ശനിയാഴ്‌ച, ഡിസംബർ 24, 2011

ദിനാഘോഷങ്ങള്‍

വേറിട്ടൊരു പഠന പ്രവര്‍ത്തനമായി ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ ......


ബാലരാമപുരം ബി ആര്‍ സി യിലെ എല്ലാ വിദ്യാലയങ്ങളിലും ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു . പുതുമയാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത് . ജി  എല്‍ പി എസ് തൊങ്ങല്‍ നെല്ലിമൂട് നടന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ട അനുഭവമായി ..... ക്രിസ്മസ് പാപ്പയായി വേഷമിട്ട കൂട്ടുകാരന്റെ നേതൃത്വത്തില്‍ നടന്ന യാത്രയോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് . പുല്‍കൂടും ക്രിസ്മസ് മരവും ഒരുക്കിയിരുന്നു . 
ഏറ്റവും ശ്രദ്ധേയമായത് 2011 ലെ പ്രധാന സംഭവങ്ങള്‍ ഓരോന്നോരോന്നായി അവതരിപ്പിച്ചതാണ് . ക്രിസ്മസ് അപ്പൂപ്പന്‍ ആംഗ്യ ഭാഷയിലാണ് സംസാരിച്ചത് . ഈ ആംഗ്യഭാഷയെ മറ്റൊരു കൂട്ടുകാരന്‍ മറു ഭാഷയില്‍ അവതരിപ്പിച്ചു .ഇതിനെ വേറൊരാള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി .
ഉദാഹരണമായി ....മുല്ലപ്പെരിയാര്‍ പ്രശ്നം അവതരിപ്പിച്ചത് ഇങ്ങനെ.....
മുല്ലപ്പെരിയാര്‍ ഡാം ഡോണ്ട് ക്രോന്ദ് ബ്രാന്‍ഡ്‌ ഇടുക്കി ക്രഷാചിയെ...
ഇതിന്റെ വിവര്‍ത്തനം ഇങ്ങനെ ....മുല്ലപ്പെരിയാര്‍ ഡാം പോട്ടരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് ഞാന്‍ ഇടുക്കി സന്ദര്‍ശിച്ചത് ....
മറ്റൊരു കാര്യം പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് ഇങ്ങനെ ....ആദാമിന്റെ മകന്‍ അബു യാ പ്രിയാ സലിം കുമാര്‍ അമരാ ഗരാരാ.....
വിവര്‍ത്തനം ...ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് അവാര്‍ഡു കിട്ടിയ വിവരം സലിം കുമാര്‍ എന്നെ അറിയിച്ചിരുന്നു .അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു .
2011 ല്‍ വിട പറഞ്ഞു പോയവര്‍ , മാലിന്യ പ്രശ്നം ,കൂട്ടുകാരെ കുത്തി നിറച്ചു ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ വരുത്തി വയ്ക്കുന്ന വിനകള്‍ എന്നിങ്ങനെ മുഴുവന്‍ സംഭവങ്ങളും രസകരമായി കൂട്ടുകാര്‍ക്ക് വേണ്ടി അവതരിപ്പിച്ചു . മതേതര സംസ്ക്കാരം തുളുമ്പുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു .മികച്ച സാമൂഹ്യ പങ്കാളിത്തം പ്രവര്‍ത്തനങ്ങളുടെ മികവുകള്‍ക്ക് കാരണമായി .വിരമിച്ച പ്രധമാധ്യാപികയായ ശ്രീമതി സുകുമാരിഅമ്മ ടീച്ചറിന്റെ സകുടുംബ സാന്നിധ്യം ചടങ്ങുകള്‍ക്ക് നിറവായി .
 കെ എസ് ഇ ബി യിലെ എ ഇ യായി പെന്‍ഷന്‍ പറ്റിയ ശ്രീ പ്രതാപ ചന്ദ്രന്‍ സാര്‍ സ്കൂള്‍ റിക്കാര്‍ഡുകള്‍ അടുക്കി പോതിയിട്ടു ക്രമപ്പെടുത്തി സൂക്ഷിക്കുന്നതില്‍ സ്കൂളിനെ സഹായിക്കുന്ന തിരക്കിലായിരുന്നു .ഒരു കൊച്ചു വിദ്യാലയത്തിനെ മികവിലെക്കെത്തിക്കുവാന്‍ സ്കൂളിനെ സ്നേഹിക്കുന്നവര്‍ കൈ മെയ്യ് മറന്നു പ്രവര്‍ത്തിക്കുന്നത് മനസ്സിന് കുളിര്‍മ നല്‍കുന്ന കാഴ്ച തന്നെ ..... കൂട്ടുകാരായ അനിജിത് ,അഹല്യ , അഖില്‍ കൃഷ്ണന്‍ , വാണി ബിനു എന്നിവരുടെ പ്രകടനങ്ങള്‍ കാഴ്ചയ്ക്ക് വിരുന്നായി ...
 അധ്യാപക പരിശീലകനായ ശ്രീ അശോകന്‍ കൂട്ടുകാര്‍ക്കു പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്തു . വിഭവ സമൃദ്ധമായ പായസ സദ്യയും മധുര പലഹാര വിതരണവും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു . 

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

പഠനം രസകരം

പുതു വര്‍ഷത്തെ വരവേല്‍ക്കാം ........


കൂട്ടുകാരേ ,പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ....


                                  2011 അവസാനിക്കുകയാണ് ... തൂവലിനെ സംബന്ധിച്ച് ഒരു സുപ്രധാന ഘട്ടം കൂടി കടക്കുന്നു .തൂവലിന്റെ അന്‍പതാമത് ലക്കമാണ് ഇത് .ആ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു . പുതുവര്‍ഷത്തെയ്ക്ക് കടക്കുന്ന നിങ്ങളോട് പഠനത്തെ കുറിച്ചും മറ്റുമുള്ള ചില കാര്യങ്ങള്‍ ആശംസകളോടൊപ്പം പങ്കു വയ്ക്കുന്നു . ഇത് അവരെ അറിയിക്കണം . വായനാ സാമഗ്രിയായി നല്‍കിയാലും മതി ....ബാലസഭകളില്‍ ചര്‍ച്ചയും സംഘടിപ്പിക്കണം
പുതുവത്സര ആശംസകളോടെ


ആര്‍ സുരേഷ് ബാബു
ബി പി ഓ , ബി ആര്‍ സി ബാലരാമപുരം

പഠനത്തിനു ലക്‌ഷ്യം വേണം .......


                          എന്തിനും ഏതിനും ലക്‌ഷ്യം വേണം .ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ ഉയര്‍ച്ചയില്‍ എത്തിക്കും . സ്വസ്ഥവും ശാന്തവുമായ മനസ്സോടെ ഏകാഗ്രതയോടെ പഠനത്തില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് കഴിയണം .ക്ലാസ്സ്‌ മുറിയില്‍ കൂട്ടുകാരോടൊപ്പം പുതിയ പഠന തന്ത്രങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ട് പഠനത്തിന്റെ രീതി ശാസ്ത്രം സ്വായത്തമാക്കണം . അതിനു അധ്യാപകരുടെ സഹായം തേടണം .


പഠനത്തിനു ടൈം ടേബിള്‍ വേണം ....


                          നന്നായി ഉറങ്ങുന്നത് പഠനത്തെ സഹായിക്കും . ഉറങ്ങുമ്പോള്‍ ഉറങ്ങണം പഠിക്കുമ്പോള്‍ പഠിക്കണം . 8  മണിക്കൂര്‍ ഉറങ്ങാനായി ഇപ്പോല്‍ എടുക്കാം . കളി ഒരു മണിക്കൂര്‍ . ടി വി കാണാന്‍ അര മണിക്കൂറെ ചിലവാക്കാന്‍ പാടുള്ളൂ . അതില്‍ കൂടുതല്‍ ടി വി കാണുന്നത് പഠനത്തെ ബാധിക്കും . കൂടുതല്‍ സമയം കാര്‍ടൂണ്‍ പോലുള്ള പരിപാടികള്‍ കാണുന്നത് കണ്ണിന്റെ കാഴ്ച്ചയെ ബാധിക്കും . മുതിര്‍ന്നവരോടൊപ്പം ഇരുന്നു ടി വി കാണുന്നതാണ് അഭികാമ്യം . പഠനത്തിനു ഏറ്റവും നല്ല സമയം രാവിലെയാണ് .


സ്കൂളില്‍ നിന്നും എത്തിയാല്‍ .......


 • സ്കൂളില്‍ നിന്നും എത്തിയാലുടന്‍ ഉടുപ്പൂരി എറിഞ്ഞ് കളിയ്ക്കാനായി ഓടരുത് ...
 • ആദ്യം വസ്ത്രം മാറണം ,പിന്നെ ഭക്ഷണം കഴിക്കണം
 • സ്കൂളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരു പ്രാവശ്യം വായിച്ചു നോക്കണം .അതിനു ശേഷം ചെയ്യേണ്ട ജോലികള്‍ ക്രമമായി പ്രാധാന്യമനുസരിച്ച് കുറിച്ച് വയ്ക്കണം
 • അല്‍പനേരം കളിച്ചശേഷം തിരിച്ചുവന്നു മേല്‍ കഴുകി പ്രാര്‍ത്ധിച്ച ശേഷം പഠിക്കാനിരിക്കണം .
 • നേരത്തെ ഭക്ഷണം കഴിക്കണം . വയര്‍ നിറയെ കഴിക്കരുത് . ഭക്ഷണം ആവശ്യത്തിനു മാത്രം

കാണാതെ പഠിക്കരുത് ....


                           പഠിക്കുമ്പോള്‍ ആശയങ്ങളാണ് പഠിക്കേണ്ടത് , വാക്കുകളല്ല . മനസ്സിലാക്കി പഠിക്കണം . കുത്തിയിരുന്നു പഠിക്കുന്നത് ഒഴിവാക്കണം .നോട്ടു തയ്യാറാക്കല്‍ ഒരു പഠന തന്ത്രമായി സ്വീകരിക്കാം .ഒരു കൂട്ടുകാരന്‍ പറഞ്ഞതിങ്ങനെ ..." എനിക്ക് നന്നായി പഠിക്കണമെങ്കില്‍ എന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയത് തന്നെ വായിക്കാന്‍ കഴിയണം " പഠിക്കുന്ന സമയത്ത് പഴയ നോട്ടു പുസ്തകങ്ങളോ one side pepperukalo അടുത്ത് കരുതുന്നത് നല്ലതാണ് . ഇവയില്‍ ആവശ്യമായ കുറിപ്പെടുത്തലുകള്‍ വരുത്തണം . ഈ നോട്ടുകള്‍ സൂക്ഷിച്ചു വച്ചാല്‍ ആവശ്യമുള്ളപ്പോള്‍ ഒന്ന് നോക്കിയാല്‍ മതിയാകും


വായന പഠനത്തിനു പ്രധാനം .....


മൗന വായനയാണ് പഠനത്തിനു നല്ലത് . എങ്കിലും ചില ഘട്ടങ്ങളില്‍ ഉച്ചത്തിലുള്ള വായന വേണം .ഉച്ചാരണ ശുദ്ധി സ്വയം ബോധ്യപ്പെടുന്നതിനും ആത്മ വിശ്വാസം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും . വായന ഇടയ്ക്ക് നിര്‍ത്തി മനസ്സില്‍ വായിച്ച കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ ശ്രദ്ധിക്കണം . അവയെക്കുറിച്ചുള്ള ചിന്ത മനസ്സിലിട്ടു നടക്കണം . സംശയങ്ങള്‍ മുതിര്‍ന്നവരോട് ചോദിക്കണം .


ഓര്‍മ്മിക്കാന്‍ നിരവധി വഴികള്‍ .....


 • ബന്ധിപ്പിച്ചു പഠിക്കല്‍ ശീലമാക്കുക
 • കഥകള്‍ , പാട്ടുകള്‍ ചിത്രങ്ങള്‍ , സംഭവങ്ങള്‍ , എന്നിവയുമായി ബന്ധപ്പെടുത്തി ഓര്‍ത്തു വയ്ക്കുക
 • ഓരോ ദിവസവുമുള്ളത് അന്നന്ന് തന്നെ പഠിക്കണം ....ഒരു കാര്യവും നാളത്തെയ്ക്ക് മാറ്റി വയ്ക്കരുത് . ഇത് അലസതയുടെ ലക്ഷണമാണ് .
 • പ്രയാസമുള്ള വിഷയത്തിനു പ്രാധാന്യം നല്‍കണം

പഠന സ്ഥലം വൃത്തിയായി സൂക്ഷിക്കുക ....


 • അടുക്കും ചിട്ടയുമുള്ള പഠനസ്ഥലം ക്രമീകരിക്കണം
 • പഠന സാമഗ്രികള്‍ അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം
 • പഠനം കഴിഞ്ഞശേഷം സാമഗ്രികള്‍ അടുക്കി വച്ച് പഠന സ്ഥലം വെടിപ്പുള്ളതാക്കണം

പഠിച്ച കാര്യങ്ങള്‍ അച്ഛനമ്മമാരെ കേള്‍പ്പിക്കുക ......


 • പഠനത്തില്‍ അച്ഛനെയും അമ്മയെയും പങ്ക്കാളിയാക്കണം
 • പഠിച്ച കവിതകള്‍ , സ്വന്തം സൃഷ്ടികള്‍ എന്നിവ അവരെ കാണിക്കണം ,സൂക്ഷിക്കണം
 • വീട്ടിലും സ്വന്തമായി ഒരു പോര്‍ട്ട്‌ ഫോളിയോ തയാറാക്കണം . അതില്‍ നിങ്ങളുടെ ആക്കാദമിക മികവുകളുടെ രേഖകള്‍ ,സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തണം
 • വീട്ടില്‍ ഒരു ലൈബ്രറി ക്രമീകരിക്കണം . അതില്‍ പഴയ പാഠ പുസ്തകങ്ങള്‍ , ശേഖര പുസ്തകങ്ങള്‍ , പത്ര ശേഖരങ്ങള്‍ ,മറ്റു പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം .
 • സമ്മാനങ്ങളായി പുസ്തകങ്ങള്‍ മതിയെന്ന് മാതാപിതാക്കളോട് പറയണം .
 • സ്ഥിരമായി പത്രം വായിക്കണം . പത്രത്തിലെ വാര്‍ത്തകളുടെ വിശകലന കുറിപ്പുകള്‍ പത്ര കട്ടിങ്ങുകലോടൊപ്പം എഴുതി സൂക്ഷിക്കണം

സ്കൂളിലെ വിശേഷങ്ങള്‍ അമ്മയോട്........


 • ദിവസവും സ്കൂളിലെയും കൂട്ടുകാരുടെയും എല്ലാ വിശേഷങ്ങളും അമ്മയോടോ അച്ഛനോടോ പറയണം
 • യാത്രകള്‍ പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ , സംഭവങ്ങള്‍ എന്നിവയെ കുറിച്ച് അവരോട് നിരന്തരം സംസാരിക്കാന്‍ ശ്രദ്ധിക്കണം
 • പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ കുറിച്ച് വച്ച് ടീച്ചര്‍മാരോട്ചോദിക്കാം


സ്വയം വിശകലനം ശീലമാക്കണം......


 • സ്വന്തം പ്രശ്നങ്ങള്‍ എന്താണെന്ന് സ്വയം കണ്ടെത്താന്‍ ശ്രമം നടത്തണം
 • പ്രശ്നങ്ങള്‍ കുറിച്ച് വയ്ക്കണം
 • മന :പ്പുര്‍വ്വം സ്വഭാവത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക
 • അതിനു കഴിയുന്നില്ലെങ്കില്‍ അധ്യാപകരോടും രക്ഷിതാക്കളോടും ഇക്കാര്യങ്ങള്‍ തുറന്നു പറയുക , പരിഹാരം കാണാന്‍ ശ്രമിക്കുക

നന്നായി വളരുന്നതിന് നല്ല ആഹാര ശീലങ്ങള്‍ ...
 • ആവശ്യത്തിനു നല്ല ആഹാരം കഴിക്കണം .ഒരിക്കല്‍ കഴിച്ച്‌ 3 മണിക്കൂര്‍ കഴിഞ്ഞേ അടുത്ത് ആഹാരം കഴിക്കാവൂ . പരമാവധി സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക
 • വ്യായാമം ശീലമാക്കുക . അപകടകരമല്ലാത്ത കളികളില്‍ ഏര്‍പ്പെടുക . പരമാവധി നടക്കുക 
 • ശുചിത്വ ആഹാര ശീലങ്ങള്‍ പാലിക്കുക 
 • പെപ്സി , കോള ,ഫാസ്റ്റ് ഫുഡ് , ടിന്‍ ഫുഡുകള്‍ എന്നിവ പരമാവധി ഒഴിവാക്കുക 
 • നല്ല കൂട്ടുകാരെ കണ്ടെത്തുക ....
 • അംഗീകാരം , പ്രോത്സാഹനം , പഠനസഹായം എന്നിവയ്ക്ക് കൂട്ടായി മാറുന്ന നല്ല കൂട്ടുകാരെ സ്വയം കണ്ടെത്താന്‍ ശ്രമിക്കണം 

ജീവിതത്തിലെ ജയപരാജയങ്ങളെ സമചിത്തതയോടെ നേരിടുക.....


 • ഏപ്പോഴും ഒന്നാമനാകാന്‍ ആര്‍ക്കും കഴിയില്ല ഈ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയണം 
 • പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം 
 • ആസ്വദിച്ചു പഠിക്കണം 
 • സ്വന്തം കഴിവ് പരമാവധി ഉപയോഗിക്കണം 
 • പരാജയ ഘട്ടങ്ങളില്‍ കുറ്റബോധവും നിരാശയും ഒഴിവാക്കുക 
 • തെറ്റുണ്ടായാല്‍ അത് മനസ്സിലാക്കി മാപ്പ് പറയാനും ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം 
 • അച്ഛനമ്മമാരെ ആദരിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുക 
 • മറ്റുള്ളവരുടെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ ശീലിക്കുക 

അപകടങ്ങളില്‍ പെടാതിരിക്കാന്‍ ......


 • ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അച്ഛനോടോ അമ്മയോടോ തുറന്നു പറയണം 
 • മറ്റു ചിത്രങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ തേടി പോകരുത് 
 • മറ്റു വീടുകളില്‍ പോയിരുന്ന് സി ഡി യും ടി വി യും കാണുന്നത് ഒഴിവാക്കുക 
 • നമ്മെ ചൂഷണം ചെയ്യുന്നു എന്ന് ബോധ്യം വന്നാല്‍ അത്തരം ആളുകളെ അകറ്റി നിര്‍ത്തണം 
 • വീണ്ടും ഉപദ്രവം ഉണ്ടാകുമെന്ന് തോന്നിയാല്‍ മുതിര്‍ന്നവരെ അറിയിക്കണം 
 • സ്വന്തം ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ,പ്രശ്നങ്ങള്‍ അമ്മയെ/ അച്ഛനെ അറിയിക്കുക 
 • ഇന്റര്‍നെറ്റ്‌ ,കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ഇവയുടെ ഉപയോഗം മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രം 
 • പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക 

"ഞാന്‍ ഒരിക്കലും ഇത്തരം പ്രലോഭനങ്ങളില്‍ പെടില്ല . ഞാന്‍ ഏപ്പോഴും നല്ല കൂട്ടുകാരനായിരിക്കും . നന്മ നിറഞ്ഞ ചിന്തകള്‍ മാത്രമേ എന്നിലുണ്ടാകൂ ... പഠനത്തിലൂടെ ഉന്നത വിജയം , ഇതു മാത്രമാണ് എന്റെ ലകഷ്യം "

     ഈ ചിന്തകള്‍ നിങ്ങളെ നയിക്കട്ടെ .....
     ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു ....
നിങ്ങളുടെ നല്ല സ്കൂള്‍ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് ഈ മെയില്‍ ചെയ്യൂ ..... വിലാസം brcblpm@gmail.com 

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുസ്തക മേള

കൂട്ടുകാര്‍ക്കൊരു കത്ത്

                                             ആറ്റിങ്ങല്‍
                                                                                          16/12/2011
പ്രിയപ്പെട്ട കൂട്ടുകാരെ ....


                                              ഞാന്‍ പ്രസന്നകുമാരി .... നിങ്ങളില്‍ പലര്‍ക്കും എന്നെ അറിയാം ....കൂട്ടുകാരുടെ പലരുടെയും വിദ്യാലയങ്ങളില്‍ ഞാന്‍ വന്നിട്ടുണ്ട് . നിങ്ങളോട് വിശേഷം പറയാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല .നിങ്ങള്‍ കൂട്ടുകാരില്‍ പലരും നല്ല വായനക്കാര്‍ ആണെന്നും പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ ആണെന്നും എനിക്ക് നന്നായി അറിയാം . നിങ്ങളുടെ ഓരോ വിദ്യാലയത്തിലും ലൈബ്രറിയില്‍ ഇപ്പോള്‍ ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് .അവ വായിച്ചും അതിലെ കഥാപാത്രങ്ങളോട് കിന്നാരം പറഞ്ഞും വായന ആസ്വദിക്കുന്നു എന്നത് തന്നെ എനിക്ക് സന്തോഷം തരുന്ന കാര്യമാണ് . വായനയുമായി ബന്ധപ്പെട്ട ഒരു മേള തിരുവനന്തപുരത്ത് ഡിസംബര്‍ 22 മുതല്‍ 31 വരെ തിയതികളില്‍ സംസ്‌കൃത കോളേജ് കാമ്പസ്സില്‍ വച്ച് നടക്കുന്നു .
                                              ഈ പുസ്തക മേളയില്‍ നിങ്ങള്ക്ക് വേണ്ട എല്ലാ പുസ്തകങ്ങളും പഠന സാമഗ്രികളും ഒക്കെ ലഭ്യമാണ് . കൂട്ടുകാര്‍ക്ക് വേണ്ടി തല്‍സമയ മത്സരങ്ങള്‍ ,കളികള്‍ ,സര്‍ഗ വേദി ,ചിത്രകാര ശില്പശാല , ബാല സാഹിത്യ ശില്പശാല എന്നിവയും നടക്കുന്നുണ്ട് . ക്രിസ്മസ് അവധിക്കാലത്ത്‌ നടക്കുന്ന ഈ മേളയില്‍ മറ്റു ചില അത്ഭുതങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട് . ശ്രീ നാരായണ ഗുരുദേവന്റെ കൃതികളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .
                                              പുതുമയാര്‍ന്ന ഭംഗിയുള്ള പുസ്തകങ്ങള്‍ കണ്‍ നിറയെ കാണാനും പുതുവത്സര സമ്മാനമായി അവ വാങ്ങാനും നിങ്ങള്‍ ഓരോരുത്തരും രക്ഷിതാക്കലുമോത്ത് മേളയില്‍ പങ്ക്കെടുക്കുമല്ലോ .... അവിടെ കണ്ടും കേട്ടും ആസ്വദിച്ചുമുള്ള നിങ്ങളുടെ അനുഭവങ്ങള്‍ ഇഷ്ട്ടപ്പെട്ട രൂപത്തില്‍ (അനുഭവ കുറിപ്പ് , ഡയറി , യാത്രാ കുറിപ്പ് , പുസ്തക നിരൂപണം , ചിത്രം , ......)ഞങ്ങളെ എഴുതി അറിയിക്കണം .ബാലരാമപുരം ബി ആര്‍ സി യില്‍ 2012 ജനുവരി 15 നു മുന്‍പ് ഇവ എത്തിക്കാന്‍ മറക്കരുത് ....... പുസ്തകമേളയുടെ വിശദ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .


                                              സ്നേഹ പൂര്‍വ്വം


എസ് . പ്രസന്നകുമാരി
ലക്ചറര്‍
DIET , ആറ്റിങ്ങല്‍ 

വിവിധ വിദ്യാലയങ്ങളിലെ അധ്യാപക സുഹൃത്തുക്കള്‍ക്കും ഈ അവസരം വിനിയോഗിക്കാം .എസ് എസ് എ അനുവദിച്ചിട്ടുള്ള പുസ്തക ഗ്രാന്റ്  ഉപയോഗിച്ച്  എസ് എസ് എ നിര്‍ദ്ദേശിച്ചിട്ടുള്ള ലിസ്റ്റില്‍ നിന്നും പുസ്തകങ്ങള്‍ എവിടെ നിന്നും വാങ്ങാവുന്നതാണ് .
പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍  താഴെ പറയുന്ന ഉത്തരവിലെ കാര്യങ്ങള്‍  ശ്രദ്ധിക്കേണ്ടതാണ് ....
G. O . NO. P-1/3225/2011-SSA Dated 03/12/2011
ഈ ഉത്തരവിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിട്ടുണ്ട് .
പ്രത്യേക എസ് ആര്‍ ജി ചേര്‍ന്ന് ഉത്തരവിലെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തു പുസ്തകങ്ങള്‍ വാങ്ങാന്‍ ചുമതല നല്‍കണം 
                        

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

സ്കൂള്‍ വിശേഷങ്ങള്‍

മാറുന്ന മുഖവുമായി ഗവ . എല്‍ പി എസ് കഴൂര്‍ മൂലക്കര 


കോട്ടുകാല്‍ പഞ്ചായത്തിലാണ് ഈ വിദ്യാലയം . സ്കൂളിനടുത്ത് തന്നെ ശ്രീ നാരായണ ഗുരു മന്ദിരം സ്ഥിതി ചെയ്യ്യുന്നു. വളരെ പാവപ്പെട്ട വീടുകളിലെ കൂട്ടുകാരാണ് എവിടെ പഠിക്കുന്നത് . പക്ഷെ വായനയിലും എഴുത്തിലും പഠനത്തിലും അവര്‍ വളരെ മുന്നിലാണ് . ഭൌതിക സാഹചര്യങ്ങള്‍ പരിമിതമാണെങ്കിലും ഉള്ളവ പരമാവധി നന്നായി ഉപയോഗിച്ചിട്ടുണ്ട് . പല മികവുകളും പകര്ത്താവുന്നതാണ് ....... സ്കൂള്‍ വിശേഷങ്ങളിലേയ്ക്ക് .......
സ്കൂള്‍ ചുവരുകള്‍ പോലും നിറയെ മനോഹരമായ  പഠന സാമഗ്രികള്‍ ആണ് 
മഹത് വചനങ്ങള്‍ ,കവികള്‍ ,മഹാന്മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ എന്നിവ  ഇളക്കി മാറ്റാവുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നു ഓരോ തൂണിനും നിരവധി കാര്യങ്ങള്‍ പറയാനുണ്ട് .........

ഓഫീസ് മുറി പോലും ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് 


കൂട്ടുകാര്‍ക്ക് ഐ ടി പഠനത്തിനുള്ള സംവിധാനവും ഇവിടെയുണ്ട് 


കൂട്ടുകാര്‍ക്ക് വായനയ്ക്ക് പ്രത്യേക സമയമില്ല ....ഇഷ്ടം തോന്നുമ്പോള്‍ വായിക്കാം ഒരു കൊച്ചു പൂന്തോട്ടവും പാര്‍ക്കും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് 


പുറത്ത് നിന്നുള്ള കലാകാരന്മാരല്ല ഇവകൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയത് . ഈ വിദ്യാലയത്തിലെ അധ്യാപകരുടെ കൂട്ടായ്മയാണ് , കലാപരമായകഴിവാണ് മികവുകള്‍ക്ക് പിന്നില്‍ ...അതില്‍ headmaster ശ്രീ സുരേന്ദ്രന്‍ സാറും അധ്യാപകരായ ശ്രീ  ലോറന്‍സ് സാറുംശ്രീ ജയകുമാര്‍ സാറുമൊക്കെ പങ്ക്കാളികലാണ് ......


ഈ മാറ്റങ്ങള്‍ക്കു കരുത്തു പകരാന്‍ കളരി അനുഭവങ്ങളുമായി അധ്യാപക പരിശീലകനായ ശ്രീ അശോകന്‍ സാറിന്റെ നിരന്തര പിന്തുണയും ഉണ്ടായിരുന്നു .....ശനിയാഴ്‌ച, ഡിസംബർ 10, 2011

രസതന്ത്ര വര്‍ഷം 2011

രസതന്ത്ര വിസ്മയങ്ങളുമായി ശാസ്‌ത്ര സെമിനാര്‍ ......


" രസതന്ത്രം ഇന്ന് ,ഇന്നലെ , നാളെ ..."എന്ന വിഷയവുമായി ബന്ധപ്പെട്ടു ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ " ശാസ്‌ത്രപ്രദര്‍ശനവും സെമിനാറും " സംഘടിപ്പിച്ചു . ഈ പരിപാടിയുടെ പഞ്ചായത്ത് തലം 29 /11 /2011 നു നടന്നു .ഓരോ പഞ്ചായത്തിലും ഓരോ വിഷയമാണ് ചര്‍ച്ച  ചെയ്തത് . വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു .......

 • ആല്‍ക്കെമി 
 • രസതന്ത്ര ചരിത്രം 
 • ഭക്ഷണത്തിന്റെ രസതന്ത്രം 
 • മരുന്നുകളുടെ രസതന്ത്രം 
 • റബ്ബറിന്റെ രസതന്ത്രം 
 • ജീവല്‍ പ്രവര്‍ത്തനങ്ങളുടെ രസതന്ത്രം 

ഓരോ വിഷയത്തിലും രണ്ടംഗ ഗ്രൂപ്പുകളാണ് വിവരങ്ങള്‍ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് . പരിപാടിയുടെ നടത്തിപ്പ് കുട്ടികളെ തന്നെ ഏല്‍പ്പിച്ചു . മെച്ചപ്പെട്ട അവതരണം നടത്തിയ ഗ്രൂപ്പിനെ കണ്ടെത്താന്‍ കൂട്ടുകാരെത്തന്നെ ചുമതലപ്പെടുത്തി . വിലയിരുത്തല്‍ സൂചകങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിച്ചു .

 • വിഷയത്തെ കുറിച്ചുള്ള ധാരണ 
 • പഠനത്തിലെ / വിവരശേഖരനത്തിലെ വൈവിധ്യം 
 • അവതരണത്തിനു ഉപയോഗിച്ച ഉപകരണങ്ങള്‍ / വൈവിധ്യം /ശാസ്ത്രീയത 
 • കൂട്ടുകാരുടെ പങ്ക്കാളിത്തം
 • അവതരണത്തിലെ മികവ്
 • ചര്‍ച്ചയില്‍ പങ്ക്കെടുക്കുന്ന രീതി 

പഞ്ചായത്ത് തലത്തില്‍അധ്യാപക പരിശീലകര്‍ക്ക് ചുമതല നല്‍കി ..... ബാലരാമപുരം പഞ്ചായത്തില്‍ നടന്ന അവതരണത്തെ കുറിച്ച് ശ്രീ മന്‍സൂര്‍ ബി ആര്‍ സി തല കൂടിചെരലലില്‍ അനുഭവങ്ങള്‍ പങ്ക്കുവച്ചത് ഇങ്ങനെ......" നനച്ച കടലാസില്‍ സോപ്പ് പുരട്ടി ആഹാരത്തിലെ രസതന്ത്രം എന്ന് എഴുതിക്കാനിച്ചപ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ ആശ്ചര്യവും ആഹ്ളാദവും.....
ലെമണ്‍ റൈസ് എന്താണ് ?
ആഹാരത്തില്‍ കറികള്‍ എന്തിന് ? 
ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്ത്ത്തനങ്ങള്‍ എന്തെല്ലാം ?
എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഭക്ഷണത്തിലെ രസതന്ത്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചിന്തയ്ക്കും അറിവിനും കാരണമായി .....
ആറ് വിഷയങ്ങളിലും മെച്ചപ്പെട്ട അവതരണം നടത്തിയ രണ്ടു വീതം ഗ്രൂപ്പുകളെ ബി ആര്‍ സി തലത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സെമിനാറില്‍ പങ്ക്കെടുപ്പിച്ചു .സെമിനാരിനെത്തിയ കൂട്ടുകാരെ ബി ആര്‍ സി യ്ക്ക് വേണ്ടി ബി പി ഓ ശ്രീ സുരേഷ്  ബാബു സ്വാഗതം ചെയ്തു 
ഒരു ശാസ്‌ത്ര പരീക്ഷണം പരിചയപ്പെടുത്തിയും ശാസ്ത്രവിളക്ക് തെളിയിച്ചും എ ഇ ഓ ശ്രീ ഹൃഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .

എ ഇ ഓ യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും .........
           മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും .... നൈസര്‍ഗ്ഗികമായ ഈ അന്വേഷണ ത്വരയുടെ സാംസ്കാരിക പരിണാമമാണ് ശാസ്ത്രം . സമൂഹത്തിലെ മാറ്റങ്ങളെ സ്വാംശീകരിക്കാനും പുതിയവയെ സ്വാഗതം ചെയ്യാനും ശാസ്‌ത്ര ബോധം കൊണ്ട് മാത്രമേ കഴിയൂ .... മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ വിപുലമാക്കുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാം . ശാസ്ത്രത്തെ സംബന്ധിച്ച് 2011 രസതന്ത്ര വര്‍ഷം മാത്രമല്ല വനവര്‍ഷവും വവ്വാല്‍ വര്‍ഷവും കൂടിയാണ് . 1911 ലാണ് മാഡം ക്യുരിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്  radium എന്ന അത്ഭുത ലോഹത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് മാഡം ക്യുരിയാണ് . 
രസതന്ത്രം മനുഷ്യ ജീവിതത്തിനു അടിത്തറയിട്ട ശാസ്ത്രം ....ജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ആധാരം രസതന്ത്രമാണ് ..... ജീവന്റെ ശാസ്ത്രമാണ് ഇത് ...സസ്യങ്ങള്‍ കാണിക്കുന്ന ജാല വിദ്യയായ പ്രകാശ സംശ്ലേഷണം മൂലമാണ് നമുക്ക് ആഹാരം ലഭിക്കുന്നത് .... ഇതില്‍ നടക്കുന്നത് രാസപ്രവര്‍ത്തനമാണ് . തീ , ലോഹങ്ങള്‍ , വാതകങ്ങള്‍ , റബ്ബര്‍ ,നിറങ്ങള്‍ , കോണ്‍ക്രീറ്റ് , മരുന്നുകള്‍ , വളങ്ങള്‍ , ഇന്ധനങ്ങള്‍ എന്നിവയുടെയൊക്കെ കണ്ടെത്തല്‍ രസതന്ത്രത്തിന്റെ സംഭാവനയാണ് ....
" Chemistry our life 
Chemistry our future " 
ഇതാണ് രസതന്ത്ര വര്‍ഷത്തിന്റെ ആപ്തവാക്യും .... മനുഷ്യന്റെ ഭാവി ശോഭനമാക്കാന്‍ ,ഇന്നു ഏറ്റവുമധികം കച്ചടവല്‍ക്കരിപ്പിക്കപ്പെടുന്ന , വിനാശത്തിലെയ്ക്ക് കുതിക്കുന്ന രസതന്ത്രത്തെ ജനപക്ഷത്താക്കാന്‍ നമുക്ക് കൂട്ടായി യത്നിക്കാം..... 
സെമിനാറിന് headmaster ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ ആശംസകള്‍ നേര്‍ന്നു 
DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ വിലയിരുത്തലിന്റെ സാധ്യതകളെ കുറിച്ചും ശാസ്‌ത്ര സെമിനാറിന്റെ പ്രത്യകതകളെ കുറിച്ചും കൂട്ടുകാരോട് സംവദിച്ചു . 
പ്രവര്‍ത്തനത്തിന്റെ രീതി അധ്യാപക പരിശീലകനും ശാസ്‌ത്ര റിസോഴ്സ് ടീമിന് നേതൃത്വം നല്‍കുന്ന അധ്യാപകനുമായ ശ്രീ ജയചന്ദ്രന്‍ വിശദീകരിച്ചു .
വിവിധ ടീമുകളുടെ മികവുകള്‍ വിലയിരുത്തി ശ്രീ അശോകന്‍ സാര്‍ സെമിനാര്‍ ക്രോഡീകരണം നടത്തി 
എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ വിതരണം നടത്തി .
കൂട്ടുകാരുടെ അവതരണങ്ങളുടെ ദൃശ്യങ്ങളിലേക്ക് .....വ്യാഴാഴ്‌ച, ഡിസംബർ 08, 2011

സര്ഗോത്സവം 2011

വായനയുടെ മികവുകള്‍ക്കായി ഒരു ഉത്സവം ........


ക്ലാസ് മുറികളിലെ വായനാ പ്രവര്‍ത്തനങ്ങളുടെയും വിവിധ വായനാ കൂട്ടായ്മകളുടെയും വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപത്രമായി സര്ഗോത്സവം 2011 മാറി 

    നൂറു കണക്കിന് അധ്യാപകരും കൂട്ടുകാരും ഒരുമിച്ച കൂട്ടുകാരുടെ ഈ മേളയില്‍ വായനയുടെ ആവിഷ്ക്കാര രൂപങ്ങളുടെ അവതരണവും സംഘടിപ്പിക്കപ്പെട്ടു . ഓരോ വിദ്യാലയത്തില്‍ നിന്നും പങ്ക്കെടുക്കുന്ന 3 അംഗ ഗ്രൂപ്പുകളാണ് അവതരണം നടത്തിയത് . വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപികയുടെ ആമുഖ വര്ത്തമാനത്ത്തോടെ ആരംഭിക്കുന്ന തെളിവുകള്‍ നിരത്തിയുള്ള അവതരണത്തിനു ശേഷം മറ്റു കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനും അവസരം നല്‍കിയിരുന്നു . 
പഞ്ചായത്ത് തലത്തിലായിരുന്നു അവതരണം . കൂട്ടുകാരുടെ സൃഷ്ട്ടികളും വായനാപ്രവര്ത്തനങ്ങളും വിലയിരുത്തലിനു വിധേയമായി . വൈവിധ്യമാര്‍ന്ന വായനാപ്രവര്ത്ത്തനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിന് ഇതു സഹായകമായി . വിവിധ സാഹിത്യ മത്സരങ്ങളും ഇതോടൊപ്പം നടന്നു .വായനാ/ഭാഷാ പ്രോജക്ടുകള്‍ ,ഉത്പന്നങ്ങള്‍ ,വായനയ്ക്കായി നിര്‍മ്മിച്ച വിവിധ ഉപകരണങ്ങള്‍ , വായനാ കലണ്ടര്‍ ,.... എന്നിവയുടെ അവതരണം മികവു പുലര്‍ത്തി ....
                  പുതിയ കരിക്കുലം കൂട്ടുകാര്‍ക്ക് സമ്മാനിച്ച വായനയ്ക്കുള്ള അവസരങ്ങളുടെയും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി മാറി സര്ഗോത്സവം 

ചൊവ്വാഴ്ച, ഡിസംബർ 06, 2011

2011 ഡിസംബര്‍ 3 ലോക വികലാംഗ ദിനം

വെല്ലുവിളികള്‍ അതിജീവിച്ച കൂട്ടുകാരുടെ കൂട്ടായ്മയായി .......


           ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക വികലാംഗ ദിനം സമുചിതമായി ആഘോഷിച്ചു .വര്‍ണ്ണ ശബളമായ വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത് . കൂട്ടുകാരുടെ പാട്ടുകളും കഥകളും മറ്റും ചടങ്ങുകള്‍ക്ക് മിഴിവേകി ......രാവിലെ 9 മണിക്ക് തന്നെ registration ആരംഭിച്ചു .
ചടങ്ങുകള്‍ കോമ്ബെയിര്‍ ചെയ്തത് പാര്‍വതിയാണ് 
ബി പി ഓ ശ്രീ സുരേഷ് ബാബു ചടങ്ങിനു സ്വാഗതം ആശംസിച്ചു 
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ശശികുമാറിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരുടെ പ്രതിനിധി കുമാരി പ്രസീദ ചിരാതു തെളിച്ചു  ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമന്വയം കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് സാറിനു പാര്‍വതി കൂട്ടുകാര്‍ക്ക് വേണ്ടി വരച്ച ചിത്രം കൈമാറിക്കൊണ്ട് കുമാരി ഗോപിക ഉദ്ഘാടനം ചെയ്തു .


കൂട്ടുകാരുടെ സൃഷ്ട്ടികളുടെ സമാഹാരമായ കുസൃതി inlandmagazine വാര്‍ഡു മെമ്പര്‍ ശ്രീമതി കുമാരിയ്ക്ക് കൈമാറി കൂട്ടുകാരുടെ പ്രതിനിധി നൂഹുഖാന്‍ നിര്‍വഹിച്ചു 

DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നുഅധ്യാപകരുടെ പ്രതിനിധിയായ  ശ്രീ ജയകുമാര്‍ രക്ഷാകര്തൃ ബോധവല്‍ക്കരണം നടത്തി 
തുടര്‍ന്ന് കൂട്ടുകാരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു 
പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സമിതി അംഗവുമായ ശ്രീ കോടങ്ങാവില വിജയകുമാര്‍ സമ്മാനദാനം നടത്തി