ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

മഹനീയം ഈ സാന്നിദ്ദ്യം


ഇന്ന് വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സ്കൂള്‍ തല ബോധവല്‍ക്കരണ പരിപാടി .വെള്ളിയാഴ്ച ആയതിനാല്‍ 2 മണിക്കാണ് രക്ഷിതാക്കളുമായി ചര്‍ച്ച തീരുമാനിച്ചിരുന്നത് .1:45 ന് തന്നെ ഞാന്‍ അവിടെ എത്തി .ഹാളില്‍ നൂറില്‍ കൂടുതല്‍ രക്ഷിതാക്കള്‍.ഒരു വശത്ത് ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട് . ഹാളില്‍ എല്‍.സി.ഡി.യും രക്ഷിതാക്കളെ സ്വീകരിക്കാന്‍ അധ്യാപകരും. എനിക്ക് മുമ്പേ വേദിയില്‍ പി.ടി.എ പ്രസിഡണ്ട്‌ എത്തിയിരുന്നു. പ്രധാന അധ്യാപിക ശ്രീലത ടീച്ചര്‍ എന്നെ സ്നേഹത്തോടെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.വേദിയിലിരുന്ന ഞാന്‍ സദസ്സിലേക്ക് നോക്കിയപ്പോള്‍ വെങ്ങാനൂരിന്റെ  പ്രിയപ്പെട്ട ഗുരുനാഥന്‍ രാമകൃഷ്ണന്‍നായര്‍ സര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ എഴുന്നേറ്റ് സാറിന്റെ അടുത്ത സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

                  രാമകൃഷ്ണന്‍നായര്‍ സാറിനെ ഞാന്‍ 1997ലാണ് പരിചയപ്പെടുന്നത്.1987ലാണ് സര്‍ അധ്യാപന ജോലിയില്‍നിന്നു വിരമിച്ചത്.എത്രയെത്ര ശിഷ്യന്മാരാണ് ഈ ഗുരുവിനുള്ളത്.അനന്ത വിശാലമായ ശാസ്ത്ര സത്യങ്ങളിലേക്ക്‌ കുട്ടികളെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി.മുടിപ്പുരനട എല്‍.പി.എസില്‍ എനിക്ക് ക്ലസ്റര്‍ ചുമതല ഉണ്ടായിരുന്നപ്പോള്‍ സ്കൂളിലെതുമ്പോള്‍ മുന്‍വശത്തെ വീട്ടില്‍ സാറിനെ തേടി ഞാന്‍ പോകുമായിരുന്നു.വികസനത്തിന്റെയും വിജയത്തിന്റെയും ഒരുപാട് കഥകള്‍ സര്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.

മുടിപ്പുരനട സ്കൂളിന്റെ വികസനം അദ്ദേഹം നേരില്‍കാണുക മാത്രമല്ല പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.ആക്ടിവിറ്റി സെന്ററും പെടഗോജി പാര്‍ക്കും എല്ലാം നന്നായി ഒരുക്കാന്‍ സാറിന്റെ നിര്‍ദേശങ്ങള്‍ സഹായിച്ചിട്ടുണ്ട്.നഷ്ടപ്പെടലുകളുടെ കഥയും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്ടന്‍ ജെറി പ്രേംരാജ് സാറിന്റെ ശിഷ്യനായിരുന്നു.പട്ടാളത്തില്‍ ചേരുന്നതിന് ഒരു നാട്ടുകാരന്‍ പരിചയപ്പെടുത്തണം എന്നു മിലിട്ടറി ഉദ്ധ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ജെറി പറഞ്ഞത് സാറിന്റെ പേരായിരുന്നു.
                    ഞാന്‍ ഓരോന്ന് ഓര്‍ത്തിരുന്നപ്പോള്‍ സാറിന്റെ പ്രസംഗം തുടങ്ങിയിരുന്നു.അവകാശനിയമത്തെ കുറിച്ച് ഒന്നുമാര്യില്ലെന്നു വിനയത്തോടെ അദ്ദേഹം പറഞ്ഞു.ഒരു മണിക്കൂര്‍ ഞാന്‍ രക്ഷിതാക്കളുമായി വര്‍ത്തമാനം പറഞ്ഞു.ആകാംക്ഷ നിറഞ്ഞ ഒരു കുഞ്ഞിന്റെ കണ്ണിലെ തിളക്കം പോലെ സര്‍ എല്ലാം കേട്ടിരുന്നു.സര്‍വീസില്‍ നിന്നു വിരമിച്ച് രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂര്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ശാസ്ത്ര ക്ലാസ് എടുക്കുന്ന സജീവ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സാറിന്റെ സാനിദ്ധ്യം കൊണ്ട് ഈ ക്ലാസ് സാര്‍ത്ഥകമായി .


                                                                                          എ.എസ്.മന്‍സൂര്‍
                                                                                                 ട്രെയിനര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ