ബുധനാഴ്‌ച, ജൂലൈ 11, 2012

തൂവല്‍ നൂറാം ലക്കത്തിലേക്ക്

സുവര്‍ണ്ണ കാലത്തേയ്ക്ക് ഒരു തിരനോട്ടം........


                     ബാലരാമപുരം ബി ആര്‍ സി യുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയായ തൂവല്‍ തൊണ്ണൂറ്റിഒന്‍പതു ലക്കങ്ങള്‍ പിന്നിട്ടു കഴിഞ്ഞു . വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ മറ്റേതൊരു അക്കാദമിക സ്ഥാപനത്തിനും പകര്‍ത്താന്‍ കഴിയുന്ന ഒട്ടേറെ അദ്ധ്യാപനവുമായി ബന്ധപ്പെട്ട അറിവുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ഈ അറിവുകള്‍ പങ്കു വയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമമായാണ് ബ്ലോഗിനെ ഞങ്ങള്‍ കാണുന്നത് .....
                      തൂവലിന്റെ പ്രവര്‍ത്തനങ്ങള്‍ നൂറാം ലക്കത്തിലെയ്ക്ക് കടക്കുമ്പോള്‍ അതിനു ആവേശവും പിന്തുണയും നല്‍കിയ അധ്യാപകരെയും രക്ഷിതാക്കളെയും സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകരെയും കൂട്ടുകാരെയും ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു . ബി ആര്‍ സി യിലെയും എ ഇ ഓ ഓഫീസിലെയും പ്രവര്‍ത്തകരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഈ അക്കാദമിക മികവുകള്‍ക്ക് പിന്നില്‍ ...... ഈ മികവുകള്‍ക്ക് കൂട്ടായി വര്‍ത്തിച്ച ആറ്റിങ്ങല്‍ ഡയറ്റ് അംഗം ശ്രീമതി പ്രസന്നകുമാരി ടീച്ചറിന്റെ നിറസാന്നിധ്യം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല . ടീച്ചറിനെ ഒരു അധ്യാപക പരിശീലകന്‍റെ കുറിപ്പിലൂടെ പരിചയപ്പെടുത്തിക്കൊണ്ടാണ് തൂവലിന്റെ നൂറാം ലക്കം അവതരിപ്പിക്കുന്നത് . അധ്യാപകപരിശീലകനായ ശ്രീ അലി ഷെയ്ക്ക് മന്‍സൂറിന്റെ ഹൃദയത്തില്‍ തൊട്ട ഈ വാക്കുകള്‍ അധ്യാപനത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏതൊരാള്‍ക്കും ഒരു പാഠമാകുംതീര്‍ച്ച .........


ഈ ഗുരുദക്ഷിണ സദയം സ്വീകരിച്ചാലും ......
   
               2012 ജൂലൈ 11 നാണ് ഈ കുറിപ്പ്‌ തയാറാക്കുന്നത്  . ഞാന്‍ പ്രൈമറി അധ്യാപകനായി സേവനം തുടങ്ങിയിട്ട് എന്ന് 15 വര്ഷം തികയുന്നു . നമ്മുടെ ബി ആര്‍ സി യിലെ ബ്ലോഗായ തൂവലിന്റെ നൂറാം ലക്കവും  എന്ന് പ്രസിദ്ധീകരിക്കുകയാണ് .
               ഒന്നര പതിറ്റാണ്ട് കാലത്തെ ആഹ്ലാദകരമായ അധ്യാപന ജീവിതത്തില്‍ എന്നെ സ്വാധീനിച്ച വ്യക്തിത്വമേതെന്ന എന്റെ അന്വേഷണത്തില്‍ രണ്ടാമതൊരു ഉത്തരമില്ല .അറിവിന്റെയും അക്ഷര സ്നേഹത്തിന്റെയും അണയാത്ത അഗ്നിജ്വാലകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ എന്റെ പ്രിയപ്പെട്ട പ്രസന്നടീച്ചര്‍ ...... അതുകൊണ്ട് തന്നെ തൂവലിന്റെ ഈ ലക്കം ടീച്ചര്‍ക്ക് സമര്‍പ്പിക്കുകയാണ്
            1997 ജൂലൈ മാസത്തിലാണ് ഞാന്‍ ടീച്ചറിനെ പരിചയപ്പെടുന്നത് . അധ്യാപകനായ ഞാന്‍ ക്രമേണ ബി ആര്‍ സി പരിപാടികളില്‍ പങ്കാളിയായി . എല്ലായ്പ്പോഴും ടീച്ചറുടെ സജീവ സാന്നിധ്യം ഞങ്ങളില്‍ ആവേശം പകര്‍ന്നിരുന്നു . അവണാകുഴി ഗവ . എല്‍ പി എസിലെ രണ്ടാം നിലയിലാണ് ബി ആര്‍ സി പ്രവര്‍ത്തനം തുടങ്ങിയത് ഇന്നു കാണുന്ന തരത്തില്‍ ബി ആര്‍ സി യെ മാറ്റുന്നതില്‍ ടീച്ചര്‍ വലിയ പങ്കാണ് വഹിച്ചത്‌ . അന്നും ഇന്നും അക്കാദമിക രംഗത്തെ നിറസാന്നിധ്യമാണ് ടീച്ചര്‍ .
            1997-99 കാലം മാറുന്ന കരിക്കുലത്തിനെതിരെ വിമര്‍ശനമുയരുന്ന കാലം . ഇതിനെതിരെ ഒരു മനസ്സായി ഞങ്ങള്‍ യത്നിച്ചു .നേതൃത്വ നിരയില്‍ പ്രസന്നടീച്ചറും.... സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചായിരുന്നു ആദ്യപോരാട്ടം .പിന്നീടങ്ങോട്ട് പോസ്റ്റര്‍ പ്രചരണം , തെരുവ് നാടകങ്ങള്‍ , സെമിനാറുകള്‍ , പൊതുചര്‍ച്ചകള്‍ അങ്ങനെ എന്തെല്ലാം .....
             1998 നവംബര്‍ 11 ന് പരിശീലകനായി ബി ആര്‍ സി യിലെത്തിയശേഷമാണ് ടീച്ചറിന്റെ അക്കാദമിക യൗവ്വനത്തിന്റെ പ്രസരിപ്പ് ഞാന്‍ തിരിച്ചറിയുന്നത് . ഞങ്ങള്‍ പത്തുപേര്‍ ...... മക്കളെല്ലാം പൊതു വിദ്യാലയത്തില്‍ .....കാരണവരായി പി കെ തുളസീധരന്‍ സാറും ഭരണച്ചുമതല ഡോ . ആര്‍ ജെ ഹെപ്സി ജോയി ടീച്ചര്‍ക്കും ( സി എസ്‌ ഐ ബിഷപ്പ്‌ ഡോ ഗ്ലാസ്റ്റെന്‍ തിരുമേനിയുടെ സഹധര്‍മ്മിണി )
            അവധിക്കാല അധ്യാപക പരിശീലനമായിരുന്നു എക്കാലത്തെയും ഞങ്ങളുടെ ആവേശം ...രാവേറെ നീളുന്ന അക്കാദമിക ചര്‍ച്ചകളും ആസൂത്രണവും . സെഷനുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ ടീച്ചര്‍ അനുവദിക്കാറില്ല . മൊഡ്യൂളിലെ എല്ലാ സെഷനും തന്റേതാക്കി ട്രെയിനിംഗ് മാന്വലില്‍ എഴുതി ഓരോ സെഷനായി പ്ലാനിങ്ങില്‍ അവതരിപ്പിക്കണം . ചോദ്യങ്ങള്‍ തര്‍ക്കങ്ങള്‍ , ചര്‍ച്ചകള്‍ , മറുപടികള്‍ ..... പിന്നീട് തീരുമാനിക്കും ആര് ഏതു സെഷന്‍ എടുക്കണമെന്ന് ....... ഇതായിരുന്നു രീതി . പിന്നീട് അധ്യാപക പരിശീലനത്തില്‍ ആശങ്കകളില്ലാതെ സെഷനുകള്‍ നയിക്കാന്‍ ഇതു ഞങ്ങളെ ഏറെ സഹായിച്ചു .
ഇനി ഒരു കഥയിലേക്ക്..........
              ഒരു നാട്ടു രാജ്യത്ത്‌ മഴ പെയ്തിട്ടു വര്‍ഷങ്ങളായി .വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി . മഴ പെയ്യിക്കാനുള്ള മാര്‍ഗം രാജാവ്‌ മന്ത്രിയോട്‌ ആരാഞ്ഞു . യാഗം നടത്തണമെന്നായിരുന്നു ഉപദേശം . രാജ്യത്തെ ആബാലവൃദ്ധംജനങ്ങളും യാഗം നടന്ന തുറന്ന മൈതാനത്ത്‌ ഒത്തു കൂടി . മാനം കറുത്തു . കാറ്റ് ശക്തിയായി വീശി . കോരിച്ചൊരിയുന്ന മഴ എല്ലാവരും നനയുന്നു .ഒരു വന്ദ്യവയോധികന്‍ മാത്രം കുട ചൂടി മഴ നനയാതെ നില്‍ക്കുന്നു . എല്ലാവരും അയാളുടെ ചുറ്റും കൂടി .അവര്‍ ചോദിച്ചു . താങ്കള്‍ എന്തിനാണ് കുടയുമായി വന്നത് ? അദ്ദേഹം പറഞ്ഞു " ഞാന്‍ മഴ പെയ്യിക്കാനുള്ള യാഗത്തിനാണ് വന്നത് . അതുകൊണ്ട് ഒരു കൂട കൂടി  കരുതി " . കഥയിലെ ഈ വയസ്സായ മനുഷ്യനെപ്പോലെ അധ്യയന ജീവിതത്തിലുടനീളം എനിക്ക് അല്ല ഞങ്ങള്‍ക്ക്‌ ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയായിരുന്നു ടീച്ചര്‍ .....
           എന്നെ വര്‍ത്തമാനം പറയാന്‍ പഠിപ്പിച്ചത് ടീച്ചറാണ് . ക്ഷുഭിതയൗവനത്തിലാണ് ഞാന്‍ അധ്യാപക പരിശീലകനായത് . അധ്യാപകരുടെ ഇടയില്‍ വലിയ ആളാകാമെന്നായിരുന്നു മോഹം .പക്ഷെ ടീച്ചറുമായുള്ള ഓരോ കണ്ടുമുട്ടലുകളിലും നന്നായി പഠിക്കാനും സെഷനുകള്‍ കൈകാര്യം ചെയ്യാനും അധ്യാപകരുടെ അംഗീകാരം നേടാനും സ്നേഹത്തോടെ പറയുമായിരുന്നു . ഇപ്പോഴും ഓരോ പരിശീലനത്തിന് പോകുമ്പോഴും സെഷനുകള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും ഞാന്‍ ടീച്ചറിനെ വിളിക്കും . മനസ്സുകൊണ്ടെങ്കിലും അനുഗ്രഹിക്കണമെന്ന പ്രാര്‍ത്ഥനയോടെ ........
            സമയം നോക്കി ജോലിക്കെത്തരുതെന്ന്‍ ടീച്ചര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു .ജോലി പൂര്‍ത്തിയാക്കിയാല്‍ ഓഫീസില്‍ ഇരിക്കരുതെന്നും , ജോലി പാതിവഴിയിലാക്കി മടങ്ങരുതെന്നുംടീച്ചര്‍ എന്നെ പഠിപ്പിച്ചു . എത്രയോ ദിവസം രാത്രി ഒന്‍പതു മണിക്ക്ശേഷം ടീച്ചര്‍ വീട്ടിലേയ്ക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . പരിശീലനങ്ങള്‍ ഏറ്റെടുക്കുന്ന ആര്‍ജ്ജവം കൊണ്ടാവാം എല്ലാം ആദ്യമെത്തുന്നത് ഞങ്ങളെ തേടിത്തന്നെ .പ്രിന്‍സിപ്പല്‍ കേശവന്‍പോറ്റി സാറും സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ടീച്ചറോട് മറുവാക്ക് പറയാറില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു .
           ഒന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു .... സൗഹൃദത്തിന്റെ പുതിയ കനല്‍കൂട്ടങ്ങള്‍ . കേരളമാകെ സുഹൃത്തുക്കള്‍ . സബ്ജില്ലയിലെ 1200 ഓളം അധ്യാപകര്‍ എന്നെ തിരിച്ചറിയുന്നു . ടീച്ചറോടൊപ്പം ഞങ്ങളും വളര്‍ന്നു . 1998 ലെ കിങ്ങിണിക്കൂട്ടം അധ്യാപക പരിശീലനത്തിനിടെ എനിക്ക് ലഭിച്ച മകന്‍ ഇന്നു പത്താം ക്ലാസ്സിലാണ് . ഇളയ മകന്‍ എട്ടാം തരത്തിലും . രണ്ടു മക്കളെയും പൊതു വിദ്യാലയത്തില്‍ പഠിപ്പിച്ച ടീച്ചറുടെ പാത ഞാനും പിന്തുടര്‍ന്നു .രണ്ടു മക്കളും ബാലരാമപുരത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു .
           മികവുകളും അംഗീകാരങ്ങളും തേടി ഞങ്ങളുടെ ബി ആര്‍ സി ജൈത്രയാത്ര തുടരുകയാണ് ....ഡോ .ആര്‍ ജെ ഹെപ്സി ജോയ്‌ മുതല്‍ ആര്‍ സുരേഷ് ബാബു വരെ എത്രയോ ഭരണാധികാരികള്‍ ...പത്താം ക്ലാസ്സിലെ എന്റെ ടീച്ചര്‍ എന്‍ ആര്‍ വിജയന്‍ മുതല്‍ എ എസ്‌ ഹൃഷികേശ് വരെ എത്ര എ ഇ ഓ മാര്‍ ....അക്കാദമിക്‌ ചുമതല ഒരു ഇടവേളയില്‍ ടീച്ചറില്‍ നിന്നും  മാറ്റിയത്‌ ഞങ്ങള്‍ക്ക് വേദന സമ്മാനിച്ചെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു . ഡയറ്റ്‌ അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക വരുമ്പോള്‍ ഞങ്ങള്‍ ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കും ടീച്ചറിന്റെ പേര് ഉണ്ടാവരുതേയെന്ന്‍.................. ......... ....
           കാലം മാറി ... ഞാനുള്‍പ്പെടെ എന്റെ സഹപ്രവര്‍ത്തകര്‍ അധ്യാപന ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ..... മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ കുറെ വിദ്യാലയങ്ങളും നല്ല മനസുള്ള കുറെ അധ്യാപകരും രക്ഷിതാക്കളും ...... മനസ്സിലെ ഈ ആള്‍കൂട്ടത്തിനിടയില്‍ രജതശോഭ പരത്തി എന്‍റെ പ്രിയപ്പെട്ട ഗുരുനാഥ പ്രസന്ന ടീച്ചറും ..... 
പ്രിയ ടീച്ചര്‍ ....ആയുരാരോഗ്യ സൗഖ്യം നേരുന്നു ........ഇനി ഒന്നും പറയാനില്ല .....
ഈ ഗുരുദക്ഷിണ  ബി ആര്‍ സി യിലെ എല്ലാ ശിഷ്യന്മാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സദയം സ്വീകരിച്ചാലും .........

                             സ്നേഹപൂര്‍വ്വം 
                    
                     എ എസ് മന്‍സൂര്‍ 
                        ട്രെയിനെര്‍
         ബി ആര്‍ സി ബാലരാമപുരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ