തിങ്കളാഴ്‌ച, ജനുവരി 30, 2012

സ്കൂള്‍ അനുഭവം

പിന്നോക്കക്കാരില്ലാത്ത വിദ്യാലയം ......


               " ഞങ്ങളിന്നലെ നെയ്യാര്‍ ഡാം കാണാന്‍ പോയിരുന്നു . കുതിച്ചു പായുന്ന നുരയുള്ള വെള്ളം കണ്ടാല്‍ പേടി തോന്നും......" മൂന്നാം ക്ലാസ്സിലെ ശരത്ത് തലേ ദിവസത്തെ വിശേഷങ്ങള്‍ പറയുകയാണ്‌ ..... ശരത്തിന്റെ അനുഭവ വിവരണം കൂട്ടുകാര്‍ ക്ഷമയോടെ കേട്ടിരുന്നു . ശരത്തിനോട് കണ്ട സ്ഥലത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കൂട്ടുകാരെ ടീച്ചര്‍ അനുവദിച്ചു . ഇവിടെ മൂന്നാം തരത്തില്‍ ആശയങ്ങള്‍ പങ്കു വയ്ക്കലും ചര്‍ച്ചകളുമായി പഠനം മുന്നേറുന്നു ....... ആശങ്കകളില്ലാതെ .......
ഇത്‌ മുല്ലൂര്‍ G K V L P സ്കൂളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു കൂട്ടുകാരനെയും കാണാന്‍ കഴിയില്ല.......
പുതിയ കരിക്കുലം മുന്നോട്ടു വയ്ക്കുന്ന പഠനത്തിന്റെ പുത്തന്‍ വഴികള്‍ ശങ്ക കൂടാതെ നടപ്പിലാക്കിയതിന്റെ വിജയഗാഥ കൂടിയാണിത് ......
വിവിധ മൂടുപടങ്ങളുടെ പിന്‍ബലമില്ലാതെ നിശബ്ദരായി ജോലി ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരുടെ മികവാണിത്.......
ക്ലാസ് മുറികള്‍ വിവിധ സൃഷ്ട്ടികള്‍ കൊണ്ട് സമ്പന്നമാണ് ....




കൊച്ചു വായനമൂലയും പത്രങ്ങളുടെ പതിപ്പുകളും പഠനത്തിനു ഉപകരണങ്ങളാകുന്നു......



English പഠനവും സ്വതന്ത്രമായ അന്തരീക്ഷത്തില്‍തന്നെ......ബിഗ്‌ പിക്ച്ചരിന്റെ സാധ്യതകള്‍ ഇവിടെ ഉപയോഗിക്കുന്നു ......



വിദ്യാലയത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍  കൊണ്ട് സമ്പന്നമാണ് ....




സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു " അറിവിന്റെ നിര്‍മ്മിതിയ്ക്ക് പറ്റിയ അന്തരീക്ഷം......ഭാഗ്യം ലഭിച്ച കൂട്ടുകാര്‍ ..."



ശനിയാഴ്‌ച, ജനുവരി 28, 2012

ഒരു യാത്രാകുറിപ്പ്

മധുരിക്കുന്ന ഒരു യാത്രയുടെ ഓര്‍മ്മയിലൂടെ........

                         ഞാന്‍ ആനന്ദ് . കോട്ടുകാല്‍ വി ഹെച് എസ് എസ് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു . ജന്മനാ തന്നെ എനിക്ക് നടക്കാന്‍ കഴിയില്ലായിരുന്നു . അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ തന്നെ എന്റെ കാലിന്റെ പ്രശ്നം തിരിച്ചറിഞ്ഞിരുന്നു എന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു . ഇപ്പോള്‍ തന്നെ ഏഴ് പ്രാവശ്യം operation നടത്തിക്കഴിഞ്ഞു . ഇങ്ങനെ നടത്തിയതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ അല്പദൂരം നടക്കാന്‍ കഴിയുന്നത് . എന്റെ ചികിത്സാ ചിലവിനു വേണ്ടിത്തന്നെ കൂലിപ്പണിക്കാരനായ എന്റെ അച്ഛന്‍ സ്വന്തം സമ്പാദ്യം മുഴുവന്‍ ചിലവാക്കിയിട്ടുണ്ട് . പലരോടും കടം വാങ്ങിയിട്ടുമുണ്ട് ...



                          പക്ഷെ കാലിന്റെ ഈ വിഷമമൊക്കെ സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ മറക്കും . ഈ വര്‍ഷം ബി ആര്‍ സി സംഘടിപ്പിച്ച സഹവാസ ക്യാമ്പിലും ലോക വികലാംഗ ദിനാചരനങ്ങളിലും എല്ലാം ഞാന്‍ പങ്കെടുത്തു . കൂട്ടുകാരെല്ലാം കളിക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ഞാന്‍ നോക്കിയിരിക്കും . ഈ പ്രവര്‍ത്തനങ്ങളിലെ ആവേശമാണ് വിനോദ യാത്രയില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . തിരുവനന്തപുരത്തെയ്ക്കായിരുന്നു യാത്ര.... പല പ്രാവശ്യം ആശുപത്രിയിലെയ്ക്കുള്ള വഴിയില്‍ തിരുവനന്തപുരം നഗരം ഞാന്‍ കണ്ടിട്ടുണ്ട് . വിനോദയാത്രയ്ക്ക് പോകുന്ന കാര്യം ജിസ ടീച്ചര്‍ പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു " എന്നെയും കൂടി കൊണ്ട് പോകണേ എന്ന് ..." വീട്ടില്‍ അനുവാദം വാങ്ങിയാല്‍ ശ്രമിക്കാമെന്ന ജിസ ടീച്ചറിന്റെ വാക്കുകള്‍ ഞാന്‍ സന്തോഷത്തോടെയാണ് കേട്ടത് . എന്റെ കരച്ചിലിനും അപേക്ഷയ്ക്കും മുമ്പില്‍ അമ്മയും കീഴടങ്ങി .
                          അങ്ങനെ ആ ദിവസം വന്നു .........
                   രാവിലെ ഒരു മാമന്‍ ഓട്ടോയില്‍ എന്നെ ബി ആര്‍ സി യില്‍ എത്തിച്ചു . എന്നെപ്പോലെ ചില പ്രശ്നങ്ങളുള്ള കുറെ കൂട്ടുകാര്‍ അവിടെയെത്തിയിട്ടുണ്ടായിരുന്നു . ഞങ്ങളെല്ലാം ബസ്സില്‍ കയറി . യാത്ര തിരിച്ചു . ആദ്യം പോയത് പാലസ് മ്യുസിയത്തിലെയ്ക്കായിരുന്നു .
 കുതിര മാളിക എന്നറിയപ്പെടുന്ന ആ പഴയ കൊട്ടാരം ഞാന്‍ ചെരിപ്പൂരാതെ നടന്നു കണ്ടു . രണ്ടു മൂന്നു മുറികള്‍ പിന്നിട്ടപ്പോഴേക്കും എന്റെ കാലു വേദനിച്ചു തുടങ്ങി . അധ്യാപകരുടെ സഹായത്തോടെ തിരിച്ചിറങ്ങി കൊട്ടാരത്തിനു പുറത്ത് മറ്റുള്ളവര്‍ക്കായി കാത്തിരുന്നു . അരുണ്‍ എന്ന് പേരുള്ള ഒരു കുഞ്ഞനിയന് ഒരു കാലിന്റെ പകുതി ഭാഗമേയുള്ളൂ .... അവന്‍ ആ കാലില്‍ കാലിപ്പര്‍ ഘടിപ്പിച്ചു മറ്റുള്ളവരുടെ കൂടെ കൂടി .
                      എല്ലാവരും പുറത്തിറങ്ങി . കൊട്ടാരത്തിന്റെ മച്ചിലുള്ള കൊത്ത് പണികളും നിരത്തി വച്ച കുതിരകളും തറയുടെ മിനു മിനുപ്പും എന്നെ അത്ഭുതപ്പെടുത്തി . നവരാത്രി ദിവസങ്ങളില്‍ സംഗീതാര്‍ച്ചന നടത്തുന്ന സ്ഥലവും ഞങ്ങള്‍ കണ്ടു . ബസ് കിടക്കുന്ന സ്ഥലത്തേയ്ക്ക് അല്പദൂരം നടക്കണമായിരുന്നു . അവിടെയെത്താന്‍ ടീച്ചര്‍ എനിക്കും അരുണിനും ഒരു ഓട്ടോ ക്രമീകരിച്ചു . ബസ്സില്‍ പ്രഭാത ഭക്ഷണം കരുതിയിരുന്നു . ബസ്സിനടുത്തുള്ള പാര്‍ക്കിലിരുന്നു ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു . മിച്ചം വന്നത് കൌതുകത്തോടെ ഞങ്ങള്‍ക്ക് ചുറ്റും കൂടിയ അയ്യപ്പന്മാരായ വിനോദ സഞ്ചാരികള്‍ക്ക് നല്‍കി .
                       അവിടെ നിന്ന് നേരെ മൃഗശാല കാണാനായി പോയി .അവിടെ ലാലി ടീച്ചരിനോടൊപ്പം ബസ്സില്‍ തന്നെ ഇരിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി . പക്ഷെ അശോകന്‍ സാറും ഗ്ളെന്‍ സാറും ബാഹുലേയന്‍ സാറും സെല്‍വന്‍ സാറും കൂടി പറഞ്ഞു " നമ്മള്‍ ഇത്രയും പേരില്ലേ ... വേണ്ടി വന്നാല്‍ കുറച്ചു ദൂരം നമുക്ക് അരുണിനെ എടുക്കാം അവനും കൂടെ കൂടട്ടെ .." അവരുടെ ആവേശത്തില്‍ ഞാനും ചേര്‍ന്നു . അവരോടൊപ്പം സൂ കാണാനായി തിരിച്ചു . അവരുടെ കയ്യില്‍ തൂങ്ങിയുള്ള യാത്ര ... ടിക്കറ്റ് കൌണ്ടറില്‍ എത്തി .....അവിടെയതാ ഒരു ചക്ര കസേര .....പിന്നെ എന്റെ യാത്ര ചക്ര കസേരയിലായി . എന്റെ ചക്രകസേര ഉന്തി നടക്കാന്‍ അധ്യാപകരും ചില കൂട്ടുകാരും കൂടി . അതിലിരുന്നു ഞാന്‍ ജീവിതത്തില്‍ ആദ്യമായി മൃഗശാല കണ്ടു . ഇതു ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതെയില്ല...... 




ടി വി യില്‍ കാണുന്ന സിംഹത്തിന്റെ ഗര്‍ജ്ജനവും കടുവയുടെ  മുരള്‍ച്ചയും കുരങ്ങന്റെ വികൃതികളും വിവിധ പക്ഷികളും ഒക്കെ ഞാന്‍ നേരില്‍ കണ്ടു . എന്റെ കണ്ണുകളെ വിശ്വസിക്കാനെ കഴിഞ്ഞില്ല . മൃഗശാല വളപ്പിലുള്ള കളിയുപകരങ്ങളില്‍ കൂട്ടുകാര്‍ ഇളകി മറിയുന്നത് ഞാന്‍ മരത്തിന്റെ തണലില്‍ നോക്കിയിരുന്നു 




.കൃത്യം ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം എത്തി . ഞങ്ങള്‍   വട്ടത്തില്‍ ഇരുന്നു ഭക്ഷണം കഴിച്ചു . 
                        അടുത്ത് പാവ മ്യുസിയം കാണാനായി ഞങ്ങള്‍ പോയി . നിരവധി പാവകള്‍ നിരത്തി വച്ചിരിക്കുന്നു . പടികള്‍ കയറാനും നടക്കാനും കൂട്ടിനു ടീച്ചര്‍മാരെത്തി ....അമ്മ തൊട്ടിലും അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കൂട്ടുകാരെയും ഞാന്‍ കണ്ടു . നല്ല വൃത്തിയുള്ള ചുറ്റുപാടില്‍ കഴിയുന്ന ആ കൂട്ടുകാരെ കണ്ടപ്പോള്‍ എന്റെ വേദന ഞാന്‍ മറന്നു . എന്നെ സഹായിക്കാന്‍ അച്ഛനും അമ്മയും അടക്കം എത്ര പേര്‍ .... തിരിച്ചിറങ്ങി നേരെ ശംഖുംമുഖത്തേയ്ക്ക് ...... വിമാനങ്ങള്‍ പക്ഷികളെ പോലെ നിലത്ത് ഇറങ്ങുന്നതും ചിറകു വീശി ഉയര്‍ന്നു പൊങ്ങുന്നതും ഞങ്ങള്‍ കണ്ടു . വിമാനതാവളത്തില്‍ ചുവന്ന ലൈറ്റുകള്‍ നിര നിരയായി തെളിയുന്നത് ഭംഗിയുള്ള കാഴ്ചയായി .... കടപ്പുറത്ത് അല്പസമയം നിന്നു . അവിടെ നിന്നും ചായയും നെയ്യപ്പവും കഴിച്ചു . അച്ഛന്‍ തന്ന പൈസ കൊണ്ട് ചില കളിപ്പാട്ടങ്ങള്‍ ഞാന്‍ വാങ്ങി . പൈസ കൊണ്ട് വരാത്തവര്‍ക്ക് ഐഡ ടീച്ചര്‍ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കി . ബസ്സില്‍ തിരിച്ചു കയറുമ്പോഴും കളിപ്പാട്ട വില്പനക്കാര്‍ ഞങ്ങളെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു .





                         അവിടെ നിന്നും അവസാന സ്ഥലമായ കോവളത്ത് ഞങ്ങളെത്തി . നല്ല തിരക്ക്......കടല്‍ക്കരയില്‍ ഞങ്ങള്‍ക്കിരിക്കാന്‍ കസേരകള്‍ തീരദേശ ഗാര്‍ഡുകള്‍ വിട്ടു തന്നു . കസേരയിലിരുന്ന് തിരകളുടെ ആക്രമണങ്ങളും മറ്റു കൂട്ടുകാരുടെ കളികളും മറ്റും ഞാന്‍ കണ്ടിരുന്നു . 





സൂര്യന്‍ ചുവന്ന രൂപം പൂണ്ടു വെള്ളത്തിലേയ്ക്ക് അരിച്ചിരങ്ങുന്നത് കണ്ടു കൊണ്ട് കോവളത്തോട് ഞങ്ങള്‍ വിട ചൊല്ലി .....7 മണി കഴിഞ്ഞപ്പോള്‍ ഉച്ചക്കടയിലെത്തി . അച്ഛന്‍ അവിടെ കാത്തു നില്പുണ്ടായിരുന്നു . മധുരിക്കുന്ന ഓര്‍മ്മകളുമായി ഞാന്‍ പടിയിറങ്ങി ..... എന്നെ ഈ വിനോദ യാത്രയ്ക്ക് ഒപ്പം കൂട്ടാന്‍ ധൈര്യം കാണിച്ച ടീച്ചര്‍മാരെ ഞാന്‍ ഒരിക്കലും മറക്കില്ല .....നന്ദി 


പ്രിയമുള്ളവരേ .....


                               ഇതു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒരു കൂട്ടുകാരന്റെ അനുഭവത്തിന്റെ നേര്‍ സാക്ഷ്യമാണ് ......വര്‍ഷയും അരുണും ഒക്കെ നിങ്ങളോട് ആവശ്യപ്പെടുന്നത് ഈ പരിഗണനയാണ് .ഇവര്‍ക്ക് വേണ്ടി സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തന പരിപാടികള്‍ ബാലരാമപുരം ബി ആര്‍ സി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ , സഹവാസ ക്യാമ്പുകള്‍ , ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ ...പഠനത്തില്‍ ഇവര്‍ക്ക് സഹായം എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങള്‍ ......നിങ്ങള്‍ ഓരോരുത്തരും പൂര്‍ണ മനസ്സോടെ ഞങ്ങളോടൊപ്പം പങ്കു ചേരൂ.........


    ഓര്‍ക്കുക .......ഇത്തരം കൂട്ടുകാര്‍ക്ക് വേണ്ടത് സഹതാപമല്ല......അംഗീകാരമാണ് ..........



ബുധനാഴ്‌ച, ജനുവരി 25, 2012

ആദരാഞ്ജലികള്‍

അറിവിന്റെ അഗ്നിനക്ഷത്രം ഓര്‍മ്മയായി.......


               ഗാന്ധിയനായി ജനിച്ച് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി അക്ഷീണം പട പൊരുതിയ ജനനായകന്‍ ഡോ . സുകുമാര്‍ അഴീക്കോട് വിട വാങ്ങി ......
               കീഴടങ്ങാത്ത എഴുത്തുകാരനും പ്രഭാഷണ കലയില്‍ അദ്വതീയനുമായ അദ്ദേഹം അദ്ധ്യാപകന്‍ ,പത്രപ്രവര്‍ത്തകന്‍ , നവോത്ഥാന ചിന്തകന്‍ , സാമൂഹ്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ തിളങ്ങിയിരുന്നു .
                എന്നും ജന പക്ഷത്ത് നിലകൊണ്ട് സാമൂഹ്യ നവോത്ഥാന രംഗത്തിന്റെ ഉയരങ്ങളിലേയ്ക്ക് സാധാരണക്കാരായ കേരളീയരെ എത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ച അഴീക്കോട് മാഷിന്

തൂവലിന്റെ ആദരാഞ്ജലികള്‍ ..........

മാഷിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചൂണ്ടുവിരല്‍ കാണുക learningpointnew.blogspot.com

ചൊവ്വാഴ്ച, ജനുവരി 24, 2012

സങ്കലിത വിദ്യാഭ്യാസം

അറിവിന്റെ ആകാശം....... അവരുടെ അവകാശം........




                           പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരുടെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകള്‍ സമൂഹത്തെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ബാലരാമപുരം ബി ആര്‍ സി യില്‍ ആരംഭിച്ചു . പത്തു cluster കേന്ദ്രങ്ങളില്‍ വച്ച് നടത്താന്‍ ഉദ്ദേശിച്ചുള്ള പ്രസ്‌തുത പ്രവര്‍ത്തനങ്ങള്‍ക്കായി രക്ഷിതാക്കള്‍ക്ക് വേണ്ടി ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരുന്നു .സങ്കലിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു റഫറന്‍സ് ഉപകരണമായി ഇതു ഉപയോഗിക്കാന്‍ കഴിയും


                           ബി ആര്‍ സി പരിശീലകരും resource അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ ഒരു module ന്റെ അടിസ്ഥാനത്തിലാണ് പ്രസ്‌തുത ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നത് . രക്ഷിതാക്കളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു എല്ലാ ബോധവല്‍ക്കരണ ക്ലാസ്സുകളും .


തിങ്കളാഴ്‌ച, ജനുവരി 16, 2012

കൂട്ടുകാരുടെ പരിശീലനം

L S S / U S S പരിശീലനം സംഘടിപ്പിച്ചു 


                  L S S / U S S പരീക്ഷയ്ക്ക് വേണ്ടി തെരഞ്ഞെടുത്ത കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലനം പഞ്ചായത്ത് തലത്തില്‍ വിവിധ കേന്ദ്രത്തില്‍ വച്ച് നടന്നു . പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ ധാരണകള്‍ കൂട്ടുകാരുമായി പങ്കു വച്ചു. മാതൃകയായി ചില ഉത്പന്നങ്ങള്‍ കൂട്ടുകാരുടെ സ്വയം വിലയിരുത്തലിനു വിധേയമാക്കി .


                  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി .രാവിലെയും വൈകുന്നേരവുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ DIET അംഗങ്ങള്‍ ബി ആര്‍ സി പരിശീലകര്‍ എന്നിവര്‍ പങ്കെടുത്തു .    L S S / U S S പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് www.kozhikodediet.org എന്ന വെബ് സൈറ്റിലെ Reserch projects and publications എന്ന ഓപ്ഷന്‍ ക്ളിക്ക് ചെയ്യുക 
                  കൂടാതെ തൂവലിലെ തന്നെ പോര്‍ട്ട്‌ ഫോളിയോ  എന്ന പോസ്റ്റും പരിശോധിക്കുക .www.kozhikodediet.org

ശനിയാഴ്‌ച, ജനുവരി 14, 2012

അഭിമുഖം

പാമ്പുകളുടെ കൂട്ടുകാരന്‍ വാവ സുരേഷ് ....


എസ് ആര്‍ എസ് യു പി സ്കൂളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രശസ്ത ജൈവ വൈവിധ്യ സംരക്ഷകനും പാമ്പുകളുടെ സുഹൃത്തുമായ ശ്രീ വാവ സുരേഷിന് സ്വീകരണം നല്‍കി . സ്കൂളില്‍ നടന്ന " സാമൂഹ്യ നന്മയ്ക്കായി കൂട്ടുകാരുടെ കൂട്ടായ്മ " എന്ന പ്രത്യേക പ്രവര്‍ത്തന പരിപാടിയിലാണ് പ്രസ്തുത സ്വീകരണം സംഘടിപ്പിച്ചത് .


                ക്ലാസ്സ് മുറിക്കു പുറത്ത് പ്രകൃതി സംരക്ഷകനുമായി നടന്ന അഭിമുഖം കൂട്ടുകാര്‍ക്ക് വേറിട്ടൊരു അനുഭവമായി .... 
രക്ഷിതാക്കളും നാട്ടുകാരുമടക്കം നല്ലൊരു സംഘം ആളുകള്‍ ഈ സംഘപ്രവര്‍ത്തനത്തിനു സാക്ഷികളായി ഉണ്ടായിരുന്നു


ശ്രീ വാവ സുരേഷിന്റെ പരിസ്ഥിതി സൗഹൃദ ക്ലാസ്സില്‍ നിന്നും ....


" പ്രകൃതിയിലെ ഭക്ഷ്യ ശ്രുംഖല നിലനിര്‍ത്തുന്ന ഏറ്റവും ശക്ത്തമായ കണ്ണിയാണ് പാമ്പുകള്‍ "


                കേരളത്തില്‍ കാണുന്ന പാമ്പുകളില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് രാജവെമ്പാല . അതുകൊണ്ട് തന്നെ ഈ പാമ്പിനെ പാമ്പുകളുടെ  രാജാവെന്നു വിളിക്കുന്നു . സ്വന്തമായി കൂട് കൂട്ടി താമസിക്കുന്ന ഈക പാമ്പാണ് ഇത് . ഇതിന്റെ കടി ഏറ്റാല്‍ആനയ്ക്ക് പോലും അര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും . അപ്പോള്‍ പിന്നെ മനുഷ്യന്റെ കഥ പറയാനുണ്ടോ .....ബഹു ഭൂരിപക്ഷം പാമ്പുകള്‍ക്കും വിഷമില്ല . നമുക്ക് ചുറ്റും സാധാരണ കാണുന്ന വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി . ഈ നീര്‍ക്കോലിയെ കുറിച്ച് രസകരമായ ഒരു പഴഞ്ചൊല്ലുണ്ട് . " നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും " ഇത് പണ്ട് കാലത്ത് മുതല്‍ നില നിന്ന ഒരു പഴഞ്ചൊല്ലാണ്‌ . ഒരാളെ നീര്‍ക്കോലി കടിച്ചാല്‍ പാമ്പിനെ കാണാതിരുന്നാല്‍ വിഷം തീണ്ടി എന്ന് കരുതി രോഗിയെ കാണിക്കാനായി വിഷഹാരിയുടെ അടുത്തേയ്ക്ക് ചുമന്നു എത്തിക്കും . വിഷഹാരി രോഗിയെ പരിശോധിച്ച് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിഷം തീണ്ടിയിട്ടില്ല എന്ന് വിധിക്കും .  തിരിച്ചു വീണ്ടും വീട്ടിലേയ്ക്ക് ....വാഹന സൌകര്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഭക്ഷണ ക്രമത്തിന്റെ താളം തെറ്റിക്കും . ഇതില്‍ നിന്നാണ് ഈ പഴഞ്ചൊല്ലിന്റെ ഉത്ഭവം എന്നാണ് ശ്രീ വാവ സുരേഷിന്റെ പക്ഷം


              നമുക്ക് ചുറ്റും വിഷമില്ലാത്ത പാമ്പുകള്‍ ആണ് കൂടുതല്‍ . ചേര ,നീര്‍ക്കോലി ,കൊമ്പേരി ,എന്നിവ ഇതിനു ഉദാഹരണമാണ് . പാമ്പിന്റെ കടി ഏറ്റാല്‍ ഓരോ പാമ്പിനും ഓരോ ലക്ഷണമായിരിക്കും .
എട്ടടി വീരന്‍ :- കടിച്ചാല്‍ ചിലപ്പോള്‍ അറിയുക പോലുമില്ല . കടിയേറ്റു ഏതാനും നിമിഷം കഴിയുമ്പോള്‍ നമ്മുടെ കാഴ്ച ശക്തി അല്പാല്പമായി മങ്ങി തുടങ്ങും .
ശംഖു വരയന്‍ 
 ഇത് വിഷം ഏറ്റതിന്റെ ലക്ഷണമാണ്
മൂര്‍ഖന്‍ :- കടിയേറ്റ ആളിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടും
അണലി :- ദേഹ വേദനയാണ് പ്രധാന ലക്ഷണം ഇതിന്റെ വിഷം നമ്മുടെ ശരീര അവയവമായ കിട്നിയെയാണ് ബാധിക്കുക
അണലി 

              വിഷമുള്ള പാമ്പാണോ കടിച്ചതെന്നറിയാന്‍ രക്ത പരിശോധനയാണ് പ്രധാന മാര്‍ഗം . മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഇതിനുള്ള സൗകര്യം ഉണ്ട് .
പാമ്പിന്റെ വിഷം ഒരു പ്രധാന ഔഷധ കൂട്ടാണ്
               പാമ്പിന്റെ വിഷത്തിലെ പ്രധാന ഘടകം പ്രോട്ടീനാണ് . പാമ്പിന്‍ വിഷത്തില്‍ നിന്നും പല പ്രധാനപ്പെട്ട ഔഷധങ്ങളും ഉത്പാദിപ്പിക്കുന്നു . ആന്റീ വെനം ( പാമ്പിന്‍ കടിക്കുള്ള ഔഷധം ) ഉല്‍പ്പാദിപ്പിക്കുന്നത് പാമ്പിന്‍ വിഷത്തില്‍ നിന്നാണ്
മൂര്‍ഖന്‍ 






പാമ്പുകള്‍ ... കഥകള്‍ ...അന്ധ വിശ്വാസങ്ങള്‍


              ശ്രീ വാവ സുരേഷിന്റെ അഭിപ്രായത്തില്‍ പാമ്പുകളെ സംബന്ധിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളാണ് . ഈ അന്ധവിശ്വാസങ്ങള്‍ പാമ്പിനെ കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ ...ചില ആളുകളുടെ വിശ്വാസം പാമ്പിനു മരിച്ച്ചിനിക്കട്ടിന്റെ മണംഎന്നാണ് .ഈ മണമടിച്ചാല്‍ പാമ്പിന്റെ സാന്നിധ്യം  ഉറപ്പാണ്‌ . ഇതു ശരിയല്ല . പാമ്പിനു പ്രത്യേക മണമില്ല . " പാടത്താളി " എന്ന സസ്യത്തിന്റെ പൂ വിരിയുമ്പോള്‍ ഉണ്ടാകുന്ന മണമാണ് പാമ്പിന്റെ സാന്നിധ്യമായി ആളുകള്‍ തെറ്റിധരിച്ചിരിക്കുന്നത് . സാധാരണ സസ്യങ്ങള്‍ക്ക് മാത്രമാണ് മണം പുറത്ത് പ്രസരിപ്പിക്കുവാന്‍ കഴിയുന്നത് . അതുപോലെ രക്ത അണലി എന്നൊരു പാമ്പില്ല .കരി മൂര്‍ഖന്‍ കേരളത്തില്‍ തന്നെയില്ല . ഇന്ത്യയില്‍ തന്നെ നാല് ഇനം പാമ്പുകള്‍ക്കെ വിഷമുള്ളൂ ...


                പാമ്പുകളെ ഊതി പിടിക്കാന്‍ കഴിയില്ല .പാമ്പാട്ടികള്‍ ഊതി പാമ്പിനെ പിടിക്കുന്നു എന്ന് പറയുന്നത് വെറും കെട്ടു കഥയാണ്‌ . മൂര്‍ഖന്‍ പാമ്പിനെ മാത്രം ഊതി കളിപ്പിക്കാന്‍ കഴിയും . കാരണം മൂര്‍ഖന്‍ പാമ്പിനു പത്തിയുണ്ട്  . പത്തിയുള്ള പാമ്പ്‌ ഏതെങ്കിലും വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ അതിന്റെ പേടി കൊണ്ട് പത്തി വിടര്‍ത്തും ചലിപ്പിക്കും . സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള ചലനമാണ് ഈ അട്ടമായി ആളുകള്‍ കാണുന്നത് .ഒരു സസ്യത്തിനും പാമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ കഴിയില്ല . " ഒരിക്കല്‍ ഒരു വീട്ടിനു മുന്നിലുള്ള സര്‍പ്പഗന്ധിയുടെ ചുവട്ടില്‍ നിന്നും ഒന്‍പതു പാമ്പുകളെ ഞാന്‍ തന്നെ പിടിച്ചിട്ടുണ്ട് " വാവ സുരേഷ് പറഞ്ഞു . പല പാമ്പുകളും പക മനസ്സില്‍ വച്ച് ആക്രമിക്കുന്നതായി കഥകള്‍ പ്രചരിക്കുന്നുണ്ട് . സുരേഷിന്റെ അഭിപ്രായത്തില്‍ പകയുളള ഒരേയൊരു ജീവി മനുഷ്യനാണ് . മറ്റു പല ജീവികളും ചിലരോട് ദേഷ്യം പുലര്ത്തുമെങ്കിലും പാമ്പിനു അത് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം . കാരം പാമ്പിനു ഓര്‍മ്മ ശക്തിയില്ല ... മാത്രമല്ല പാന്പിനു കാഴ്ചകള്‍ കാണാനും കഴിയില്ല . പാമ്പിനെ ഓടിക്കാന്‍ വെളുത്തുള്ളി തളിച്ചാല്‍ മതിയെന്ന വാദവും തെറ്റാണ് . പാമ്പ്‌ പരിസരത്തെ അറിയുന്നത് നാക്ക് നീട്ടിയാണ് . 






പാമ്പ്‌ ഒരു ശല്യക്കാരനായി മാറാതിരിക്കാന്‍ ...


                പാമ്പ്‌ നമ്മുടെ മനസ്സില്‍ എന്നും ഒരു വില്ലനാണ് .യഥാര്‍ഥത്തില്‍ പാമ്പ്‌ ഒരു വില്ലനല്ല . പാമ്പ്‌ ആരെയും മന: പൂര്‍വ്വം പകയോടെ കടിക്കാറില്ല . മനുഷ്യപ്പാമ്പുകള്‍ മാത്രമാണ് പകയുളള ഒരേയൊരു വര്‍ഗം . പാമ്പിനെ ചവിട്ടുകയോ ഉപദ്രവിക്കുമെന്ന് തോന്നുകയോ ചെയ്യുമ്പോഴാണ് അത് കടിക്കുന്നത് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ അത് സഞ്ചരിക്കുന്ന വഴിയില്‍ മണ്ണെണ്ണ തളിക്കുകയും ചെയ്താല്‍ പാമ്പിന്റെ ശല്യം ഒഴിവാക്കാന്‍ കഴിയും .






പാമ്പ് കടി ഏറ്റാല്‍ ......


                 പാമ്പ് കടി ഏറ്റവരില്‍ അധികം പേരും മരിക്കുന്നത് പേടി മൂലമുള്ള ഹൃദയ സ്തംഭനം മൂലമാണ് . മറ്റു അസുഖം ഉള്ളവരെയും പാമ്പിന്‍ വിഷം പെട്ടന്ന് ബാധിക്കും . അതുകൊണ്ട് തന്നെ പാമ്പ്‌ കടിയേറ്റ ആളിന് ധൈര്യം പകര്‍ന്നു നല്‍കണം . കടിയേറ്റ ഭാഗത്തിനു മുകളില്‍ വച്ചു തുണി കൊണ്ട് അധികം മുറുകാതെ കെട്ടണം .   നല്ല ശുദ്ധ ജലം കൊണ്ട് മുറിവ് കഴുകണം . കാറ്റും വെളിച്ചവും ഉള്ള ഭാഗത്ത് നിവര്‍ത്തി ഉറങ്ങാതെ സജീവമായി ഇരുത്തണം . കിടക്കാനും നടക്കാനും സമ്മതിക്കരുത് . പെട്ടെന്ന്  വൈദ്യ സഹായം തേടണം . 
                 വാവ സുരേഷിനെ 254 തവണ പാന്പ് കടിച്ച്ചിട്ടുന്ദ് . ആറു പ്രാവശ്യം അപകടകരമായ രീതിയില്‍ . പാമ്പ് കടി മൂലം ചില അംഗ ഭംഗങ്ങള്‍ അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ട് . ഒരു വിരല്‍ മുറിച്ചു . ഒരു കൈക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു . എങ്കിലും അദ്ദേഹം ഇന്നും പാമ്പിന്റെ കൂട്ടുകാരനാണ് .
വിവിധ തരം പാമ്പുകളെ ശ്രീ വാവ സുരേഷ് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി 
അനവധി ചോദ്യങ്ങളാണ് ശ്രീ വാവ സുരേഷിനോട് കൂട്ടുകാര്‍ ചോദിച്ചത് 

  • പാമ്പ് പാമ്പിനെ തിന്നുമോ ? 

എല്ലാ പാമ്പുകളും പരസ്പരം തിന്നും 
പാമ്പ്‌ തലയടിച്ചു ചാവുമെന്ന് പറയുന്നത് ശരിയാണോ ?
ഇല്ല ഇതു ഒരു അന്ധ വിശ്വാസമാണ് 

  • പാമ്പിനു പാല്‍ നല്‍കുമെന്ന് പറയുന്നു . പാമ്പ് പാല്‍ കുടിക്കുമോ ?

പാമ്പ്‌ പാല്‍ കുടിക്കില്ല .ജീവികളെ കടിച്ചു തിന്നില്ല . അത് കൊണ്ട് തന്നെ തീറ്റ കടി എന്നൊന്നില്ല . ആഹാരത്തിനായി മറ്റു ജീവികളെ വിഴുങ്ങുകയാണ് ചെയ്യ്യുന്നത് . പക്ഷെ " നാഗങ്ങളെ നൂറും പാലും നല്‍കി ആരാധിക്കുന്ന രീതി പാമ്പുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആചാരമാണ് .

  • പാമ്പ് കടിയേറ്റ ജീവികളുടെ മാംസം ഭക്ഷിക്കാമോ ? 

പാമ്പിന്‍ വിഷം ഭക്ഷണത്തിലൂടെ വയറ്റില്‍ പോയാല്‍ പ്രശ്നമില്ല .എന്നാല്‍ അള്‍സര്‍ പോലുള്ള അസുഖം ഉള്ളവര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം . എന്തായാലും ചത്ത ജീവികളുടെ മാംസം ഉപേക്ഷിക്കുന്നതാണ് നല്ലത് ' 

  • പാമ്പിന്റെ തലയില്‍ മാണിക്യ കല്ല്‌ ഉണ്ട് എന്ന് പറയുന്നത് ശരിയാണോ ?

ശരിയല്ല . ഇതു അത്യാര്‍ത്തി പിടിച്ച മനുഷ്യന്റെ ദുരാഗ്രഹവും സ്വപ്നവും ആണ് 

  • പെരുമ്പാമ്പ്‌ കുട്ടികളെ വിഴുങ്ങുമോ ?

 പെരുമ്പാമ്പ്‌ ചെറു ജീവികളെ വിഴുങ്ങും . വേണമെങ്കില്‍ ചെറിയ കുഞ്ഞുങ്ങളെയും വിഴുങ്ങാം .ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അധികമായില്ല .

  • പാമ്പ്‌ ദേഹത്ത് ചുറ്റിയാല്‍ ആ ഭാഗം അഴുകും എന്ന് പറയുന്നത് ശരിയാണോ ? 

ശരിയല്ല , പാമ്പ് ചുറ്റിയാല്‍ കുഴപ്പമൊന്നും ഉണ്ടാകില്ല .

  • പാമ്പ് കടിച്ചാല്‍ ആ മുറിവില്‍ വിഷഹാരികള്‍ കല്ല്‌ ഒട്ടിച്ചു വയ്ക്കാറുണ്ട് . കല്ല്‌ വിഷം വലിച്ചെടുക്കുമോ ?

ഒരിക്കലും കല്ല്‌ വിഷം വലിചെടുക്കാറില്ല .

  • പാമ്പും ചേരയും ഇണ  ചേരുമോ ?

അവ തമ്മില്‍ ഇണ ചേരുകയോ കൊത്തു കൂടുകയോ ചെയ്യാറില്ല . 

  • മൂര്‍ഖന്‍ പാന്പ് മുട്ടയിട്ടു കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അതില്‍ നിന്നും പല തരം പാമ്പുകള്‍ ഉണ്ടാകുമോ ? 

മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു മൂര്‍ഖന്റെ കുഞ്ഞുങ്ങള്‍ തന്നെയാണ് ഉണ്ടാകുക . 

  • പാമ്പിന്റെ വാലില്‍ വിഷമുണ്ടോ ? 

പാമ്പുകളുടെ വാലില്‍ വിഷമുണ്ട്‌ , പാമ്പിന്റെ മര്‍മ്മമാണ് വാല് എന്നീ വാദങ്ങള്‍ തെറ്റാണ് . 

  • കടല്‍ പാമ്പിനു  വിഷമുണ്ടോ ? 

ഉണ്ട് , മാത്രമല്ല ഇല്ല വിഷമുള്ള പാമ്പുകളുടെ കുഞ്ഞുങ്ങള്‍ക്കും വിഷമുണ്ടായിരിക്കും .എല്ലാതരം പാമ്പുകളും ചട്ട പൊഴിക്കും .

  • പാമ്പുകള്‍ക്ക്  പറക്കാന്‍ കഴിയുമോ ?

ഒരിക്കലും പാമ്പ് പറക്കില്ല . പക്ഷെ ചിലതരം പാമ്പുകള്‍ക്ക് ഒരു കൊമ്പില്‍ നിന്നും അകലെയുള്ള കൊമ്പിലേയ്ക്ക് ചാടാനുള്ള കഴിവുണ്ട് .


കൂട്ടുകാരെ ......


               എസ് ആര്‍ എസ് യു പി സ്കൂളിലെ കൂട്ടുകാരോട്   പാമ്പ് വിശേഷങ്ങള്‍ പങ്കു വച്ച ശ്രീ വാവ സുരേഷ് ഒരു നല്ല പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ തന്നെയാണ് .പാമ്പുകളെ കണ്ടാല്‍ അടിച്ചു കൊല്ലുകയും ഭയത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തില്‍ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഇദ്ദേഹം . പതിനായിരക്കണക്കിനു പാമ്പുകളെ പിടിച്ചു പരിപാലിച്ചു കാട്ടിലേയ്ക്ക് തുറന്നു വിടുന്ന മഹത് കര്‍മം ഏറ്റവും മാതൃകാ പരമാണ് .
                 മാത്രമല്ല ഒരു അധ്യാപകനെക്കാള്‍ കഴിവുറ്റ കൈയടക്കത്തോടെ  കൂട്ടുകാരോട്  സംവദിക്കാനും പാമ്പുകളെ ജീവനോടെ പരിചയപ്പെടുത്തി പുത്തന്‍ അറിവുകള്‍ നിര്‍മ്മിക്കാന്‍ കൂട്ടായി വര്‍ത്തിക്കുകയും ചെയ്തത് തൂവലിന് പോലും അത്ഭുതം ഉണ്ടാക്കി .




ശ്രീ വാവ സുരേഷിനും ഇതു സംഘടിപ്പിച്ച എസ് ആര്‍ എസ് യു പി സ്കൂളിലെ ശ്രീ ജയചന്ദ്രന്‍ സാറിനും നന്ദി .......
അഭിമുഖത്തിലെ മുഴുവന്‍ വിശേഷങ്ങളും ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല .
ഓര്‍ക്കുക ..... 
       പാമ്പുകള്‍ ശത്രുക്കളല്ല മിത്രങ്ങളാണ് . പരിസ്ഥിതിയുടെ സംരക്ഷകരാണ് . അവയെ നമുക്ക് സംരക്ഷിക്കാം . .....അതിലൂടെ നമ്മുടെ പരിസ്ഥിതിയുടെ പരിപാവനത കാത്തു സൂക്ഷിക്കാം ...
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 


വാവ സുരേഷ്  -ഫോണ്‍ 9387974441 

വ്യാഴാഴ്‌ച, ജനുവരി 12, 2012

സഹവാസ ക്യാമ്പ്

ചിരിയും കളിയുമായി വാല്‍ കണ്ണാടി .....


                പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരുടെ കൂട്ടായ്മയാണ് വാല്‍ കണ്ണാടി . ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ 2012 ജനുവരി 12 , 13 തിയതികളില്‍ നടക്കുന്ന " വാല്‍ കണ്ണാടി "സഹവാസ ക്യാമ്പിന്റെ ആദ്യ ദിനം കൂട്ടുകാരുടെ പ്രതിഭകളുടെ തിളക്കം കൊണ്ട് സമ്പന്നമായിരുന്നു 
              കൂട്ടുകാരെ സ്വീകരിക്കുന്നതിനു വേണ്ടി ബി ആര്‍ സിയും പരിസരവും അണിയിചോരുക്കിയിരുന്നു .കൂട്ടുകാര്‍ വരച്ച ചിത്രങ്ങള്‍ കോപ്പി എടുത്ത്‌ നിറം നല്‍കി തോരണമാക്കിയിരുന്നു .നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു .വിവിധ നിറത്തിലുള്ള കോടികള്‍ നിരനിരയായി നിര്‍ത്തിയിരുന്നു .







              രാവിലെ 9 മണിക്ക് കൂട്ടുകാര്‍ എത്തിത്തുടങ്ങി . പ്രവര്‍ത്തന കിറ്റ് നല്‍കി ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ കൂട്ടുകാരെ സ്വീകരിച്ചു . പരിചയപ്പെടല്‍ ഫലപ്രദമായി നടന്നു . കൂട്ടുകാരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളാക്കി .




              നാടന്‍ പാട്ടിന്റെ മാധുര്യം നിറയുന്ന സെഷന്  ശ്രീ ജോയി നന്ദാവനം നേതൃത്വം നല്‍കി . കൂട്ടുകാര്‍ ആടിയുംപാടിയും ഒപ്പം ചേര്‍ന്നു .




               അടുത്ത് നടന്നത് ചിത്രം വരയാണ് . ചിത്രം വരയിലൂടെ മുഖം മൂടി നിര്‍മ്മിക്കാന്‍ കൂട്ടുകാരെ പഠിപ്പിച്ചത് വിജയകുമാര്‍ സാറാണ് 




                വൈകുന്നേരം ഉദ്ഘാടന സമ്മേളനം നടന്നു . ബ്ലോക്ക് മെമ്പര്‍ ശ്രീമതി കോമളം അധ്യക്ഷയായി .




ബി പി ഓ ശ്രീ സുരേഷ് ബാബു ചടങ്ങിനു സ്വാഗതം പറഞ്ഞു 




അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എ പി ശശികുമാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു 




പഞ്ചായത്ത് മെമ്പര്‍ ശ്രീമതി കുമാരി കൂട്ടുകാര്‍ക്ക് പഠനോപകരണ കിറ്റു നല്‍കി സ്വീകരിച്ചു 




എ ഇ ഓ ശ്രീ ഹൃഷികേശ് , അവണാകുഴി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു