കുന്നു .




അല്പം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു കൂട്ടുകാര്‍ വന്നു എന്നോട് പരിചയം പുതുക്കി ..." സ്കോളര്‍ഷിപ്പിനു ക്ലാസെടുത്ത സാറല്ലേ ...എന്നെ ഓര്‍മ്മയുണ്ടോ ? " അവരോട് ക്ലാസ്സിലെ വിശേഷങ്ങള്‍ ഞാനും തിരക്കി . കൂട്ടത്തില്‍ പി റ്റി എ പ്രസിടന്റിനെയും മെമ്പര്‍മാരെയും പരിചയപ്പെട്ടു . വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യവും നന്മയും തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരായ രക്ഷിതാക്കള്‍ ......പി ടി എ പ്രസിഡണ്ട്‌ ശ്രീ കെ വി സുനില്‍കുമാര്‍ ഐ ടി ഐ യില്‍ ജോലി ചെയ്യുന്നു . തന്റെ ജോലിയോടൊപ്പം സമയം കിട്ടുമ്പോഴെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു . ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ ശ്രീ ഹരികൃഷ്ണനും മറ്റൊരു രക്ഷിതാവാണ്‌ . ഈ ജനായത്ത വിദ്യാലയത്തിന്റെ വാര്‍ഷിക ആഘോഷ കൂട്ടായ്മയില്‍ മറ്റു തിരക്കുകള്‍  മാറ്റി വച്ച് അവര്‍ ഒരുമിച്ചു ചേരുന്നു . ....
വീണ്ടും അരങ്ങ് സജീവമായി ......




കൂട്ടുകാരുടെ കളരി പ്രകടനങ്ങളാണ് നടക്കുന്നത് .അഖിലയുടെയും കൂട്ടുകാരുടെയും കളരി പ്രകടനങ്ങള്‍ ശ്വാസമടക്കി നോക്കി നിന്നു .....മനസ്സിന്റെ വേഗതയ്ക്കനുസരിച്ച് ക്യാമറയ്ക്ക് വേഗതയില്ല ...... മിഴിവുള്ള ചിത്രങ്ങള്‍ കിട്ടിയില്ല 





അണിയറയില്‍ സജീവ സാന്നിധ്യമായി പഞ്ചായത്ത് മെമ്പറും കൂട്ടരും 




അടുത്തത് നാടകമാണ് .... മാന്ത്രിക വടി !!!!!  
നാടകത്തിന്റെ വിലയിരുത്തല്‍ അസാധ്യം . പ്രൊഫഷനല്‍ നാടകനടന്മാരെ തോല്‍പ്പിക്കുന്ന മെയ് മൊഴി വഴക്കത്തോടെയുള്ള കൂട്ടുകാരുടെ പ്രകടനം കണ്ണിമയ്ക്കാതെ അത്ഭുത പരതന്ത്രനായി ഞാന്‍ കണ്ടു  നിന്നു . 







മാന്ത്രിക വടി കൊണ്ട് സ്പര്‍ശിച്ച വിഷയങ്ങള്‍ അനവധി . മൊബൈല്‍ ദുരുപയോഗവും റിയാലിറ്റി ഷോയും സമ്പത്തിനോടുള്ള ആര്‍ത്തിയും കുഞ്ഞു കൂട്ടുകാരുടെ സര്‍ഗ  ഭാവനയില്‍ പൂത്തിറങ്ങി . സാമൂഹ്യ വൈകല്യങ്ങളും അവയ്ക്കുള്ള മറുപടിയും നേര്‍ക്കാഴ്ചയായി നല്‍കിയ ഈ കൂട്ടുകാരെ ഞാനൊരിക്കലും മറക്കില്ല . 
നാടകം കണ്ടു പുറത്തിറങ്ങിയ ഞാന്‍ പിന്നണിയിലുള്ള സംവിധായകനെ പരിചയപ്പെട്ടു . വേണു ആദിത്യ ..... പ്രതിഭയുടെ ആള്‍രൂപം ......അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ഈ നാടകം കൂട്ടുകാരുടെ കൂട്ടായ്മയില്‍ നിന്നും സൃഷ്ട്ടിക്കപ്പെട്ടതെന്നു അറിയുന്നത് . ഇതിലെ ഓരോ ഡയലോഗും ചലനവും കൂട്ടുകാര്‍ക്ക് സ്വന്തം ....
നാടകവും കലാപരിപാടികളും നടക്കുമ്പോള്‍ പ്രഥമ അധ്യാപകനായ ശ്രീ മുരളി സാര്‍ ക്യാമറയുമായി കൂട്ടുകാരോടോപ്പമുണ്ട് .




അടുത്തത് പൊതു യോഗത്തിനെത്താനുള്ള വിശിഷ്ട അതിഥികള്‍ക്കായുള്ള കാത്തിരിപ്പ് ... 
ഇതിനിടയിലും അലീനയും ധന്യയും തങ്ങളുടെ ദൈനംദിന ജോലികളില്‍ നിന്നും വ്യതിചലിക്കുന്നില്ല . 




നാലര മണിക്ക് പൊതുയോഗം ആരംഭിച്ചു . പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ കെ  രാകേഷ് യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .




മഴവില്ല് ഇന്‍ലെന്റ്റ് മാഗസിന്‍ പ്രകാശനവും കൂട്ടുകാരെ മുഴുവന്‍ അടുത്ത ഗ്രന്ഥശാലയില്‍ അംഗങ്ങളാക്കുന്ന ചടങ്ങും നടന്നു 




സമ്മാനങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി . ചില കൂട്ടുകാര്‍ വന്നു ഇടയ്ക്കിടയ്ക്ക് ഇവ നോക്കുന്നുമുണ്ട് 




സമ്മാനദാനവും ദേശീയഗാനവും കഴിഞ്ഞപ്പോള്‍ മണി എട്ടായി ....
രാത്രിയുടെ നനുത്ത അന്തരീക്ഷത്തില്‍ മനസ്സില്‍ നിറയെ മധുരമുള്ള ഓര്‍മ്മകളുമായി വീട്ടിലേയ്ക്ക് ...
വണ്ടി ഓടിക്കുമ്പോഴും മാന്ത്രിക വടിയിലെ കൂട്ടുകാരായ ശ്രീകാന്തിന്റെയും അപ്പുവിന്റെയും മാന്ത്രിക സ്പര്‍ശമുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ ലഹരിയിലായിരുന്നു... എന്റെ മനസ്സ് 


( ശ്രീ ബാഹുലേയന്‍ സാറിന്റെ ഡയറിയില്‍ നിന്നും )

ഞായറാഴ്‌ച, മാർച്ച് 11, 2012

അധ്യാപക പ്രതിഭകള്‍

പ്രകൃതിയുടെ നന്മ അടുത്തറിഞ്ഞ അധ്യാപകന്‍ .......




                                  ഇതു 2012 മാര്‍ച്ച്‌ 1 നു മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തിന്റെ ഒരു ഭാഗമാണ് . ഈ ലേഖനത്തിലൂടെ വിദ്യാര്തിത്വത്ത്തിന്റെ മഹത്വത്തെ കുറിച്ച് പറയാന്‍ ശ്രമിക്കുകയാണ് ശ്രീ അബ്ദുസമദ് സമദാനി . അദ്ദേഹം വാക്കുകളിലൂടെ വരച്ചിട്ട നന്മയുടെ കിരണങ്ങള്‍ തന്റെ വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന അധ്യാപക പ്രതിഭയാണ് ശ്രീ. ജയചന്ദ്രന്‍ സാര്‍ ...
                                  " എനിക്ക് ധാരാളം കഴിവുകളുണ്ട്  . വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടി ആളുകളെ കയ്യില്‍ എടുക്കും . നല്ല അറിവുള്ള ആളാണ്‌ . മികച്ച സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനാണ് . പക്ഷെ ക്ലാസ്സില്‍ മാത്രം കയറില്ല .... " നമുക്ക് ചുറ്റുമുള്ള ചില അധ്യാപകരുടെ കഥയിതാണ് . ഇതിനൊരു അപവാദമാണ് ശ്രീ ജയചന്ദ്രന്‍ സാറിന്റെ പ്രവര്‍ത്തനങ്ങള്‍ . 10 മണിക്ക് തുടങ്ങി 1 മണി വരെയും 2 മണി മുതല്‍ 4 മണി വരെയും (ഒരാഴ്ചയില്‍ പരമാവധി 28 പീരിയഡ് ) ചട്ടപ്പടി പഠിപ്പിക്കുന്ന അധ്യാപകനല്ല അദ്ദേഹം . ചിന്തയിലും പ്രവൃത്തിയിലും സ്വപ്നത്തിലും ഒക്കെ തന്റെ വിദ്യാലയത്തെ ബന്ധപ്പെടുത്തുന്ന അനുകരിക്കേണ്ട മാതൃകയാണ് ശ്രീ ജയചന്ദ്രന്‍ സാര്‍ ....
ബി ആര്‍ സി യിലെ അംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാഠ പുസ്തകങ്ങളാണ് . കൂട്ടുകാരെ പ്രകൃതിയെ തൊട്ട് അറിയുന്നവരാക്കി കൂടെ കൂട്ടുന്ന പാടവം അദ്ദേഹത്തിനു മാത്രം സ്വന്തം . ഒരു സാധാരണ വിദ്യാലയത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് മികവുകള്‍ വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു കഴിയുന്നു . നല്ല ലാബും പരിസ്ഥിതി സൗഹൃത ക്യാമ്പസ്സും ലൈബ്രറിയും പഠനോപകരണങ്ങളും കൂട്ടുകാര്‍ക്ക് വേണ്ടി ഇവിടെയുണ്ട് . ഓരോ ദിവസവും കൂട്ടുകാര്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭവമാണ് . സെമിനാറും പ്രോജെക്ടും അറിവ് തേടിയുള്ള യാത്രകളും തെരുവ് നാടകങ്ങളും ഈ കൂട്ടുകാര്‍ക്ക് അന്യമല്ല . ഇവയെല്ലാം ജയചന്ദ്രന്‍ സാറിന്റെയും സഹപ്രവര്‍ത്തകരുടെയും ചിന്തയുടെയും കൂട്ടായ്മയുടെയും ഫലമാണ് . 




                                          ഒരു നാടും ഒരു വിദ്യാലയവും അധ്യാപകന്റെ പേരില്‍ അറിയപ്പെടുക അനന്യമായ ഒരു അനുഗ്രഹമാണ് . നരുവാമൂട് എന്ന ഗ്രാമവും പള്ളിച്ചല്‍ എസ് ആര്‍ എസ് യു പി സ്കൂളും എന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്നത് ശ്രീ ജയചന്ദ്രന്‍ സാറിന്റെ പേരിലാണ് . ഇതറിയണമെങ്കില്‍ ഫെബ്രുവരി  മാസത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രം പരിശോധിച്ചാല്‍ മതി .....


ശാസ്‌ത്ര പരീക്ഷണങ്ങള്‍ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി .....


ദേശീയ ശാസ്‌ത്ര ദിനവുമായി ബന്ധപ്പെട്ടു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് തന്റെ കൂട്ടുകാര്‍ക്ക് വേണ്ടി ജയചന്ദ്രന്‍ സാറും സഹ അധ്യാപകരും ചേര്‍ന്ന് ഒരുക്കിയത് ......
എല്ലാ കൂട്ടുകാര്‍ക്കും ഇഷ്ട്ടം പോലെ ശാസ്‌ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പരീക്ഷണ കൂട്ടായ്മ ആസൂത്രണം ചെയ്തു . ഈ പ്രവര്‍ത്തനങ്ങളില്‍ പഠിതാക്കളും അധ്യാപകരും കൂട്ടുകാര്‍ തന്നെ ......





ശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ സംഘടിപ്പിച്ചു . 
ശാസ്‌ത്ര പ്രദര്‍ശനങ്ങള്‍ , പ്രത്യേക അസംബ്ളി
ഈ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ലഘു ലേഖകളും മറ്റു പ്രസിദ്ധീകരണങ്ങളും









പരിസ്ഥിതി സൗഹൃദ കൂട്ടായ്മയ്ക്ക് ഉതകുന്ന വിദ്യാലയ അന്തരീക്ഷമാണ് ഇന്ന് എസ്‌ ആര്‍ എസ്‌ യു പി സ്കൂളിലുള്ളത്.....


നക്ഷത്ര വനം പദ്ധതി നടപ്പിലാക്കി 
പച്ചക്കറി ,വാഴ എന്നിവയുടെ ജൈവ കൃഷി 




സ്കൂള്‍ വളപ്പില്‍ ഫല വൃക്ഷങ്ങള്‍ 






ഔഷധ സസ്യ തോട്ടം 




വളത്തിനു വേണ്ടി മണ്ണിര കമ്പോസ്റ്റ് 
പ്ലാസ്റ്റിക് വിമുക്ത കാമ്പസ് 


പ്രവര്‍ത്തനങ്ങളുടെ മികവും കഠിന പ്രയത്നവും തിരിച്ചറിയാന്‍ സ്കൂളിനു  ലഭിച്ച അംഗീകാരങ്ങള്‍ പരിശോധിച്ചാല്‍ മതി .....





  • നിരവധി തവണ എനര്‍ജി മാനേജുമെന്റിന്റെ സംസ്ഥാന പുരസ്ക്കാരം 
  • ഗാന്ധി ദര്‍ശന്‍ സംസ്ഥാന പുരസ്ക്കാരം 
  • ദേശീയ ഹരിത സേനയുടെ ഗ്രീന്‍ സ്കൂള്‍ പദവി 
  • മികച്ച എക്കോ ക്ലബ്ബിനുള്ള പുരസ്ക്കാരം 
  • റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ സംസ്ഥാന പുരസ്ക്കാരം 
  • ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗയിട്സ് പ്രശംസാ പത്രം 
  • ചരിത്ര ഗവേഷണ കൌണ്‍സില്‍ അംഗീകാരം 
  • മലയാള മനോരമ പലതുള്ളി പുരസ്ക്കാരം 
  • സംസ്ഥാന സര്‍ക്കാരിന്റെ എന്റെ മരം വനമിത്ര പുരസ്ക്കാരം 
  • സര്‍വോദയ educational സൊസൈറ്റി പുരസ്ക്കാരം 
  • ആര്‍ സി എ യുടെ excellent പുരസ്ക്കാരം 
  • മികവ് "2008 സംസ്ഥാന പുരസ്ക്കാരം 
  • മലയാളമനോരമ ബോള്‍ട്ട് പുരസ്ക്കാരം 
  • ഗലീലിയോ ലിറ്റില്‍ scientist ജില്ലാതല അംഗീകാരം 
  • വി എസ്‌ എസ്‌ സി യുടെ സംസ്ഥാന പുരസ്ക്കാരം രണ്ടു  തവണ 
  • മാതൃഭൂമി സീഡ് പ്രത്യേക പുരസ്ക്കാരം , മികച്ച കോ ordinator ബഹുമതി 

2010 ലെ ദേശീയ അധ്യാപക അവാര്‍ഡ് ശ്രീ ജയചന്ദ്രന്‍ സാറിനു ലഭിച്ചത് , തന്റെ വിദ്യാലത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സ്വന്തം പ്രതിഭയും കഴിവും വളര്‍ത്താന്‍ ശ്രമിച്ചത്‌ കൊണ്ടാണ് . ഇതിനു പിന്തുണയായി വര്‍ത്തിച്ച തന്റെ സഹപ്രവര്‍ത്തകരെയും പ്രഥമ അധ്യാപകരായിരുന്ന ശ്രീ കൃഷ്ണന്‍ സാറിനെയും ശ്രീ വിജയന്‍ സാറിനെയും ജയചന്ദ്രന്‍ സാര്‍ മറക്കുന്നില്ല .
തന്റെ സഹപ്രവര്‍ത്തകര്‍ സ്വന്തം സ്വപ്‌നങ്ങള്‍ പങ്കു വയ്ക്കാനും നടപ്പിലാക്കാനും തുറന്ന മനസ്സോടെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് ഈ നേട്ടങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം പറയുന്നു .
" മിടുക്ക് കാട്ടും ചിലര്‍ ,കേള്‍ ചിലര്‍ക്ക് -
  മിടുക്കതന്ന്യന്നു മനസ്സിലാക്കാന്‍ 
  പടത്വമീരണ്ടിനുമുള്ള വിദ്വാന്‍ 
  നടക്കണം ശിക്ഷക വര്യനായി "
     ശ്രീ എ ആര്‍ തമ്പുരാന്‍ നല്ല അധ്യാപകന് നല്‍കുന്ന വിശേഷണമാണ് മുകളില്‍ വിവരിച്ച ശ്ളോകം ....ഒരു യഥാര്‍ഥ അധ്യാപകന് അഗാധമായ അറിവിലുപരി നിരവധി ഗുണങ്ങള്‍ ഉണ്ടായിരിക്കണം . തന്റെ മുമ്പിലിരിക്കുന്ന കൂട്ടുകാരുടെ മനസ്സറിഞ്ഞു അറിവ് നിര്‍മ്മാണ പ്രക്രിയയ്ക്ക് കൂട്ടായി വര്‍ത്തിക്കുന്ന ആളാകണം . ശ്രീ ജയചന്ദ്രന്‍ സാറിനെ നമുക്ക് ഈ ഗണത്തില്‍ പെടുത്താം. എസ്‌ ആര്‍ എസ്‌ യു പി സ്കൂളിലെ കൂട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പറയും തങ്ങളുടെ സാറിനെപ്പറ്റി ......


" അകക്കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തില്‍ എത്തണം  " 


കുട്ടികളുടെ കൂട്ടുകാരനായി എല്ലാ പ്രവര്‍ത്തനങ്ങളും അവരെ തന്നോടൊപ്പം കൂട്ടി അറിവിന്റെ പടവുകള്‍ കയറാന്‍ സഹായിക്കുന്ന അധ്യാപക പ്രതിഭയാണ് ശ്രീ ജയചന്ദ്രന്‍ സാര്‍ . ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജ്ജം പകരാന്‍ ഒറ്റക്കെട്ടായി തന്റെ പ്രഥമ അധ്യാപികയും സഹ അധ്യാപകരും രക്ഷിതാക്കളും കൂട്ടായുണ്ട് എന്നതാണ് അദ്ദേഹം ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് ........ 






വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ബി ആര്‍ സി വാര്‍ത്തകള്‍

ചിത്രങ്ങള്‍ കഥ പറയുന്നു .......


                                 ബി ആര്‍ സി തല ഇംഗ്ലീഷ് ഫെസ്റ്റ് ന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ ഗ്യാലറി ചുവടെ ചേര്‍ക്കുന്നു . ഈ ചിത്രങ്ങളോരോന്നും കൂട്ടുകാരുടെ ഇംഗ്ലീഷ് ഭാഷാ മികവുകളുടെ കഥ പറയും........