ഞായറാഴ്‌ച, ജനുവരി 01, 2012

പോര്‍ട്ട്‌ ഫോളിയോ

പോര്‍ട്ട്‌ ഫോളിയോ എന്ത് ......എന്തിന്.........?


ഈ അധ്യന വര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷകള്‍ അടുത്ത് വരുന്നു . ഇതിനു വേണ്ട തീവ്ര പരിശീലനത്തിലാണ് കൂട്ടുകാരെല്ലാം എന്ന് തൂവലിനറിയാം .....ഈ പരീക്ഷകളില്‍ കൂട്ടുകാരുടെ മികവുകളുടെ കൈയൊപ്പായി പരിശോധിക്കപ്പെടുന്ന ഒന്നാണ് പോര്‍ട്ട്‌ ഫോളിയോ . ഇവ തയ്യാറാക്കി നന്നായി സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷം കൂട്ടുകാരും .


പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കി സൂക്ഷിക്കുന്നത് എന്തിന് ...?


നമ്മുടെ ജീവിതത്തില്‍ വ്യക്തിഗതമായ ഒട്ടേറെ മികവുകള്‍ നാം കൈവരിക്കാറുണ്ട്  . ഈ മികവുകളുടെ സാക്ഷ്യപത്രങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നത് വരും കാല ജീവിതത്തിന്റെ മെച്ചപ്പെടലിനും സ്വയം വിലയിരുത്തുന്നതിനും സഹായിക്കും . ഒന്നാം തരം മുതല്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍  , മികച്ച സൃഷ്ട്ടികള്‍ , ശേഖരങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ പോര്‍ട്ട്‌ ഫോളിയോയില്‍ ഉള്‍പ്പെടുത്താം . സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നതിനും കൂട്ടായ്മയിലൂടെയും സ്കൂളിലെ പ്രവര്‍ത്തനങ്ങളിലൂടെയും , മുതിര്‍ന്നവരുടെയും അധ്യാപകരുടെയും സഹായത്തോടെയും മുന്നേറുന്നതിനും തന്റെ സ്ഥാനം ഓരോ കൂട്ടുകാരനും സ്വയം നിര്‍ണ്ണയിക്കണം . സ്വയം പഠനത്തിനു വേണ്ടിയുള്ള പുരോഗതി രേഖയുടെ അളവുകോലായി പോര്‍ട്ട്‌ ഫോളിയോ ഇതിനു സഹായിക്കും . പുരാണങ്ങളില്‍ പോലും അറിവ് നിര്‍മ്മാണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.......
" ആചാര്യാത് പാദ മാദത്തെ 
  പാദം ശിഷ്യ സ്വമേധയാ 
  പാദം സ ബ്രഹ്മ ചാരിഭ്യ :
  പാദം കാല ക്രമേണ ച " 
                            അറിവ് നിര്‍മ്മിക്കുന്നത് കാല്‍  ഭാഗം അധ്യാപകനുമായി ചേര്‍ന്നും , കാല്‍ ഭാഗം ശിഷ്യന്‍ സ്വന്തമായിട്ടും , കാല്‍ ഭാഗം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സഹ പടിതാക്കളുമായി ചേര്‍ന്നും , കാല്‍ ഭാഗം കാല ക്രമേണയും ആയിരിക്കും എന്നാണ് നീതി സാരത്തിലെ ഈ ശ്ലോകത്തില്‍ സമര്‍ധിക്കുന്നത് .....എങ്കില്‍ ജീവിതം മുഴുവന്‍ നമ്മള്‍ അറിവ് നിര്‍മ്മിച്ച്‌ കൊണ്ടേയിരിക്കും . അപ്പോള്‍ ജീവിതം മുഴുവന്‍ സൂക്ഷിക്കേണ്ട വ്യക്തിഗത രേഖയായി പോര്‍ട്ട്‌ ഫോളിയോ മാറണം .
                          ഇപ്പോള്‍ കുട്ടികളായ നിങ്ങള്‍ ഓരോ ക്ലാസ്സിലും പങ്കെടുക്കുന്ന പഠന പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഉള്‍പ്പെടുത്തി പോര്‍ട്ട്‌ ഫോളിയോ  വികസിപ്പിക്കണം . എല്‍ എസ് എസ് , യു എസ് എസ് പരീക്ഷകളില്‍ യഥാക്രമം നാല് , ഏഴ് ക്ലാസ്സുകളിലെ പഠന തെളിവുകള്‍ മാത്രമേ മൂല്യ നിര്‍ണയത്തിനായി പരിഗണിക്കുകയുള്ളൂ .....


പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം 

 • ചേര്‍ത്തിട്ടുള്ള ഓരോ ഉല്പ്പന്നവും എങ്ങനെയാണ് രൂപപ്പെട്ടത്  , അതിന്റെ പരിമിതികള്‍ , ഇനിയും എങ്ങനെയാണ് മെച്ചപ്പെടെണ്ടത് എന്നതിനെ കുറിച്ച് സമഗ്രമായ ധാരണ ഉണ്ടായിരിക്കണം 
 • എല്ലാ ഉല്പന്നങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ണ്ണമായി നിങ്ങളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കപ്പെട്ടത് ആയിരിക്കണം 
 • എല്ലാ വിഷയങ്ങളിലും ഉള്ള മികവിന്റെ സൃഷ്ട്ടികള്‍ വൈവിധ്യമാര്‍ന്നവ ഉള്‍ചേര്‍ക്കണം 
 • ഉത്പന്നങ്ങള്‍ പരിശോധിക്കുമ്പോള്‍ പഠന പുരോഗതി ബോധ്യപ്പെടണം . ( ഉദാ :- വിവരണം ജൂണ്‍ മാസത്തില്‍ എഴുതിയതിനെക്കാള്‍ ഭാഷാ പരമായ മെച്ചപ്പെടല്‍ ഡിസംബര്‍ മാസത്ത്തിലുണ്ടാകണം ) 
 • ഏറ്റവും മെച്ചപ്പെട്ട / ഇഷ്ട്ടപ്പെട്ട സൃഷ്ട്ടികളെ കുറിച്ച് ധാരണകള്‍ സൂക്ഷിക്കണം 

എന്തൊക്കെ പഠന തെളിവുകള്‍ സൂക്ഷിക്കണം ....?

 • വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തമായ വ്യവഹാര രൂപങ്ങള്‍ ( കഥ , കവിത , അനുഭവകുറിപ്പുകള്‍ , വര്‍ണന , വിവരണം , സംഭാഷണം , യാത്രാവിവരണങ്ങള്‍ , ആത്മകഥ ,നോട്ടീസ് , നിരൂപണങ്ങള്‍ , ഡയറി കുറിപ്പ് , ........)
 • സ്വന്തമായി വരച്ച ചിത്രങ്ങള്‍ , ശേഖരങ്ങള്‍ , സ്വയം പ്രകാശനങ്ങള്‍ , സര്‍ഗാത്മക രചനകള്‍ 
 • വിലയിരുത്തുന്നതിന് സ്വന്തമായി വികസിപ്പിച്ച സൂചകങ്ങള്‍ , ടൂളുകള്‍ 
 • വര്‍ക്ക് ഷീറ്റുകള്‍ 
 • പരീക്ഷണ നിരീക്ഷണ കുറിപ്പുകള്‍ , പ്രോജെക്ട് റിപ്പോര്‍ട്ടുകള്‍ ,സെമിനാര്‍ പ്രബന്ധങ്ങള്‍ , സര്‍വേ റിപ്പോര്‍ട്ടുകള്‍ , ഫീല്‍ഡ് ട്രിപ്പ് റിപ്പോര്‍ട്ടുകള്‍ 
 • ദിനാഘോഷവുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ 
 • രൂപീകരിച്ച ഗണിത പസിലുകള്‍ ,പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , patterns , കുസൃതി കണക്കുകള്‍ ,........

പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ചൂണ്ടുവിരല്‍ ( learningpointnew.blogspot.com ) കാണുക 
അല്ലെങ്കില്‍ ........
ബാലരാമപുരം ബി ആര്‍ സി യുമായി ബന്ധപ്പെടുക ഫോണ്‍ 0471 - 2403464 , Email - brcblpm@gmail.കോം


എല്ലാ കൂട്ടുകാര്‍ക്കും ......
      തൂവലിന്റെ പുതു വത്സര ആശംസകള്‍ 
HAPPY 2012 

1 അഭിപ്രായം: