വ്യാഴാഴ്‌ച, ജൂൺ 28, 2012

ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍

ശാസ്ത്ര ക്ലബ്ബുകള്‍ക്കൊരു പ്രവര്‍ത്തനപദ്ധതി.....

            ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ നടന്ന സയന്‍സ് സ്പോണ്‍സര്‍മാരുടെ ഏകദിന കൂടിച്ചേരലില്‍ ശാസ്ത്രക്ലബ്ബുകളുടെ വരും വര്‍ഷത്തെ പ്രവര്ത്തനപരിപാടികള്‍ ആസൂത്രണം ചെയ്തു . ഒരു ശാസ്ത്ര അദ്ധ്യാപകന്‍ കൂടിയായ എ ഇ ഓ ശ്രീ ഹൃഷികേശ് സമഗ്രമായ ഒരു പ്രവര്‍ത്തനപദ്ധതി അവതരിപ്പിച്ചു .
ശാസ്ത്രക്ലബ്ബ്  - പ്രവര്‍ത്തന പദ്ധതി
ലക്ഷ്യങ്ങള്‍

  • ശാസ്ത്രബോധം കൂട്ടുകാരില്‍ സൃഷ്ട്ടിക്കുക
  • ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവര്‍ത്തന മാതൃകകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക
  • കൂട്ടുകാരില്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ , ശാസ്ത്രീയ വിവരങ്ങള്‍ രേഖപ്പെടുത്തല്‍ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വര്‍ധിപ്പിക്കുക
  • സ്കൂള്‍ / ഉപജില്ല / ജില്ല തലങ്ങളില്‍ ശാസ്ത്ര പ്രദര്‍ശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
  • പൊതുവായ സ്കൂള്‍ തല ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമാര്‍ന്നവ സംഘടിപ്പിക്കുക


ശാസ്ത്ര പഠന ശേഷികള്‍

  • സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണ പാടവം
  • ശാസ്ത്രാവബോധം
  • ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി ( തെളിവിന്റെ അടിസ്ഥാനത്തില്‍ ) വിശകലനം ചെയ്യാനുള്ള കഴിവ്
  • നിര്‍മ്മിക്കുന്ന അറിവുകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവ്
  • നിഗമനങ്ങള്‍ ശാസ്ത്രീയമായി രൂപീകരികാനുള്ള കഴിവ്
  • യുക്തിചിന്ത
  • വസ്തുനിഷ്ഠമായ അന്വേഷണം


ഒരു ശാസ്ത്ര ക്ലബ്ബ്‌ എങ്ങനെ പ്രവര്‍ത്തിക്കണം ?

  • ഓരോ ക്ലാസിലെയും ശാസ്ത്ര പഠനത്തില്‍ താല്പര്യമുള്ള കൂട്ടുകാരെ ജനാധിപധ്യ രീതിയില്‍ ക്ലബ്ബ്‌ അംഗങ്ങളായി തെരഞ്ഞെടുക്കണം 
  • കൂട്ടുകാരുടെ നേതൃത്വത്തില്‍ ആകണം ക്ലബ്ബ്‌ പ്രവര്‍ത്തിക്കേണ്ടത് . ക്ലബ്ബിനു ഒരു പ്രസിഡണ്ട്‌ , സെക്രട്ടറി എന്നിവരെ കൂട്ടുകാരില്‍ നിന്നും തെരഞ്ഞെടുക്കണം 
  • ക്ലബ്ബ്‌ യോഗങ്ങളുടെ നിയന്ത്രണം പ്രസിടെന്റിന്റെ ചുമതലയായിരിക്കും 
  • റിപ്പോര്‍ട്ട് എഴുതി സൂക്ഷിക്കുക , അവതരിപ്പിക്കുക , അംഗങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കല്‍ , ശാസ്ത്ര ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവ സെക്രട്ടറിയുടെ ചുമതലയായിരിക്കും 
  • ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ / ക്ലാസ്സ്‌ തലത്തില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ , ദിനാഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കേണ്ടതാണ് 
  • ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ഓരോരുത്തരും ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലിനായി ഒരു നോട്ടു ബുക്ക്‌ ( ഡയറി ) സൂക്ഷിക്കേണ്ടതാണ് . ഇതിലെ രേഖപ്പെടുത്തലുകള്‍ , പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്ലാസ്സിലെ മറ്റു കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കുന്ന ചുമതല ക്ലബ്ബ്‌ അംഗങ്ങളില്‍ നിക്ഷിപ്തമാണ് 
  • ക്ലാസ്സ്‌ സമയം നഷ്ട്ടപ്പെടാതെ ആഴ്ചയില്‍ ഒരു ദിവസം ഉച്ച ഭക്ഷണ ഇടവേളകളിലോ വൈകുന്നേരമോ ക്ലബ്ബ്‌ മീറ്റിങ്ങുകള്‍ കൃത്യമായി കൂടണം 
  • ക്ലബ്ബ്‌അംഗങ്ങളെ സഹായിക്കാന്‍ ക്ലബ്ബിന്റെ പ്രാധാന്യവും നടക്കുന്ന പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട രക്ഷിതാക്കളെ രേഖാമൂലമോ നേരിട്ടോ അറിയിക്കുന്നതും നന്നായിരിക്കും 
  • ഓരോ ക്ലബ്ബ്‌ യോഗങ്ങളിലും വൈവിധ്യമാര്‍ന്ന പ്രവര്ത്തനങ്ങളായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്‌  . പരീക്ഷണങ്ങള്‍ , ശാസ്ത്ര പ്രോജക്റ്റുകള്‍ , നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ , പഠന യാത്രകള്‍ , ശാസ്ത്ര സെമിനാറുകള്‍ , ശാസ്ത്ര ക്ലാസ്സുകള്‍ , ശാസ്ത്ര വാര്‍ത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകള്‍ , ശാസ്ത്ര സംവാദങ്ങള്‍ ..... എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുയോജ്യമായവ ഇതിനു വേണ്ടി നടപ്പിലാക്കണം 
  • ശാസ്ത്ര പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ അധ്യാപകരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കണം ( ഉദാ - പ്രയാസമുള്ള ശാസ്ത്ര ആശയങ്ങളില്‍ അറിവ് നിര്‍മ്മിക്കുന്നതിന് സഹായകമായ വര്‍ക്ക് ഷീറ്റുകള്‍ , ഉദാഹരണ സഹിതമുള്ള കുറിപ്പുകള്‍ , ചാര്‍ട്ടുകള്‍ , പരീക്ഷണങ്ങള്‍ ,സ്വയം പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ) 
  • കൂട്ടുകാരുടെ സൃഷ്ട്ടികള്‍ , മികവുകള്‍ , അനുഭവങ്ങള്‍ എന്നിവ കോര്‍ത്തിണക്കി പത്രങ്ങള്‍ , പോസ്റ്റര്‍ ,മാഗസിനുകള്‍ എന്നിവ തയ്യാറാക്കേണ്ടതാണ് 
  • ശാസ്ത്ര ലാബ് ഭംഗിയായി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കണം . ഉപകരണങ്ങളുടെ പേര് , ഉപയോഗ സാധ്യതകള്‍ , എന്നിവയെ സംബന്ധിച് സമഗ്രമായ ധാരണ കൂട്ടുകാര്‍ക്ക് നല്‍കണം . ബന്ധപ്പെട്ട പരീക്ഷനപ്രവര്ത്തനങ്ങള്‍ക്കും മറ്റും സ്വയം ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തി ക്രമീകരിക്കാന്‍ ഇതു അവരെ സഹായിക്കും 
  • ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായ ടീച്ചര്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തല്‍ തന്റെ ടീച്ചിംഗ് മാന്വലിന്റെ ഭാഗമാക്കണം . മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര അധ്യാപകരുമായി ( science subject council ) കൂടി ആലോചിച്ചശേഷം ആസൂത്രണം ചെയ്തു എസ് ആര്‍ ജി യില്‍ അവതരിപ്പിക്കേണ്ട ചുമതല കണ്‍വീനറില്‍ നിക്ഷിപ്തമാണ് 
  • ക്ലബ്ബ്‌യോഗങ്ങളുടെ മേല്‍നോട്ടം കണ്‍വീനറുടെ ചുമതലയാണ് . അജണ്ട തീരുമാനിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഫലപ്രദമായി നടത്തണം 
  • ക്ലബ്ബ്‌യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ നടത്താനും കൂട്ടുകാര്‍ക്ക് അവസരമൊരുക്കണം . വിലയിരുത്തലുകള്‍ ക്രോഡീകരിച്ച് ഗുണാത്മക രീതിയില്‍ അധ്യാപികയും യോഗങ്ങളില്‍ സംസാരിക്കണം 
  • ശാസ്ത്രപദങ്ങളുടെ വ്യഖ്യാനങ്ങള്‍ക്കുള്ള അവസരങ്ങളും ക്ലബ്ബു യോഗങ്ങളില്‍ ഉണ്ടാകണം 




ബാലരാമപുരം ഉപജില്ല ശാസ്ത്ര അവാര്‍ഡുകള്‍ 


ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ശാസ്ത്ര ക്ലബ്ബുകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് . മത്സരിക്കാന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ മുന്‍കൂട്ടി എ ഇ ഓ യെ രേഖാമൂലം അറിയിക്കണം . അറിയിക്കുന്ന വിദ്യാലയങ്ങളില്‍ മുന്നറിയിപ്പില്ലാതെ എ ഇ ഓ ,ബി പി ഓ , വിഷയ വിദഗ്ധന്‍ , ഡയറ്റ്‌ അംഗം എന്നിവരുടെ ആഭിമുഖ്യത്തില്‍ സന്ദര്‍ശനം നടത്തും . സന്ദര്‍ശനം നടത്തുമ്പോള്‍ ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ , രേഖകള്‍ , ശാസ്ത്രപ്രവര്ത്തനങ്ങളിലെ മികവുകള്‍ , കൂട്ടുകാരുടെ ശാസ്ത്രവുമായി ബന്ധപ്പെട്ട സൃഷ്ട്ടികള്‍ , കൂട്ടുകാരുടെ ശാസ്ത്രപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധം , ശാസ്ത്ര ലാബിന്റെ സജ്ജീകരണം , പ്രവര്‍ത്തനം എന്നിവ പരിശോധിക്കും 
                 മല്‍സരത്തില്‍ പങ്കെടുക്കാത്ത വിദ്യാലയങ്ങളിലും ഇത്തരം വിലയിരുത്തലുകള്‍ നടത്തുന്നതാണ് . സ്കൂള്‍ മോനിട്ടരിങ്ങിന്റെ ഭാഗമായി ഏവ സംഘടിപ്പിക്കുകയും ഓരോ വിദ്യാലയത്തിന്റെയും ശാസ്ത്ര പ്രവര്‍ത്തന നിലവാരത്തെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ് .
                 പാറശാല സബ്ജില്ലയിലെ കുന്നത്തുകാല്‍ യു പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള ശാസ്ത്ര പരീക്ഷണ ശാല സന്ദര്‍ശിക്കാന്‍ സ്പോന്സര്മാരുടെ യോഗം തീരുമാനമെടുത്തു . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ